നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് പെയ്ത തുലാവർഷ മഴ സർവ്വകാല റെക്കോർഡിൽ

  സംസ്ഥാനത്ത് പെയ്ത തുലാവർഷ മഴ സർവ്വകാല റെക്കോർഡിൽ

  ലഭിക്കേണ്ട മഴയെക്കാൾ 106 ശതമാനം കൂടുതൽ മഴ കേരളത്തിൽ ലഭിച്ചു

  കാലാവസ്ഥ റിപ്പോർട്ട്

  കാലാവസ്ഥ റിപ്പോർട്ട്

  • Share this:
  തിരുവനന്തപുരം: കേരളത്തിൽ തുലാവർഷ മഴ (Northeast monsoon) പകുതി ദിവസം കഴിയുമ്പോൾ തന്നെ സർവ്വകാല റെക്കോർഡ് മറി കടന്നു. ഒക്ടോബർ 1 മുതൽ നവംബർ 16 വരെ കേരളത്തിൽ ലഭിച്ചത് 855 മില്ലീമീറ്റർ മഴയാണ്. 2010 ൽ ലഭിച്ച  822.9 mm മഴയാണ് ഇതുവരെയുള്ള ഏറ്റവും വലിയ റെക്കോർഡ്. ഇതാണ് ഇത്തവണ പകുതി ദിവസം കൊണ്ട് മറികടന്നത്.

  92 ദിവസമാണ് തുലാവർഷം നീണ്ടു നിൽക്കുന്നത്. ഈ ദിവസങ്ങളിൽ ലഭിക്കേണ്ടത് 414.3 മില്ലീമീറ്റർ മഴയാണ്. അതായത് ലഭിക്കേണ്ട മഴയുടെ 106 ശതമാനം കൂടുതൽ മഴ കേരളത്തിൽ ലഭിച്ചു കഴിഞ്ഞു. എല്ലാ ജില്ലകളിലും ലഭിക്കേണ്ട മഴയുടെ വലിയ അളവ് മഴ കൂടുതൽ ലഭിച്ചു. 1461 മില്ലീമീറ്റർ മഴ ലഭിച്ച പത്തനംതിട്ടയിലാണ് കൂടുതൽ ലഭിച്ചത്. ലഭിക്കേണ്ടതിന്റെ 193 ശതമാനം കൂടുതൽ മഴ പത്തനംതിട്ടയിൽ ലഭിച്ചു. കൊല്ലത്ത് 1059 മില്ലീമീറ്റർ മഴ പെയ്തു.

  കണ്ണൂരിൽ 130 ശതമാനവും, കോഴിക്കോട് 121 ശതമാനവും കാസർകോട് 118 ശതമാനവും കൂടുതൽ മഴ ലഭിച്ചു. ആലപ്പുഴയിൽ മാത്രമാണ് താരതമ്യേന കുറവ് മഴ ലഭിച്ചത്. ഇവിടെ 59 ശതമാനമാണ് കൂടുതൽ പെയ്തത്.

  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വർഷത്തെ റെക്കോർഡ് പ്രകാരം തുലാവർഷ മഴ 800 mm കൂടുതൽ ലഭിച്ചത് ഇതിനു മുൻപ് രണ്ട് തവണ മാത്രമാണ്. 2010ലും 1977 ലും തുലാവർഷം 800 മില്ലീമീറ്റർ കടന്നിരുന്നു. അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു.

  സീസണിൽ 47 ദിവസത്തിനിടെ രൂപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണ് ഇത്. കർണാടക തീരത്തിന് സമീപം മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. കർണാടകക്കും വടക്കൻ കേരളത്തിനും സമീപം മധ്യ കിഴക്കൻ-തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു.  തുടർന്ന് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 48 മണിക്കൂറിൽ  ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

  വടക്കു ആൻഡമാൻ കടലിൽ ഉള്ള ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു അടുത്ത 24   മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു ശക്തമായ ന്യൂനമർദ്ദം (well marked low pressure) ആകാൻ സാധ്യത. തുടർന്ന്  പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്‌ നവംബർ 18 ഓടെ മധ്യ പടിഞ്ഞാറ് -തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ എത്തി തെക്ക് ആന്ധ്രാ പ്രദേശ്- വടക്കു തമിഴ്നാട്  തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്.  ചക്രവാതചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ ഇന്നും നാളെയും വ്യാപകമായ മഴക്കും വടക്കൻ കേരളത്തിലും മലയോര പ്രദേശങ്ങളിലും  ഒറ്റപ്പെട്ട അതിശക്ത/ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  കേരള - ലക്ഷദ്വീപ് തീരത്ത് നവംബർ 16 നും, വടക്കൻ കേരള തീരത്ത് നവംബർ 16 വരെയും, കർണാടക തീരത്ത് നവംബർ 17 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്നും മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  വിവിധ കാലാവസ്ഥ ഏജൻസികൾ കേരളത്തിൽ രണ്ട് ദിവസം മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം അടുത്ത രണ്ട് ദിവസം കേരളത്തിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യത. ഇന്നും നാളെയും  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

  കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ  NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM  കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന്  മധ്യ - വടക്കൻ കേരളത്തിലും നാളെ വടക്കൻ കേരളത്തിലും ശക്തമായ മഴ സാധ്യത പ്രവചിക്കുന്നു.

  National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്നും നാളെയും കേരളത്തിൽ മിതമായ മഴയ്ക്ക് സാധ്യത. European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നും നാളെയും വടക്കൻ കേരളത്തിൽ ശക്തമായ മഴ സാധ്യതയുണ്ട്. സ്വകാര്യ  ഏജൻസിയായ IBM weather ഇന്ന്  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്  ജില്ലകളിൽ അതിശക്ത മഴയ്ക്ക് സൂചന നൽകുന്നു.
  Published by:user_57
  First published:
  )}