അത്യാഹിത വിഭാഗത്തിലെത്തിയ 'ആളറിയാത്ത' കൗമാരക്കാരന്റെ മൃതദേഹം ഏറ്റുവാങ്ങിയത് നഴ്‌സായ ഉമ്മ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ജീവനില്ലാതെ മുന്നിൽ എത്തിയത് തന്റെ മകനാണെന്ന് മനസിലായ നഴ്സായ ഉമ്മ ബോധമറ്റ് കുഴഞ്ഞുവീണു
തൃശ്ശൂർ: ചേതനയറ്റ ശരീരങ്ങൾ ഏറ്റുവാങ്ങുന്നത് ആശുപത്രി ജീവനക്കാരായ നഴ്സുമാരുടെ ജീവിതത്തിലെ നിത്യസംഭവമാണ്. എന്നാൽ അത് പ്രിയപ്പെട്ടവരുടേതാകുന്നത് അത്ര സാധാരണമല്ല. വ്യാഴാഴ്ച പെരുമ്പിലാവ് അൻസാർ ആശുപത്രിയാണ് അത്തരത്തിൽ ഹൃദയഭേദകമായ ഒരു കാഴ്ചക്ക് സാക്ഷ്യംവഹിച്ചത്.
അൻസാർ ആശുപത്രിയിൽ നഴ്‌സായ കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ സുലൈഖയ്ക്ക് അപ്പോൾ അത്യാഹിത വിഭാഗത്തിലായിരുന്നു ഡ്യൂട്ടി.
രാവിലെ പത്തരയോടെ മുന്നിലെത്തിയ 15കാരന്റെ മൃതശരീരം കണ്ട് അവർ സ്തംഭിച്ചുപോയി. സ്വന്തം മകൻ അൽ ഫൗസാനാണ് ജീവൻ നഷ്ടപ്പെട്ട് മുന്നിലെത്തിയതെതെന്ന് അവർക്ക് വിശ്വസിക്കാനായില്ല.
വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ അൽ ഫൗസാനെ സമീപത്തെ അൻസാർ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അപകടസ്ഥലത്തുള്ളവരോ ആശുപത്രിയിൽ എത്തിച്ചവരോ കുട്ടിയെ തിരിച്ചറിഞ്ഞിരുന്നില്ല. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തുമ്പോഴേക്കും അൽ ഫൗസാൻ മരണത്തിന് കീഴടങ്ങിയിരുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുലൈഖയാണ് മൃതദേഹമേറ്റു വാങ്ങിയത്.
advertisement
ജീവനില്ലാതെ മുന്നിൽ എത്തിയത് മകനാണ് എന്ന് മനസിലായ സുലൈഖ ബോധമറ്റ് കുഴഞ്ഞുവീണു. ഓടിക്കൂടിയവരും അപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് അറിയുന്നത്. ഇതോടെ ആശുപത്രി അക്ഷാരാർത്ഥത്തിൽ കണ്ണീർക്കടലായി. പിന്നീടെത്തിയ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ഇവർ ഏറെ പാടുപെട്ടു. അൽ ഫൗസാന്റെ പിതാവ് മെഹബൂബ് ഇതേ ആശുപത്രിയിൽ അക്കൗണ്ടന്റാണ്. എന്നാൽ സംഭവസമയത്ത് അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നില്ല.
വ്യാഴാഴ്ച രാവിലെ പത്തരയോടെ അക്കിക്കാവ് ജങ്ഷനിലാണ് അപകടമുണ്ടായത്. അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ ഫൗസാന്‍. അക്കിക്കാവിലെ സ്വകാര്യ സ്ഥാപനത്തില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിൾ തള്ളിക്കൊണ്ടുപോകവേ കുന്നംകുളം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു.
advertisement
സൈക്കിള്‍ കേടുപാടു തീര്‍ക്കാൻ ട്യൂഷന്‍ സെന്ററിന് സമീപത്തെ കടയിലാണ് കൊടുത്തിരുന്നത്. പിതാവ് അത് കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നു. എങ്കിലും സഹോദരൻ അഫ്‌ലഹ് കൊടുത്ത പണവുമായി അല്‍ ഫൗസാന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ പോയി എടുക്കുകയായിരുന്നു. റോഡുപണി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നതിനാലാണ് സൈക്കിള്‍ തള്ളിക്കൊണ്ടാണ് റോഡരികിലൂടെ പോയത്. തിരക്കേറിയ സംസ്ഥാന പാതയിലൂടെ ചവിട്ടി വരരുതെന്ന് വീട്ടില്‍ നിന്ന് പറയുകയും ചെയ്തിരുന്നു.
അല്‍ ഫൗസാനെ ഇടിച്ചുതെറിപ്പിച്ച മിനിലോറി ശരീരത്തിലൂടെ കയറിയിറങ്ങി ഒരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അന്‍പത് മീറ്ററോളം മാറിയാണ് നിന്നത്. സ്‌കൂട്ടര്‍ യാത്രക്കാരനായ കൊങ്ങണൂര്‍ വന്നേരിവളപ്പില്‍ സുലൈമാന് പരിക്കേറ്റു.
advertisement
ഒരു വര്‍ഷം മുന്‍പാണ് മെഹബൂബിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. സുലൈഖയാണ് വൃക്ക നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
May 23, 2025 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അത്യാഹിത വിഭാഗത്തിലെത്തിയ 'ആളറിയാത്ത' കൗമാരക്കാരന്റെ മൃതദേഹം ഏറ്റുവാങ്ങിയത് നഴ്‌സായ ഉമ്മ