കോഴിക്കോട്: കേരള മുസ്ലിംകളുടെ ആത്മീയ നേതാവും മുസ്ലിംലീഗ് (Muslim League) സംസ്ഥാന പ്രസിഡന്റുമായ അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (Panakkad Sayed Hyderali Shihab Thangal) പഠിച്ചു വളർന്നത് പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ അറബിക് കോളേജിലാണ്. പുതിയ മാളിയേക്കല് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ പൂക്കോയ തങ്ങള്) മറിയം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില് മൂന്നാമനായി 1947 ജൂണ് 15ന് പാണക്കാട് കൊടപ്പനക്കല് തറവാട്ടിലാണ് തങ്ങൾ ജനിച്ചത്. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠനം. പാണക്കാട്ടെ ദേവധാര് സ്കൂളില് ഒന്നു മുതല് നാലു വരെ പഠിച്ചു. തുടര്ന്ന് കോഴിക്കോട് മദ്റസത്തുല് മുഹമ്മദിയ്യ( എം.എം ഹൈസ്കൂള്) സ്കൂളില് ചേര്ന്നു. പത്തുവരെ അവിടെയായിരുന്നു പഠനം. എസ്.എസ്.എല്.സിക്കു ശേഷം മതപഠനത്തിലേക്ക് തിരിഞ്ഞു.
മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര് ദര്സിലാണ് ആദ്യം ചേര്ന്നത്. തുടര്ന്ന് പൊന്നാനി മഊനത്തില് ഇസ്ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യയിലേക്കും പഠനം തുടര്ന്നു. 1972ല് ആണ് ജാമിഅയില് ചേര്ന്നത്. 1975 ഫൈസി ബിരുദം നേടി. ശംസുല് ഉലമ ഇ.കെ അബൂബക്കര് മുസ്ലിയാര്, കോട്ടുമല അബൂബക്കര് മുസ്ലിയാര്, കുമരംപുത്തൂര് എ.പി മുഹമ്മദ് മുസ്ലിയാര് തുടങ്ങിയവരായിരുന്നു ഗുരുവര്യന്മാര്. ജാമിഅയിലെ പഠനത്തിനിടെ വിദ്യാര്ഥി സംഘടനയായ നൂറുല് ഉലമ സ്റ്റുഡന്റ് ഫെഡറേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പൊതുപ്രവര്ത്തനത്തിന്റെയും സംഘടനാ പ്രവര്ത്തനത്തിന്റെയും തുടക്കം ഇതായിരുന്നു.
1973ല് സുന്നി സ്റ്റുഡന്റ് ഫെഡറേഷന് രൂപീകരിച്ചപ്പോള് അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി ഹൈദരലി തങ്ങളെ തെരഞ്ഞെടുത്തു. 1977ല് മലപ്പുറം ജില്ലയിലെ പുല്പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരില് മഹല്ല് പള്ളി മദ്റസ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ മരണത്തോടെയാണ് രാഷ്ട്രീയ, മത രംഗത്തേട് കൂടുതല് സജീവമായി ഇടപെടുന്നത്. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെ അവരുടെ ഉത്തരവാദിത്വങ്ങള് ഹൈദരലി തങ്ങള് ഏറ്റെടുത്തു. 2008ല് സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ഒക്ടോബര് രണ്ടിന് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. 2009ലാണ് സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തത്.
Also Read- Panakkad Sayed Hyderali Shihab Thangal|നഷ്ടമായത് കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം: മുഖ്യമന്ത്രി
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള് 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടതോടെ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസി, പട്ടിക്കാട് ജാമിഅ നൂരിയ്യ അടക്കമുള്ള നൂറുകണക്കിന് മതഭൗതിക സ്ഥാപനങ്ങളുടെ പ്രസിഡന്റ്, അനാഥ അഗതി മന്ദിരങ്ങളുടെ അധ്യക്ഷന്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് തുടങ്ങി ആത്മീയ, സാമൂഹ്യ, സാംസ്കാരിക, രംഗത്തെ നേതൃ ചുമതലകള് വഹിച്ചു. കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങളുടെ മകള് സയ്യിദത്ത് ശരീഫ ഫാത്വിമ സുഹ്റയാണ് ഭാര്യ. സയ്യദ് നഈമലി ശിഹാബ് തങ്ങള്, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്, സയ്യിദത്ത് സാജിദ, സയ്യിദത്ത് വാജിദ എന്നിവരാണ് മക്കള്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.