'അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല'; മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞതിന് പിന്നാലെ രോഗി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
'നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്'
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് സുഹൃത്തിന് ശബ്ദ സന്ദേശം അയച്ചതിന് പിന്നാലെ രോഗി മരിച്ചു. ഓട്ടോ ഡ്രൈവറായ കൊല്ലം പന്മന സ്വദേശി വേണുവാണ് മരിച്ചത്. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ പറയുന്നു.
നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ഉന്നയിച്ചത്.
advertisement
'ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ല. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്‍ജന്‍സി ആന്‍ജിഗ്രാം ചെയ്യാന്‍ വെള്ളിയാഴ്ച ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്‌സിനിടെ പരിശോധിക്കാന്‍ വന്ന ഡോക്ടറോട് എപ്പോള്‍ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവര്‍ക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല്‍ കോളേജുകള്‍. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ ഇക്കാര്യങ്ങൾ അറിയിക്കണം'- വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.
advertisement
Summary: A patient died after sending a voice message to his friend detailing a traumatic experience he faced at Thiruvananthapuram Medical College. The deceased was Venu, an auto driver and native of Panmana in Kollam. Venu had arrived at the Thiruvananthapuram Medical College Hospital for an emergency angiogram. However, in the voice message, Venu stated that no one bothered to attend to him.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 06, 2025 11:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല'; മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞതിന് പിന്നാലെ രോഗി മരിച്ചു


