തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ പ്രതിഷേധം ശക്തം. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാണ് ആവശ്യം. ഇടതുപക്ഷാഭിമുഖ്യമുള്ള പ്രൈഫൈലുകളിൽ നിന്നടക്കം ജോസഫൈനെതിരെ വലിയ തോതിൽ ആക്ഷേപം ഉയരുകയാണ്. ഇതിനോടകം വനിത കമ്മീഷനേയും അധ്യക്ഷയേയും പരിഹസിച്ചുകൊണ്ടുളള ട്രോളുകളും സജീവമായി കഴിഞ്ഞു.
കൊല്ലത്ത് വിസ്മയ എന്ന യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ചാനൽ ചര്‍ച്ചയിലായിരുന്നു ജോസഫൈന്റെ മോശം പെരുമാറ്റം. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കില്‍, എന്നാല്‍ പിന്നെ പീഡനം അനുഭവിച്ചോളൂ എന്നാണ് ജോസഫൈന്‍ പരാതിക്കാരിയോട് പറഞ്ഞത്. എറണാകുളത്ത് നിന്നും ഒരു സ്ത്രീയാണ് പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്‌നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു. എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്‍റെ മറുപടി.
പ്രമുഖരുടെ പ്രതികരണങ്ങൾ
'ജോസഫൈനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണം': കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
''ഇന്നലെ എം സി ജോസഫൈൻ എന്ന വനിതാ കമ്മീഷൻ അധ്യക്ഷയെ ഭർതൃവീട്ടിൽ പീഡനം അനുഭവിക്കുന്ന സ്ത്രീ വിളിച്ചിട്ടുണ്ടാവുക ഒരുപക്ഷേ അവസാന ആശ്രയം എന്ന നിലയിൽ ആയിരിക്കും. അവരുടെ ഭൗതിക സാഹചര്യം എന്താണെന്ന് പോലും മനസ്സിലാക്കാതെയാണ് ഒരു തൽസമയ ചാനൽ പരിപാടിയിൽ ജോസഫൈൻ അവരെ അപമാനിച്ചത്. അവർക്ക് പോലീസ് സ്റ്റേഷനിൽ പോകാനൊ സ്വന്തമായി ഒരു ഫോൺ ഉപയോഗിക്കാനെങ്കിലുമൊ ഉള്ള ഭൗതിക സാഹചര്യം ഉണ്ടൊ എന്ന കാര്യത്തിൽ നമുക്കാർക്കും ഉറപ്പില്ല. ജോസഫൈനെ വിളിക്കാൻ അവർ ആ ഫോണും അവസരവും നേടിയത് പോലും ഒരു പക്ഷേ പല ഭീഷണികളേയും മറികടന്നായിരിക്കാം. എല്ലാവർക്കും പോലീസ് സ്റ്റേഷനിൽ പോയി പരാതിപ്പെടാനുള്ള സാഹചര്യം ഉണ്ടാകുമെങ്കിൽ സർക്കാർ എന്തിനാണ് ഹെൽപ്പ് ലൈൻ നമ്പറുകൾ പരസ്യപ്പെടുത്തിയത് എന്ന് പോലും ആലോചിക്കാനുള്ള ബോധമില്ലാത്ത വ്യക്തിയാണ് വനിതാ കമ്മിഷന്റെ തലപ്പത്ത് എന്നത് ദൗർഭാഗ്യകരമാണ്.
സർക്കാർ സംവിധാനങ്ങളിൽ ഉള്ള പ്രതീക്ഷ കൂടി നഷ്ടപ്പെടുത്തി പീഡനം അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് അടക്കം തള്ളി വിടുന്നതാണ് ജോസഫൈന്റെ ഇരയോടുള്ള ആ തൽസമയ പ്രതികരണം.
സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കുമ്പൊൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിൽ ആണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നത്.
ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ഇത്രയും ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു.
ജോസഫൈനെ മാറ്റി നിർത്തി അവരുടെ പരിഗണനയിൽ വന്ന എല്ലാ കേസുകളിലും അടിയന്തരമായ പുനരന്വേഷണം ഉണ്ടാകണം.''
'മര്യാദയ്ക്ക് സംസാരിക്കാൻ അറിയാത്ത ഈ അമ്മായിയമ്മയാണോ കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നത്': ബെന്യാമിൻ
'' ആരോടുള്ള കലിപ്പ് തീർക്കാൻ ആണ് 'ശ്രീമതി വനിതാ കമ്മീഷൻ' പരാതി കേൾക്കാനിരിക്കുന്നത്?? മര്യാദയ്ക്ക് സംസാരിക്കാൻ അറിയാത്ത ഈ അമ്മായിയമ്മയാണോ കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നത്??''.
'സീരിയലിലെ അമ്മായിയമ്മയല്ല സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ': രാഹുൽ മാങ്കൂട്ടത്തിൽ
ഏതെങ്കിലും സീരിയലിലെ അമ്മായിയമ്മയല്ല സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ''ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ 'അമ്മായിയമ്മ' അല്ല, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായ സഖാവ് എംസി ജോസഫൈനാണ്..''- എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.
തുടർന്നുള്ള പോസ്റ്റ്-
ഓണറേറിയം - 34,40,000
ടി. എ - 13,54,577
ടെലിഫോൺ ബില്ല് - 68,179
എക്സ്പേർട്ട് ഫി - 2,19,000
മെഡിക്കൽ റീയിമ്പേഴ്സ്മെൻ്റ് - 2,64,523
ആകെ - 53, 46, 279 രൂപ
ചുമതലയേറ്റ ദിവസം തൊട്ട് ഫെബ്രുവരി 8, 2021 വരെ സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ നമ്മുടെ പൊതു ഖജനാവിൽ നിന്ന് കൈപ്പറ്റിയത് അമ്പത്തിമൂന്ന് ലക്ഷം രൂപയാണ്. ഇത് കൂടാതെയാണ് ഒരു പാഴ്സൽ ലഭിച്ചത്!
വനിതാ കമ്മീഷൻ അദ്ധ്യക്ഷ എന്ന നിലയിൽ വാളയാറിലോ, പാലത്തായിലോ അടക്കമുള്ള വിഷയങ്ങളിൽ സമൂഹത്തിനാകെ അഭിമാനമാകുന്ന എന്തെങ്കിലും ഇടപെടൽ ഉണ്ടായിട്ടില്ല. എൺപത്തിയാറ് വയസ്സുള്ള അമ്മൂമ്മ നേരിട്ട് ഹാജരാകണമെന്ന കല്പനയടക്കം എത്ര വിവാദങ്ങൾ. മറ്റൊരു തരത്തിൽ പറഞ്ഞാൽ വിവാദത്തിൽ കൂടിയല്ലാതെ എന്തെങ്കിലും മാതൃക പ്രവർത്തനത്തിൻ്റെ പേരിൽ ഇവരെ കുറിച്ച് ഞാൻ കേട്ടിട്ടില്ല.
ഒരു സ്ത്രീയ്ക്ക് നീതി നിഷേധിക്കപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോഴാണ് പാർട്ടിക്ക് സ്വന്തമായി കോടതിയും പോലീസ് സ്റ്റേഷനുമുണ്ടെന്ന് പറഞ്ഞ് നാട്ടുകാരെയാകെ "ശശിയാക്കിയത് ".
പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുന്ന കേരളത്തിന് ഇവർ തന്നെ ധാരാളം എന്ന ചിലരുടെ സാമാന്യവത്കരണം ശരിയല്ല. എല്ലാം കൂടി ഒന്നിച്ച് സഹിക്കണമെന്ന ആ വാദം പോലും ശരിയല്ല.
ജോസഫൈൻ എന്ന വ്യക്തിയുടെ പ്രശ്നമാണ്, പാർട്ടി ഗംഭീരമായതു കൊണ്ട് അവരെ തിരുത്തും എന്ന് പറയുന്ന ന്യായീകരണ തിലകങ്ങളോട് , അതേ പാർട്ടിയാണ് അവരെ ഈ ചുമതല ഏല്പിച്ചത്. മാത്രമല്ല പാർട്ടി നയങ്ങളിൽ മാത്രം ജീവിക്കുന്ന അവരെ പാർട്ടിക്കാരിയല്ലാതെ "മാറ്റി നിർത്തുക" സാധ്യമല്ല. ഇത്തരക്കാരാണ് ആഭ്യന്തര മന്ത്രി വിജയനെ, മുഖ്യമന്ത്രി പിണറായി തിരുത്തണമെന്ന് പറയുന്നത്.
എന്തായാലും അമ്പത്തിമൂന്ന് ലക്ഷം മുടക്കി, പരാതി പറയുവാൻ വിളിക്കുന്നവർക്ക് നേരെ പൊട്ടിത്തെറിക്കുവാൻ വേണ്ടി മാത്രം എന്തിനാണ് ഒരു വനിതാ കമ്മീഷൻ! ഇന്നത്തെ ദിവസത്തെ ഏറ്റവും നല്ല വനിതാ വിമോചന നടപടി ഇവരെ പുറത്താക്കലാണ്.
ജോസഫൈൻ ഈസ് നോട്ട് ഫൈൻ !
മേയർ ആര്യാ രാജേന്ദ്രന്റെ വാക്കുകള്‍ കടമെടുത്ത് വി ടി ബൽറാമിന്റെ വിമർശനം
''വനിതാ കമ്മീഷന്‍ അധ്യക്ഷയായിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാന്‍ വളര്‍ന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാന്‍ വേണ്ടി സാധിക്കും. സഖാവ്''.
'ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു': സംവിധായകൻ ആഷിഖ് അബു
''വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം.''
'പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട': നടി സാധിക വേണുഗോപാൽ
ഇതിലും ഭേദം ആത്മാഹുതി തന്നെയാ!!!!
പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്തു.
ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ.
പ്രശ്നത്തിൽ നിൽക്കുന്നവർക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം അവരെ ഒന്ന് കേൾക്കാൻ ആണ്. ഇവരുടെ ഒക്കെ വീട്ടിൽ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ?🤔.
ജോലിയില്ലാത്ത ആയിരക്കണക്കിന് മനുഷ്യത്വം ഉള്ള ആളുകൾ ഉണ്ട് അവരെ ആരെങ്കിലും ഒക്കെ ഈ പണി ഏൽപ്പിച്ചാൽ പോരെ. അല്ലെങ്കിൽ തന്നെ പെണ്ണിനെ കേൾക്കാൻ പെണ്ണും ആണിനെ കേൾക്കാൻ ആണും എന്തിനാണ്. സാമാന്യം മാനുഷിക മുല്യം അറിയുന്ന സഹജീവികളെ മനസിലാക്കാൻ മനസും,കഴിവുള്ള ഒരാളായാൽ പോരെ അതിനും ലിംഗ വ്യത്യാസം വേണോ? പെണ്ണിനെ മനസിലാക്കാനും പരിഗണിക്കാനും പെണ്ണിനെ ആകൂ എന്ന ചിന്ത ആണ് ആദ്യം മാറേണ്ടത്. മനുഷ്യത്വം, സഹിഷ്ണുത, സഹാനുഭൂതി ഒക്കെ ഒക്കെ ഉള്ള ആണിന്റെ കയ്യിൽ തന്നെ ആണ് എന്നും സ്ത്രീ സുരക്ഷിതം. മൊത്തത്തിൽ ഒരു അഴിച്ചുപണി നല്ലതാകും. ഒട്ടുമിക്ക വീടുകളിലും പുരുഷൻമാരേക്കാൾ പ്രശ്നം സ്ത്രീകൾ ആണ്. ഈ സ്ത്രീധന പ്രശ്നവും, കെട്ടുന്നവന്റെ ആവശ്യം അല്ല നാഥനില്ല കുടുബത്തിന്റെയും, ആ വീട്ടിലെ കുലസ്ത്രീയുടെയും ആവശ്യം ആണ്. ഈ ഭർത്താക്കന്മാരെ മാറ്റി അതിനു അവരെ പ്രേരിപ്പിക്കുന്ന അമ്മായിഅമ്മ മാരെ കൂട്ടിൽ അടക്കുന്ന രീതി കൊണ്ട് വന്നാൽ ഒരുപക്ഷെ ഇതിൽ ഒരു മാറ്റം ഉണ്ടായേക്കാം. ഗാർഹിക പീഡനം അനുഭവിക്കുന്ന പുരുഷമാർക്ക് പരാതി നൽകാനും ഒരു സ്ഥലം അത്യാവശ്യം ആണ് എന്നും ഒന്ന് ഓർമപ്പെടുത്തി കൊള്ളട്ടെ.
വനിതാകമ്മീഷൻ ആയാലും,ആണായാലും, പെണ്ണായാലും,മനുഷ്യത്വം,വ്യക്തിത്വം, എന്നൊന്ന് ഇല്ലെങ്കിൽ ഇതൊക്കെ തന്നെ അവസ്ഥ!
'ഭർതൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം ?' : എഴുത്തുകാരി ശാരദക്കുട്ടി
''ഭർതൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം ?. സർക്കാരിനോട് ഒരഭ്യർഥന . പെൺപിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്.''
'നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം?': അധ്യാപിക ദീപ നിഷാന്ത്
''എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്.. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിന്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം?. മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു.''
'എന്തിന് സഹിക്കണം?': കെ എസ് ശബരിനാഥൻ
കെ എസ് ശബരിനാഥൻ- ''ഇത്തരത്തിലുള്ള ആളുകൾ വനിതാ കമ്മീഷന്റെ തലപ്പത്തിരുന്ന് ലൈവ് ടീവിയിൽ അസഹിഷ്ണുതയോടെ മറുപടി പറയുമ്പോൾ സാധാരണക്കാർക്ക് ഭരണസംവിധാനത്തിനുള്ള വിശ്വാസമാണ് നഷ്ടപ്പെടുന്നത്. കമ്മീഷനോട് ചാനലിലൂടെ ജനസമക്ഷം വിഷമങ്ങൾ തുറന്നുപറയാൻ ധൈര്യം പ്രകടിപ്പിച്ച പെൺകുട്ടികളെ തന്നെയാണ് അധ്യക്ഷ പ്രതിസ്ഥാനത്ത് നിർത്തിയത്. സത്യത്തിൽ ഈ അതിക്രമങ്ങളെ ന്യായീകരിക്കുക തന്നെയല്ലേ ശ്രീമതി ജോസെഫൈൻ ചെയ്യുന്നത്?
ഇന്നലെ നടന്ന ലൈവ് പ്രോഗ്രാമിന്റെ തലക്കെട്ട് തന്നെയാണ് വനിതാകമ്മീഷൻ അദ്ധ്യക്ഷയെ കുറിച്ച് പറയുവാനുള്ളത് "എന്തിന് സഹിക്കണം?"
'ശ്രീജിത്ത് പണിക്കരുടെ പ്രതികരണം'
- ഹലോ, പാർട്ടി സ്ത്രീ കമ്മീഷൻ?, ആ... എന്തോ വേണം?
ഒരു പരാതി പറയാനുണ്ട്.
ആ… പറഞ്ഞു തൊലയ്ക്ക്.
ഞാൻ വിവാഹിതയാണ്.
അയിന്?
ഭർത്താവ് എന്നെ തല്ലും.
നിങ്ങള് പാർട്ടി പൊലീസിൽ പറഞ്ഞോ?
ഇല്ല. പേടിയാണ്.
ഒരു തരക്കേടുമില്ല. അനുഭവിച്ചോ.
നേരത്തേയും പലതവണ പാർട്ടിയേയും സർക്കാരിനേയും വെട്ടിലാക്കുന്ന പരാമർശങ്ങൾ അധ്യക്ഷ കസേരയിലിരുന്ന് ജോസഫൈൻ നടത്തിയിട്ടുണ്ട്. ജോസഫൈന്‍റെ പരാമർശത്തിൽ വനിത കമ്മിഷൻ അംഗങ്ങൾക്കിടയിൽ തന്നെ അതൃപ്‌തിയുണ്ടെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.