'RSS പരിപാടിയിൽ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ താണുവണങ്ങിയത് ഏത് ഡീലാണ്?' മുഖ്യമന്ത്രി പിണറായി
- Published by:SIBILI S
- news18-malayalam
Last Updated:
2006-ൽ ആർഎസ്എസ് സംഘടിപ്പിച്ച ഗോൾവാൾക്കറുടെ ജന്മശദാബ്ദി ആഘോഷത്തിൽ വി ഡി സതീശൻ പങ്കെടുത്തതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സിപിഎം- ബിജെപി ഡീൽ ആരോപണത്തിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷങ്ങൾക്ക് മുമ്പ് 2006-ൽ ആർഎസ്എസ് സംഘടിപ്പിച്ച ഗോൾവാൾക്കറുടെ ജന്മശദാബ്ദി ആഘോഷത്തിൽ വി ഡി സതീശൻ പങ്കെടുത്തതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 2006-ലെ ഡീൽ എന്തായിരുന്നുവെന്ന് വി ഡി സതീശൻ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
ആർഎസ്എസ് പരിപാടിയെ കുറിച്ച് ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെ കുറിച്ച് പറഞ്ഞുകൊണ്ട് വി ഡി സതീശൻ സ്ഥിരമായി രക്ഷപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെ കുറിച്ചറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയതിനെ കുറിച്ചും പരാമർശിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
'2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത വിഷയത്തിൽ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാൻ മതനിരപേക്ഷ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്.
advertisement
ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ വിഡി സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂർ മനക്കപ്പടി സ്കൂളിൽ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ്.
2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ വിഡി സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006-ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം'- മുഖ്യമന്ത്രി കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 26, 2026 4:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'RSS പരിപാടിയിൽ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ താണുവണങ്ങിയത് ഏത് ഡീലാണ്?' മുഖ്യമന്ത്രി പിണറായി









