മലപ്പുറം: ആരാധനയും ആരാധനാലയങ്ങളും ആവശ്യമില്ലാത്ത കാര്യം ആണെന്ന രീതിയിലാണ് സർക്കാർ നിലപാട് എന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് പോലും കുറ്റകരം എന്ന വീക്ഷണം അവർക്ക് ഉണ്ടാകാം. പക്ഷേ, അത് നാട്ടുകാരുടെ മേൽ വേണ്ട.
മലപ്പുറത്ത് വെള്ളിയാഴ്ചകളിലെ ജുമാ നമസ്കാരത്തിന് 40 ആളുകളെ പങ്കെടുപ്പിക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിനും ബലി പെരുന്നാളിനും പള്ളികളിൽ നമസ്കരിക്കാൻ സർക്കാർ അനുവാദം നൽകണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. 'ആരെയും ബോധ്യപ്പെടുത്താൻ കഴിയാത്ത ഒന്നാണ് സർക്കാരിന്റെ കോവിഡ് നയം. ആരോഗ്യമേഖലയിലെ വിദഗ്ദരായ വ്യക്തികളെ പോലും ബോധ്യപ്പെടുത്താൻ കഴിയുന്നില്ല. സർക്കാരിന്റെ മുൻഗണന അവർക്ക് ഇഷ്ടമുള്ള രീതിയിൽ നടപ്പാക്കുക ആണ്. ആരാധന വേണ്ട, ആരാധനാലയങ്ങൾ വേണ്ട. അതൊക്കെ ആവശ്യമില്ലാത്ത കാര്യം ആണെന്ന് രീതിയിൽ ആണ് എന്നാണ് സർക്കാർ. മദ്യപാനം ഒരു നല്ല കാര്യം ആണെന്ന രീതിയിൽ ആണ് സർക്കാർ സമീപനം. ആരാധന വേണ്ടാത്ത കാര്യം ആണെന്നും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് പോലും കുറ്റകരം എന്ന വീക്ഷണമുള്ള അവർക്ക് അങ്ങനെ തോന്നാം. പക്ഷേ അത് നാട്ടുകാരുടെ മേൽ വേണ്ട.' - കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ടിപിആർ അഞ്ചിൽ താഴെയുള്ള സ്ഥലങ്ങളിൽ എല്ലാ കടകൾക്കും പ്രവർത്തിക്കാം; പ്രവർത്തന സമയം രാത്രി എട്ടു മണി വരെ നീട്ടി
'ആരാധനാലയങ്ങൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് മുൻഗണന അല്ല എന്നാണ് സർക്കാരിന്റെ നിലപാട്. വിശ്വാസം അവർക്ക് ആവശ്യം ഉണ്ടാകില്ല. എന്നാൽ വിശ്വാസവും ആരാധനയും അത്യാവശ്യം ആണെന്ന് കരുതുന്ന ഒട്ടേറെ വിഭാഗങ്ങൾ ഇവിടെ ഉണ്ട്. 40 പേർ വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് പങ്കെടുക്കണം എന്നത് വിശ്വാസപ്രകാരം ഉള്ള കാര്യമാണ്. അത് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തന്നെ ചെയ്യാം. ഇവിടെ കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് സർക്കാറിന് പരിശോധിക്കുകയും ചെയ്യാം. പള്ളികളുടെ വലിപ്പം അനുസരിച്ച് ആളുകളുടെ എണ്ണം അനുവദിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. പെരുന്നാൾ നമസ്കാരം അനുവദിക്കണം. വിശ്വാസികളെ സംബന്ധിച്ച് ഇതെല്ലാം ഏറെ പ്രധാനപ്പെട്ട, മുൻഗണനയിൽ ഉള്ള കാര്യങ്ങളാണ്. ഇത് സർക്കാരിന്റെ മുൻഗണനയിൽ ഉള്ള കാര്യം അല്ല, അവർക്ക് ഇതെല്ലാം വേണ്ടാത്തത് ആകാം'.
ക്ഷണക്കത്ത് വിവാദമായി: 'ലവ് ജിഹാദ്' ആരോപണം; മകളുടെ വിവാഹ ചടങ്ങുകൾ മാതാപിതാക്കൾ വേണ്ടെന്ന് വച്ചു
ആവശ്യങ്ങൾ എല്ലാം ബധിര കർണങ്ങളിലാണ് പതിക്കുന്നത്. പെരുന്നാൾ അടുത്ത് വരികയാണ്. പള്ളികളുടെ വലിപ്പം അനുസരിച്ച് പ്രോട്ടോക്കോൾ പാലിച്ച് ആരാധന നടത്താൻ അനുവദിക്കണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. ഇപ്പോൾ ഉള്ള പ്രതിഷേധങ്ങൾ വെറും സൂചന മാത്രം ആണെന്നും അടുത്ത ഘട്ടം ശക്തമായ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.