കോഴിക്കോട്:
കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഏറെക്കാലത്തെ ആഗ്രഹത്തിനാണ് ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം പച്ചക്കൊടി കാട്ടിയത്. തെരഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പ്പിക്കാനുള്ള മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയുടെ തീരുമാനം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തിന്റെ വിജയമാണ്.
ലോക്‌സഭാംഗത്വം രാജിവെച്ച് പഴയ മണ്ഡലമായ വേങ്ങരയില്‍ത്തന്നെ മത്സരിക്കാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. എന്നാല്‍
ബി.ജെ.പിയെ നേരിടാന്‍ കേന്ദ്രത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞയാള്‍ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് മടങ്ങിവരുകയാണെന്ന രാഷ്ട്രീയ വിമര്‍ശനം നേരിടേണ്ടിവരും. ഇത് ലീഗിനുള്ളിലും അസ്വസ്ഥതകള്‍ക്ക് കാരണമായേക്കും.
എം.എല്‍.എ സ്ഥാനം രാജിവെച്ച് 2017ല്‍ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ നടത്തിയ പ്രസംഗങ്ങള്‍ തന്നെയാകും മടങ്ങിയെത്തുന്ന കുഞ്ഞാലിക്കുട്ടിക്ക് മുന്നില്‍ രാഷ്ട്രീയചോദ്യമായി നില്‍ക്കുന്നത്.
' ബി.ജെ.പിക്കെതിരെ ദൈര്‍ഘ്യമേറിയ ഒരു പോരാട്ടത്തിനാണ് ഞാൻ ഡല്‍ഹിയിലേക്ക് പോകുന്നത്. ജയിച്ച് പോയ ഉടന്‍ അധികാരത്തിന്റെ പട്ടുമെത്തയില്‍ കിടക്കാനാകില്ലെന്ന് എനിക്കറിയാം. ബി.ജെ.പിക്കെതിരെ ഫൈറ്റിന് ഞാന്‍ തയ്യാറാണ്. ചെറുരാഷ്ട്രീയകക്ഷികളുമായി സംസാരിച്ച് ഒരു ബദല്‍ നീക്കം നടത്തും.' ഇതൊക്കെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം.
യു.പി.എയുടെ തിരിച്ചുവരവ് ലക്ഷ്യംവച്ചുള്ള അധികാര രാഷ്ട്രീയമായിരുന്നു ദേശീയ രാഷ്ട്രീയ പ്രവേശനത്തിന്റെ കാരണമെന്നും വിമര്‍ശനമുയരും. മുത്തലാഖ് ബില്‍ വോട്ടെടുപ്പ് ദിവസം മലപ്പുറത്ത് ബിസിനസ് പങ്കാളിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ദിവസം ഫ്‌ളൈറ്റ് മിസായതുമൊക്കെ വീണ്ടും രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഉയരും. ഡല്‍ഹിയില്‍ തോറ്റ കുഞ്ഞാലിക്കുട്ടിയെന്ന പ്രതിച്ഛായയും രാഷ്ട്രീയമായ വെല്ലുവിളിയാണ്. വീണ്ടും ഉപതിരഞ്ഞെടുപ്പിന് കാരണക്കാരനാകുകയും ചെയ്യും.
ഇ. അഹമ്മദിന്റെ മരണത്തെ തുടര്‍ന്നുണ്ടായ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നു. വേങ്ങര എം.എല്‍.എയായിരിക്കെ നടത്തിയ ഈ നീക്കം പാര്‍ട്ടിക്കകത്തും പുറത്തും അമ്പരപ്പുണ്ടാക്കി. ഇതേത്തുടർന്നാണ് വേങ്ങരിയില്‍ ഉപതിരഞ്ഞെടുപ്പുണ്ടായത്. ഇപ്പോള്‍ വീണ്ടും നിയമസഭയില്‍ മത്സരിക്കാനൊരുങ്ങുമ്പോള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് കുഞ്ഞാലിക്കുട്ടി കാരണമാകുന്നുവെന്ന പഴിയും രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തും.
ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹി മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനിറങ്ങിയ കുഞ്ഞാലിക്കുട്ടിയോട് തങ്ങള്‍ ചില ഉപാധികള്‍ വെച്ചിരുന്നു. യു.പി.എ അധികാരത്തില്‍ വന്നാലും ഇല്ലെങ്കിലും ഡല്‍ഹിയില്‍ തുടരണം. ഇത് അംഗീകരിച്ചാണ് കുഞ്ഞാലിക്കുട്ടി മത്സരത്തിനിറങ്ങിയത്. എന്നാൽ തിരികെ വരാനുള്ള നീക്കത്തോട് നേതൃതത്തിനുണ്ടായിരുന്ന എതിര്‍പ്പ് പാണക്കാട് തങ്ങളെ ഒപ്പം നിര്‍ത്താനായതോടെ മറികടക്കാനായി.
ഉന്നതാധികാര സമിതിയുടെ അംഗീകാരം നേടിയെങ്കിലും പാര്‍ട്ടി ഭരണഘടന അനുസരിച്ച് തീരുമാനം ഭാരവാഹി യോഗത്തിലും പ്രവര്‍ത്തക സമിതിയിലും അവതരിപ്പിച്ച് അംഗീകാരം നേടേണ്ടതുണ്ട്. ഇവിടെ കാര്യങ്ങള്‍ എളുപ്പമാവില്ല. അവിടെ ഉയരുന്ന എതിര്‍ശബ്ദങ്ങള്‍ ഉന്നതാധികാര സമിതിയുടെ സമ്മതിയുണ്ടെന്ന് വിശദീകരിച്ച് കുഞ്ഞാലിക്കുട്ടിക്ക് മറികടക്കാനാകുമോയെന്നും കാത്തിരുന്ന് കാണേണ്ടിവരും.
പുറത്തുനിന്നുള്ള വിമര്‍ശനങ്ങളേക്കാള്‍ കുഞ്ഞാലിക്കുട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുക പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളായിരിക്കും. സമൂഹമാധ്യമങ്ങളില്‍ ഇതിനകം തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലേക്ക് താന്‍ തിരികെയെത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി എതിര്‍പ്പുകളെ നേരിടാനാണ് കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.