തൃശൂര്‍: കവിത മോഷ്ടിച്ചെന്ന വിവാദത്തില്‍ മറുപടിയുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിഷാന്ത്. ഒരു കവിത മോഷ്ടിച്ചു നല്കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് താനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കാമെന്ന് ദീപ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
'തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരിക പരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല. ഞാനിതില്‍ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങള്‍ക്കും അപവാദങ്ങള്‍ക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സര്‍ഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയര്ത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.' ദീപ വിശദീകരിക്കുന്നു.
കവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത മോഷ്ടിച്ച് വികലമാക്കി മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു ആരോപണം. 2011ലാണ് 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത കലേഷ് എഴുതുന്നത്. എന്നാല്‍ ഇപ്പോള്‍ അധ്യാപികയായ ദീപയുടെ ചിത്രം സഹിതം എ.കെ.പി.സി.റ്റി.എ മാഗസിനില്‍ വന്ന കവിത ചില സുഹൃത്തുക്കള്‍ അയച്ചുതന്നതോടെയാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടതെന്ന് കവി കലേഷ് പറയുന്നു.
ദീപാ നിശാന്തിന്റെ വിശദീകരണം ഇങ്ങനെ
'കവിത മോഷ്ടിച്ചവള്‍ എന്നൊരു തസ്തിക കൂടി ഇന്ന് പുതുതായി ലഭിച്ചിട്ടുണ്ട്. എസ് കലേഷ് മുന്‍പെഴുതിയ ഒരു കവിത ഞാന്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേര് ആര്‍ത്തുവിളിക്കുന്നത്. കിട്ടിയ സന്ദര്‍ഭം മുതലാക്കി മുന്‍പു മുതലേ എന്റെ നിലപാടുകളില്‍ അമര്‍ഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആര്‍പ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.
കവിത എന്റെ സ്ഥിരം തട്ടകമേയല്ല. കവിതയിലല്ല ദീപാനിശാന്ത് എന്ന പേര് ഇന്ന് ആരും അറിയുന്നതും. ഒരു സര്‍വ്വീസ് പ്രസിദ്ധീകരണത്തിനായി സ്വന്തം ആധികാരികത മുഴുവന്‍ ചോദ്യം ചെയ്യുന്ന ഒരു പ്രവൃത്തി ഞാന്‍ ചെയ്യും എന്നു കരുതുന്നുണ്ടെങ്കില്‍ അങ്ങനെ തന്നെ മുന്നോട്ട് പോകുക.
ഞാനിതില്‍ വീണുപോകും എന്ന് ആരും മോഹിക്കേണ്ടതില്ല. കഴിഞ്ഞ കുറേക്കാലമായി പരിഹാസങ്ങള്‍ക്കും അപവാദങ്ങള്‍ക്കും മധ്യേയാണ് എന്റെ ജീവിതം കടന്നു പോയത്. ഇതും അതിലൊരധ്യായം എന്നേ കരുതുന്നുള്ളൂ. എന്റെ സര്‍ഗാത്മക ജീവിതവും രാഷ്ട്രീയ ജീവിതവുമെല്ലാം ശിരസ്സുയര്ത്തിപ്പിടിച്ചു തന്നെ ഇനിയും തുടരും.
എന്റേതല്ലാത്ത ഒരു വരിയും ഇന്നുവരെ എന്റേതെന്ന് അവകാശപ്പെടാതിരുന്നിട്ടും എനിക്ക് ഇന്ന് സംഭവിച്ച ദുഃഖത്തില്‍ ഒപ്പം നില്ക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.
ഇക്കാര്യത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമാണിത്. ഇതില്‍ കൂടുതലായി ഒന്നും പറയാനില്ല. ചില അനുഭവങ്ങള്‍ ഇങ്ങനെയും ബാക്കിയുണ്ടാവും എന്നു മാത്രം കരുതുന്നു.'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.