പത്തനംതിട്ട: കശ്മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ മുൻമന്ത്രി കെ ടി ജലീൽ (KT Jajeel) എംഎൽഎക്കെതിരെ പത്തനംതിട്ട കീഴ്‌വായ്പൂർ പൊലീസ് കേസെടുത്തു. ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ കീഴ്‌വായ്പൂർ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയിരുന്നു. 153 ബി പ്രകാരവും പ്രിവൻഷൻ ഓഫ് ഇന്റൻഷൻ ടു നാഷണൽ ഓണർ ആക്ട് 1971 സെക്‌ഷൻ 2 പ്രകാരവുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Also Read- 'കാശ്മീർ പരാമർശം'; കെടി ജലീൽ എംഎൽഎയ്ക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശം
ജലീലിന്റെ വിവാദ ഫെയ്സ്ബുക് പോസ്റ്റിനെതിരെ ആർഎസ്എസ് ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനാണ് കോടതിയെ സമീപിച്ചത്. പരാമർശം ഉണ്ടായ ശേഷം ഈ മാസം 12ന് കീഴ്‌വായ്പൂർ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അരുൺ പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. ഇതെത്തുടർന്നാണ് കോടതിയെ സമീപിച്ചത്.
ഇന്നലെ കേസ് പരിഗണിച്ച ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രേഷ്മ ശശിധരൻ ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തൽ, കലാപ ആഹ്വാനം, ദേശീയ ബഹുമതികളെ അവമതിക്കൽ തുടങ്ങിയവ പരാമർശത്തിൽ ഉണ്ടെന്ന് കാട്ടിയാണ് ഹർജി നൽകിയത്.
പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീർ’ എന്നും കശ്മീർ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേർത്ത് ‘ഇന്ത്യൻ അധീന കശ്മീർ’ എന്നുമായിരുന്നു ജലീൽ പരാമർശിച്ചത്.
'പാകിസ്ഥാനോട് ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം "ആസാദ് കാശ്മീർ'' എന്നറിയപ്പെട്ടു. പാകിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉൽ ഹഖ് പാകിസ്ഥാൻ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക്കധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം' - ഇങ്ങനെയാണ് കുറിപ്പിന്റെ ഒരു ഭാഗം.
''ജമ്മുവും, കാശ്മീർ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ...''- മറ്റൊരു ഭാഗത്ത് ജലീൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jammu Kashmir, Kashmir, Kt jaleel