'പാകിസ്ഥാനിലേക്ക് ടിക്കറ്റ് തന്നവരോട് പറയാനുള്ളത് വാരിയംകുന്നത്ത് ബ്രിട്ടീഷുകാരോട് പറഞ്ഞ മറുപടി': കെടി ജലീൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റിൽ ആയിരുന്നു ജലീലിന്റെ പ്രസംഗം. കാശ്മീർ പോസ്റ്റ് വിവാദ വിഷയങ്ങൾ ജലീൽ പരാമർശിച്ചില്ല
മലപ്പുറം: തനിക്ക് പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് തന്നവരോട് പറയാനുള്ളത് പണ്ട് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാരോട് പറഞ്ഞ അതേ കാര്യമാണെന്ന് കെ ടി ജലീൽ. മലപ്പുറത്ത് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് പരിപാടിയിൽ ആയിരുന്നു ജലീലിന്റെ വാക്കുകൾ. വിവാദങ്ങൾക്കുള്ള മറുപടിയൊന്നും ജലീൽ വിശദമായി പറഞ്ഞില്ലെങ്കിലും കേന്ദ്രത്തിന് എതിരെ നിശിത വിമർശനം അദ്ദേഹം നടത്തി.
കാശ്മീർ പോസ്റ്റ് വിവാദങ്ങൾക്ക് ശേഷം കെ ടി ജലീൽ പങ്കെടുത്ത ആദ്യ പൊതു പരിപാടിയായിരുന്നു സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ്. പരിപാടിക്ക് എത്തിയ ജലീലിനൊപ്പം സെൽഫി എടുക്കാൻ പാർട്ടി പ്രവർത്തകർ മത്സരിച്ചു. മുത്തലാക്ക്, കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ കാര്യങ്ങളിൽ കേന്ദ്രത്തെ നിശിതമായി വിമർശിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്.
advertisement
കാശ്മീരിനെ പറ്റി പറഞ്ഞു തുടങ്ങിയ ജലീൽ പക്ഷേ വിവാദ പോസ്റ്റിനെ പറ്റിയോ അതിന്റെ ഉള്ളടക്ക വിഷയത്തെ പറ്റിയോ ഒന്നും പറഞ്ഞില്ല. പാകിസ്ഥാനിലേക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തവരോട് മുൻപ് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി പറഞ്ഞ കാര്യം ആണ് പറയാൻ ഉള്ളതെന്ന് ജലീൽ പറഞ്ഞു. " വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് ബ്രിട്ടീഷുകാർ പറഞ്ഞു മാപ്പ് എഴുതി നൽകിയാൽ മതി, ഇനിയുള്ള കാലം കുടുംബവുമായി മക്കത്ത് പോയി താമസിക്കാം എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, മക്ക എനിക്ക് ഇഷ്ടമുള്ള സ്ഥലം തന്നെ ആണ്. പക്ഷേ ഇപ്പോൾ അതിനേക്കാൾ എനിക്കിഷ്ടം ഇവിടെ മരിച്ച് വീഴുന്നത് ആണ്. ഇതു തന്നെയാണ് എവിടേക്കെങ്കിലും പോകാൻ ടിക്കറ്റ് എടുത്ത് കൊടുക്കുന്നവരോട് പറയാൻ ഉള്ളത്".
advertisement
മതത്തിന്റെ പേരിൽ രൂപം കൊണ്ട് പാകിസ്ഥാൻ വിഭജിക്കപ്പെട്ടതും ഗാന്ധി വധവും എല്ലാം ജലീൽ വേദിയിൽ വിശദമായി പ്രസംഗിച്ചു. " ഒരു മതം, ഒരു ഭാഷാ, ഒരു സംസ്കാരം ഉള്ളവർക്ക് മാത്രമേ ഒരു രാഷ്ട്രം ആകാൻ പറ്റൂ എന്ന് പരിഹസിച്ച ബ്രിട്ടീഷുകാരനോട് 75 കൊല്ലമായി ഉത്തരം പറഞ്ഞു കൊണ്ടേയിരിക്കുകയാണ് നമ്മൾ. ഒരു മതം മാത്രം എന്ന് പറയുന്നവർ പാകിസ്ഥാനിലേക് നോക്കണം. ഒരു മതം തന്നെ ഭൂരിപക്ഷം ആയിട്ടും പാകിസ്ഥാൻ വിഭജിക്കപ്പെട്ടു. മതത്തെ അടിസ്ഥാനമായി കരുതുന്നവർക്കുള്ള മുന്നറിയിപ്പ് ആണത്".
advertisement
ഇസ്ലാംമത വിശ്വാസികളും കമ്യൂണിസവും എങ്ങനെ സഹവർത്തിക്കുന്നു എന്നതിനെ പറ്റിയും വിശദമായി പറഞ്ഞ ജലീൽ കോൺഗ്രസ്സിനെതിരെയും പേരെടുത്ത് പറയാതെ മുസ്ലിംലീഗിന് എതിരെയും വിമർശനം ഉന്നയിച്ചു. കോൺഗ്രസ് ഉറക്കത്തിലാണെന്നും മലപ്പുറത്ത് ഏറെ സ്വാധീനമുള്ള കോൺഗ്രസിന് ഒപ്പമുള്ളവരും അതുപോലെ ഉറക്കത്തിൽ തുടരുകയാണെന്നും ജലീൽ പറഞ്ഞു.മലപ്പുറത്ത്എം സ്വരാജ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മന്ത്രി വി അബ്ദുറഹ്മാൻ, പി ശ്രീരാമകൃഷ്ണൻ, ഇ എൻ മോഹൻദാസ് കെപി രാമനുണ്ണി, നിലമ്പൂർ ആയിഷ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2022 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാകിസ്ഥാനിലേക്ക് ടിക്കറ്റ് തന്നവരോട് പറയാനുള്ളത് വാരിയംകുന്നത്ത് ബ്രിട്ടീഷുകാരോട് പറഞ്ഞ മറുപടി': കെടി ജലീൽ


