കതിരൂർ സ്ഫോടനം: ബോംബു നിർമാണത്തിൽ കൂടുതൽ പേർ പങ്കെടുത്തതായി സംശയം
- Published by:Anuraj GR
- news18-malayalam
Last Updated:
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ട 28-ാം എം. റമീഷിന് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു
കണ്ണൂർ: കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ പേരിൽ നിന്ന് പോലീസ് തെളിവെടുക്കും. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സിപിഎം അക്രമത്തിന് കോപ്പുകൂട്ടുന്നതിന്റെ തെളിവാണ് സ്ഫോടനം എന്ന് ബിജെപിയും ആരോപിച്ചു. അതേ സമയം പാർട്ടിക്ക് ബന്ധമില്ലന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.
കതിരൂർ പൊന്ന്യത്ത് സ്ഫോടനം നടന്ന പ്രദേശത്തെ ബോംബ് നിർമാണത്തിൽ കൂടുതൽ പേർ പങ്കെടുത്തതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് വ്യക്തമാക്കുന്നതിന് കൂടുതൽ പേരെ ചോദ്യം ചെയ്യും. കോവിഡ് പ്രതിരോധത്തിന്റെ തിരക്കിലായതിനാൽ പ്രദേശത്ത് സാധാരണ നടത്താറുള്ള പരിശോധന കുറച്ച് കാലമായി സാധ്യമായിരുന്നില്ലന്ന് കണ്ണൂർ എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കോടതി വെറുതെ വിട്ട 28-ാം എം. റമീഷിന് സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റു. മാഹി സ്വദേശി ധീരജിനും സാരമായ പരിക്കുണ്ട്. പാർടിക്ക‌് ഈ സംഭവത്തിൽ യാതൊരു ബന്ധവുമില്ലെന്ന് തലശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കി. അത്യന്തം അപലപനീയമായ സംഭവമാണിത‌്. എന്താണ‌് സംഭവിച്ചതെന്ന‌് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഏരിയസെക്രട്ടറി എം സി പവിത്രൻ ആവശ്യപ്പെട്ടു.
advertisement
കതിരൂർ പൊന്ന്യത്ത് സിപിഎം ശക്തികേന്ദ്രത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തെ കുറിച്ച് ഉന്നത പോലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. "നാടിന്റെ ശാന്തിയും സമാധാനവും തകർക്കുന്നതിനു വേണ്ടി ബോധപൂർവ്വം സിപിഎം നേതൃത്വം പ്രവർത്തനം നടത്തുന്നു എന്നതിന് വ്യക്തമായ തെളിവാണ് സിപിഎം ശക്തികേന്ദ്രങ്ങളിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിലൂടെ വെളിവാക്കപ്പെട്ടത് ", സതീശൻ പാച്ചേനി ആരോപിച്ചു.
advertisement
കണ്ണൂർ ജില്ലയില്‍ വ്യാപകമായി അക്രമത്തിന് സിപിഎം കോപ്പ് കൂട്ടുന്നതിന്റെ തെളിവാണ് സ്ഫോടനം എന്ന് ബിജെപി ആരോപിച്ചു. "സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ കൂടി കഴിഞ്ഞ ദിവസങ്ങളില്‍ കതിരൂര്‍, പാട്ട്യം, കോടിയേരി, തലശ്ശേരി മേഖലകളിലെ ആര്‍എസ്എസ്-ബിജെപി കൗണ്‍സിലര്‍മാരുടെയും സമുന്നത നേതാക്കന്മാരുടെയും വീടിന്റെ ചുമരില്‍ കൊലപ്പെടുത്തുമെന്ന് അടയാളമുള്ള സ്റ്റിക്കര്‍ പതിക്കുകയുണ്ടായി. കുറച്ചു ദിവസമായി വിവിധ ഭാഗങ്ങളില്‍ ബോധപൂര്‍വമായ സംഘര്‍ഷത്തിന് സിപിഎം ശ്രമം നടത്തുകയാണ്. " ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2020 10:56 PM IST