Sai Swetha | അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

Last Updated:

ശ്രീജിത്തിന്റെ നടപടി സ്ത്രീപദവിയെ ബോധപൂര്‍വം സമൂഹത്തിനുമുമ്പില്‍ ഇകഴ്ത്തുന്നതരത്തിലുള്ളതാണെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍

സിനിമയിൽ അഭിനയിക്കാനുള്ള ഓഫർ നിരസിച്ചതിന് അധ്യാപികയായ സായി ശ്വേതയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചുവെന്ന് കാട്ടി അഭിഭാഷകൻ ശ്രീജിത്ത് പെരുമനയ്ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്.പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടും ഫേസ്ബുക്കിലൂടെ അധ്യാപികയ്ക്ക് അപമാനകരമായ പ്രസ്താവനകള്‍ നടത്തിയ അഭിഭാഷകൻ കൂടിയായ ശ്രീജിത്തിന്റെ നടപടി സ്ത്രീപദവിയെ ബോധപൂര്‍വം സമൂഹത്തിനുമുമ്പില്‍ ഇകഴ്ത്തുന്നതരത്തിലുള്ളതാണെന്ന് വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ പറഞ്ഞു.
Also Read- സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന് സായി ശ്വേതയുടെ പരാതി; അനുഭവമാണ് കുറിച്ചതെന്ന് ശ്രീജിത്ത് പെരുമന
ശ്രീജിത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമില്ലാ എന്ന് പറഞ്ഞതിനെ ധാര്‍ഷ്ട്യമായും അഹങ്കാരമായും ചിത്രീകരിച്ച് സ്വഭാവഹത്യ നടത്തുകയാണ്. അഭിനയിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടമായിരിക്കെ തന്റെ സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും മേലുള്ള ഒരു കുതിരകയറല്‍ കൂടിയാണ് നടത്തിയിരിക്കുന്നതെന്ന് അധ്യാപിക നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
advertisement
വിക്ടേഴ്സ് ചാനലിൽ മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞുള്ള ഓൺലൈൻ ക്ലാസ്സിലൂടെയാണ് സായി ശ്വേത എന്ന അധ്യാപിക ശ്രദ്ധേയയായത്.
സായി ശ്വേത കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്
പ്രിയപ്പെട്ടവരെ ,
ഏറെ സങ്കടത്തോടെയാണ് ഈ കുറിപ്പ് ഞാൻ എഴുതുന്നത് .
മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും ഓൺലൈൻ ക്ലാസ്സിന് നിങ്ങൾ തന്ന വലിയ സപ്പോർട്ടിനും വിജയത്തിനും ശേഷം ധാരാളം പ്രോഗ്രാമുകൾക്ക് ഈ എളിയ എനിക്ക് ദിവസവും ക്ഷണം ലഭിക്കാറുണ്ട്. അതിൽ പ്രാദേശികമായ ഒട്ടേറെ പരിപാടികളിൽ ഒരു മാറ്റവുമില്ലാതെ പഴയതുപോലെ സന്തോഷത്തോടെ ഞാൻ പങ്കെടുക്കാറുള്ളത് നിങ്ങളിൽ ചിലരെങ്കിലും കണ്ടിട്ടുണ്ടാവുമല്ലോ .
advertisement
കഴിഞ്ഞ ദിവസം എനിക്ക് അപരിചിതമായ ഒരു നമ്പറിൽ നിന്നും ഫോൺ വന്നു. അപ്പോഴത്തെ തിരക്ക് കാരണം എടുക്കാൻ കഴിഞ്ഞില്ല. പല തവണ വിളിച്ചത് കൊണ്ട് ഗൗരവപ്പെട്ട കാര്യമാകുമെന്ന് കരുതി ഞാൻ തിരിച്ചു വിളിച്ചു. ഒരു സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു അത്. പെട്ടെന്ന് ഒരു മറുപടി പറയാനുള്ള ബുദ്ധിമുട്ട് കൊണ്ട് സിനിമയിൽ പ്രവർത്തിക്കുന്ന ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ നമ്പർ കൊടുക്കുകയും അദ്ദേഹത്തോട് സിനിമയുടെ വിശദാംശങ്ങൾ പറഞ്ഞാൽ നന്നാവുമെന്നും പറഞ്ഞു. എന്റെ ഭർത്താവും വിളിച്ച ആളോട് സംസാരിച്ചിരുന്നു. പിന്നീട് ആലോചിച്ച് നോക്കിയപ്പോൾ തല്ക്കാലം സിനിമ അഭിനയം വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയും എന്നെ വിളിച്ച ആളെ കുടുംബ സുഹൃത്ത് വഴി അത് അറിയിക്കുകയും ചെയ്തു.
advertisement
പക്ഷെ പിന്നീട് കാര്യങ്ങൾ മാറുന്ന അവസ്ഥയാണ് കണ്ടത്. എന്നെ വിളിച്ചയാൾ ഫേസ്ബൂക്കിലൂടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ നിരത്തി പൊതു സമൂഹത്തിൽ എന്നെ അങ്ങേയറ്റം അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടു. സോഷ്യൽ മീഡിയയിൽ സെലിബ്രെറ്റി സ്റ്റാറ്റസുള്ള, വക്കീലുകൂടിയായ അദ്ദേഹം ഒരാൾ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്തുകൊണ്ട് ഹീനമായി വ്യക്തിഹത്യ നടത്തുകയും സത്യം അറിയാതെ ഒട്ടേറെ പേർ അത് ഷെയർ ചെയ്യുകയും കമന്റിടുകയും ചെയ്തു.
advertisement
എന്നെ സ്നേഹിക്കുന്ന ധാരാളം പേർ അത് വായിച്ചു എന്നെ വിളിക്കുകയും അവരോടൊക്കെ മറുപടി പറയാനാവാതെ ഞാൻ വിഷമിക്കുകയും ചെയ്തു .
ഒരു സ്ത്രീയോട് അപരിചിതനായ ഒരാൾ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കിൽ സമൂഹ മധ്യത്തിൽ അയാൾക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലർ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത് . വിദ്യാസമ്പന്നരെന്ന് നമ്മൾ കരുതുന്നവർ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത്. ആദ്യം ഞാൻ വല്ലാതെ തളർന്നു പോയിരുന്നു.
advertisement
പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നൽകിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോൾ ഞാൻ തീരുമാനിച്ചിരിക്കുന്നത്.അതിന്റെ ഭാഗമായി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഒരു ടീച്ചർ എന്ന നിലയിൽ അതെന്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നു. ഈ വിഷയത്തിൽ കേരളീയ പൊതു സമൂഹത്തിന്റെ പിന്തുണ എനിക്ക് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
നിങ്ങളുടെ സ്വന്തം സായി ശ്വേത ടീച്ചർ
ശ്രീജിത്ത് പെരുമനയുടെ പോസ്റ്റ്
"സിനിമ ഓഫർ നിരസിച്ചതിന് അപമാനിച്ചു" എന്നൊക്കെ ക്യാപ്ഷനിട്ട് ചില വാർത്തകൾ പറന്നു നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ചില വസ്‌തുതകൾ പറയാതെ വയ്യ....
advertisement
ഒരു അടുത്ത സുഹൃത്ത് നിർമ്മിക്കുന്ന സിനിമയുടെ ഭാഗമായി പ്രവർത്തിക്കവെയാണ് സ്കൂൾ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയിലേക്ക് ടീച്ചറായി ഓൺലൈനിൽ വൈറലായ ടീച്ചർ വന്നാൽ എങ്ങനെയിരിക്കും എന്ന ആലോചന പ്രൊഡ്യൂസർ മുന്നോട്ട് വെച്ചത്. തുടർന്ന് സംവിധായകനുമായി ആലോചിച്ച് അവരെയും, അവരുടെ ഭർത്താവിനെയും, അവരുടെ മീഡിയ കമ്പനിയുടെ മാനേജരെയും ഫോണിൽ ബന്ധപ്പെടുകയും അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തത്.
എന്നാൽ വളരെ അപക്വമായിട്ടുള്ള അനുഭവമായിരുന്നു അവരുടെ മീഡിയ മാനേജരിൽ നിന്നുൾപ്പെടെ ലഭിച്ചത്. ആ അനുഭവങ്ങളും, സോഷ്യൽ മീഡിയയിൽ അടവെച്ച് മൂക്കാതെ പഴുപ്പിക്കുന്ന വൈറൽ താരോദയങ്ങളുടെ സാമൂഹിക ജീവിതങ്ങളെക്കുറിച്ചും രണ്ട് ദിവസങ്ങൾക്ക് മുൻപ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് അപമാനകരമാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് ടീച്ചർ പരാതി നൽകിയിട്ടുള്ളത്.
പരാതി നൽകിയതിനെ സ്വാഗതം ചെയ്തുകൊണ്ട് പറയട്ടെ, സിനിമയിൽ അഭിനയിക്കാത്തതുകൊണ്ട് അപമാനിച്ചു എന്ന് തലക്കെട്ടുകൾ കെട്ടുമ്പോൾ സിനിമയിൽ അഭിനയിക്കാത്തതിന് അവരെ ലൈംഗികമായോ, അശ്ലീലമായോ, വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, പ്രവൃത്തികൊണ്ടോ അപമാനിച്ചു എന്നാണ് തരളിതരായ ചില മലയാളികൾ വ്യാഖ്യാനിക്കുക.
അവർക്ക് അപമാനകരമായി തോന്നിയ പോസ്റ്റ് ഇപ്പോഴും എന്റെ ഫെയിസ്ബുക്കിലുണ്ട് അക്കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയുന്നു. സിനിമയിൽ അഭിനയിക്കാത്തതിന് അപമാനിച്ചു എന്ന മാധ്യമവാർത്തകൾക്കും, പരാതിക്കാരിക്ക് അപമാനമായി തോന്നിയതുമായ പഴയ പോസ്റ്റ്‌ ഇതോടൊപ്പം #repost ചെയ്യുന്നു. എന്റെ അനുഭവം എന്റെ അഭിപ്രായവും നിലപാടുമാണ് അതിൽ ദേവേന്ദ്രന്റെ അപ്പൻ മുത്തുപ്പട്ടർക്ക് പോലും റോളില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sai Swetha | അപമാനിച്ചുവെന്ന സായി ശ്വേത ടീച്ചറുടെ പരാതി; ശ്രീജിത്ത് പെരുമനക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
Next Article
advertisement
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
  • വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം 2 ദിവസത്തിനു ശേഷം തിരികെയെത്തി.

  • സിംഹത്തെ കണ്ടെത്താൻ തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു.

  • കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

View All
advertisement