Silverline| 'ബോധവൽക്കരണത്തിന് വരരുത്'; സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെ വീടുകൾക്ക് മുന്നിൽ പോസ്റ്റർ
- Published by:Rajesh V
- news18-malayalam
Last Updated:
സിൽവർലൈൻ അനുകൂലികൾ ബോധവൽക്കരണത്തിനായി വരരുത് എന്നാണ് പോസ്റ്ററിൽ പറയുന്നത്. വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ഭാഗമാണ് നിർദിഷ്ട പദ്ധതിയിലുള്ളത്. 2.06 ഹെക്ടർ ഭൂമി ഇതിന് ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകും.
ആലപ്പുഴ: സിൽവർലൈൻ (Silverline) പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവൽക്കരണത്തിനെത്തിയ സിപിഎം (CPM) നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെ ഇനി ബോധവൽക്കരണത്തിനു വരരുതെന്ന് പോസ്റ്റർ പതിച്ച് ചെങ്ങന്നൂർ പുന്തല (Punthala) നിവാസികൾ. വെൺമണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലാണ് പത്തിലേറെ വീടുകൾക്ക് മുന്നിൽ പോസ്റ്റർ പതിച്ചത്.
സിൽവർലൈൻ അനുകൂലികൾ ബോധവൽക്കരണത്തിനായി വരരുത് എന്നാണ് പോസ്റ്ററിൽ പറയുന്നത്. വെൺമണി പഞ്ചായത്തിൽ 1.70 കിലോമീറ്റർ ഭാഗമാണ് നിർദിഷ്ട പദ്ധതിയിലുള്ളത്. 2.06 ഹെക്ടർ ഭൂമി ഇതിന് ഏറ്റെടുക്കേണ്ടി വരും. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിലായി 67 വീടുകൾ പൂർണമായും 43 വീടുകൾ ഭാഗികമായും നഷ്ടമാകും.
നേരത്തേ പുന്തലയിൽ വിശദീകരണത്തിനെത്തിയ സിപിഎം നേതാക്കളെ നാട്ടുകാർ തിരിച്ചയച്ചിരുന്നു. ഇതുവഴി പാത കടന്നുപോകുന്നതിനോട് തനിക്കു യോജിപ്പില്ലെന്ന് വിശദീകരണത്തിനിടയിൽ പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പറഞ്ഞതും വിവാദമായി.
ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ നടപടി വേണ്ടെന്നാണ് പാർട്ടി നിലപാട് എന്നറിയുന്നു. രോഷാകുലരായ നാട്ടുകാരെ സമാധാനിപ്പിക്കാൻ പറഞ്ഞതാകുമെന്നാണ് കരുതുന്നതെന്ന് ഏരിയ സെക്രട്ടറി എം ശശികുമാർ പറഞ്ഞു. ഒരു ന്യായീകരണവും കേൾക്കേണ്ടെന്നും കിടപ്പാടം വിട്ടിറങ്ങാൻ തയാറല്ലെന്നും പാർട്ടി പ്രവർത്തകരോടു വ്യക്തമാക്കിയ നാട്ടുകാർ വിശദീകരണ ലഘുലേഖകൾ വാങ്ങാനും തയാറായിരുന്നില്ല. പ്രതിഷേധം ശക്തമായതോടെ പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരം എത്തിയതാണെന്നു പറഞ്ഞു നേതാക്കൾ സ്ഥലംവിട്ടു.
advertisement
'കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമെന്നല്ലെ പറയുന്നത്, എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?': മന്ത്രി സജി ചെറിയാൻ
സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ച് മന്ത്രി സജി ചെറിയാന്‍ വീണ്ടും രംഗത്ത്. ആലപ്പുഴയില്‍ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. വികസനം പറയുമ്പോൾ കേരളത്തിൽ മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങൾ പറയുന്നതെന്ന് മന്ത്രി പറഞ്ഞു.
വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. കാലത്തിനൊത്ത് വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിലെല്ലാം വികസനം നടപ്പാക്കണം. ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കപ്പെടുന്നുവെന്നും മന്ത്രി വിമർശിച്ചു.
advertisement
‘കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്? ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തിൽ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നം?’- സിൽവർലൈൻ പദ്ധതിയോടുള്ള എതിർപ്പുകളെ പരാമർശിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
40 വർഷം മുൻപ് വിദേശത്ത് പോയപ്പോൾ അവിടെ വലിയ മാളുകളുടെ ഉള്ളിൽ ട്രെയിൻ വന്നു നിൽക്കുകയും ആളുകൾ ഇറങ്ങി സാധനം വാങ്ങി കയറി പോകുകയും ചെയ്യുന്നത് കണ്ടതാണ്. അതിന് 200 കിലോമീറ്റർ വേഗമായിരുന്നു. ഇവിടെ 400 കിലോമീറ്റർ വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. കാസർകോട്- തിരുവനന്തപുരം 2 മണിക്കൂർ കൊണ്ട് എത്താനാകണം. പലതിനെയും ഇന്നലെവരെ എതിർത്തിട്ടുണ്ടാകും. അക്കാലം കഴിഞ്ഞു. ഇപ്പോൾ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാൽ നടക്കാതെ പോകുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2022 7:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Silverline| 'ബോധവൽക്കരണത്തിന് വരരുത്'; സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെ വീടുകൾക്ക് മുന്നിൽ പോസ്റ്റർ