• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഇരുട്ടിന്റെ മറവിൽ ഒളിച്ചു കടത്തുന്നതല്ല നവോത്ഥാനം: സർക്കാരിനെതിരെ പ്രീതി നടേശൻ

ഇരുട്ടിന്റെ മറവിൽ ഒളിച്ചു കടത്തുന്നതല്ല നവോത്ഥാനം: സർക്കാരിനെതിരെ പ്രീതി നടേശൻ

 • Share this:
  ആലപ്പുഴ : നവോത്ഥാനം എന്ന പേരിൽ പിണറായി സർക്കാർ വഞ്ചിച്ചുവെന്ന് പ്രീതി നടേശൻ. വനിതാ മതിലിന് തൊട്ടടുത്ത ദിവസം രണ്ട് സ്ത്രീകളെ പൊലീസ് അകമ്പടിയോടെ സന്നിധാനത്തെത്തിച്ചത് അത്യധികം വേദനയുണ്ടാക്കി. ഇരുട്ടിന്റെ മറവിൽ രഹസ്യമായി തലയിൽ തുണിയിട്ട് സ്ത്രീകളെ കടത്തിവിട്ടാൽ നവോത്ഥാനം ആകില്ല. പ്രതിഷേധങ്ങൾക്കും രക്തച്ചൊരിച്ചിലിനും ഇടയിൽ എങ്ങനെ നവോത്ഥാനമുണ്ടാകുമെന്നും  അവർ കുറ്റപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിണറായി സർക്കാരിനെതിരെ പ്രീതി നടേശൻ ആഞ്ഞടിച്ചത്.

  സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന വനിതാ മതിൽ പരിപാടിയുടെ സംഘാടകരിൽ ഒരാളായിരുന്നു എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ. എസ്എൻഡിപി എല്ലായ്പ്പോഴും വിശ്വാസികൾക്കൊപ്പമാണ്. തുടക്കം മുതൽ തന്നെ ആ നിലപാടാണ് സംഘടന സ്വീകരിച്ചത്. അതിൽ മാറ്റമില്ല. വിശ്വാസികൾക്ക് മുൻതൂക്കം നൽകുന്ന വിഭാഗമാണ് ഞങ്ങൾ. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുളള കോടതി വിധി വന്നപ്പോൾ തന്നെ ഞങ്ങൾ നിലപാട് വ്യക്തമാക്കിയിരുന്നു. ചില ആക്ടിവിസ്റ്റുകൾ പോകുമായിരിക്കും എന്നാൽ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ഒരു യുവതിയും ശബരിമലയില്‍ പോകില്ലായെന്ന്.

  ശ്രീനാരായണ ധർമ്മം പിന്തുടരുന്നവരാണ് ഞങ്ങൾ. ആർത്തവ ദിനങ്ങൾക്ക് ശേഷം ശുദ്ധിവരുത്തിയ ശേഷം മാത്രമെ സ്ത്രീകൾ ക്ഷേത്രത്തിനുളളിൽ പ്രവേശിക്കാവു എന്ന് ഗുരുസ്മൃതിയിൽ തന്നെ പറയുന്നുണ്ട്. ആർത്തവ ദിനങ്ങളിൽ സ്ത്രീകൾ ഉപയോഗിച്ചിരുന്ന വസ്തു വകകളും ശുദ്ധി വരുത്തണമെന്നും പറയുന്നുണ്ട്.

  അതുപോലെ കേരളത്തിലുള്ളവരാരും പല്ല് തേക്കാതെയും കുളിക്കാതെയും അമ്പലത്തില്‍ പോകാറില്ല. അത് പോലെ ഒരു ആചാരമാണിത് അല്ലാതെ അന്ധവിശ്വാസമല്ല. ഇന്ത്യയുടെ വൈവിദ്ധ്യപൂര്‍ണമായ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണീ ആചാരങ്ങളെന്നും അവർ കൂട്ടിച്ചേർത്തു.

  യുവതീ പ്രവേശനത്തിനെതിരെ തെരുവുകൾ തോറും പ്രതിഷേധം നടക്കുമ്പോഴും അത് മനസിലാക്കാനുള്ള മഹാമനസ്കത മുഖ്യമന്ത്രി കാണിക്കില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. നമ്മുടെ നാട്ടിൽ രാത്രി ഭയപ്പെടാതെ ഇറങ്ങി നടക്കാൻ സ്ത്രീകൾക്ക് കഴിയില്ല. സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക എന്നതിനല്ലേ സർക്കാർ പ്രാഥമിക പരിഗണന നൽകേണ്ടതെന്നും ഇവർ ചോദിക്കുന്നു.

  ശബരിമല യുവതീ പ്രവേശനത്തെ എതിർത്തു കൊണ്ട് തന്നെയായിരുന്നു വനിതാ മതിലിൽ പങ്കെടുത്തത്. ശബരിമലയെക്കുറിച്ചോ, യുവതിപ്രവേശത്തെ കുറിച്ചോ ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതിൽ പങ്കെടുക്കാതെ മടങ്ങുമായിരുന്നു. ഈ പരിപാടി നടന്നതിന് അടുത്ത ദിവസമാണ് രണ്ട് യുവതികൾ സന്നിധാനത്തെത്തിയത്. ഇത്തരത്തിൽ രഹസ്യമായി തലയിൽ തുണിയിട്ട് സ്ത്രീകളെ ഒളിച്ചു കടത്തി നവോത്ഥാനം സാധ്യമാകില്ല. ആ നടപടി നിരവധി പേരെയാണ് ബാധിച്ചത്.

  മുഖ്യമന്ത്രി ഇനിയെങ്കിലും തന്റെ കടുംപിടുത്തം വിട്ട് ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ തയ്യാറാകണമെന്നാണ് പ്രീതി നടേശൻ ആവശ്യപ്പെടുന്നത്.

  First published: