• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രിയ വർഗീസ് സ്ക്രീനിംഗ് കമ്മിറ്റിയെ കബളിപ്പിച്ചു'; അയോഗ്യയാക്കണമെന്ന് സെനറ്റ് അംഗം

'പ്രിയ വർഗീസ് സ്ക്രീനിംഗ് കമ്മിറ്റിയെ കബളിപ്പിച്ചു'; അയോഗ്യയാക്കണമെന്ന് സെനറ്റ് അംഗം

കണ്ണൂർ സർവകലാശാലയിൽ ഇന്റർവ്യൂ കഴിഞ്ഞു ഏഴു മാസമായിട്ടും ഫിസിക്കൽ വെരിഫിക്കേഷൻ പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹമാണ്- ഡോ. ആർ കെ ബിജു പറയുന്നു.

  • Share this:
    കണ്ണൂർ സർവകലാശാല മലയാളം  അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നൽകുന്നതിനു വേണ്ടി പ്രസിദ്ധീകരിച്ച താൽക്കാലിക പട്ടികയിൽ ഒന്നാം റാങ്ക് നല്കിയിട്ടുള്ള പ്രിയാ വർഗീസിനെ അയോഗ്യ ആക്കണമെന്നാവശ്യപെട്ട്  സെനറ്റ് അംഗം ഡോ. ആർ. കെ ബിജു വി സി ക്ക് കത്ത് നൽകി. സ്‌ക്രീനിംഗ് കമ്മറ്റിയെ കബളിപ്പിക്കുന്നതിന് ബോധപൂർവം അധ്യാപന പരിചയ സർട്ടിഫിക്കറ്റിനു പകരം കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ നൽകിയ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം പ്രീയ വർഗീസ് ഹാജരാക്കിയത് എന്ന് ചൂണ്ടികാട്ടിയാണ് കത്ത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാജേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകാൻ വഴി വിട്ട നീക്കം നടത്തുന്നതായുള്ള ആരോപണം നേരത്തെ തന്നെ വിവാദമായിരുന്നു.

    കണ്ണൂർ സർവ്വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നേടാനുള്ള യോഗ്യത പ്രിയ വർഗീസിന് ഇല്ലെന്നു വ്യക്തമാക്കുന്ന വിവരാവകാശ രേഖയും കത്തിനൊപ്പം സമർപ്പിച്ചതായി ഡോക്ടർ ബിജു വ്യക്തമാക്കി.
    "വിവരാവകാശരേഖകൾ പ്രകാരം ഡോ. പ്രിയ വർഗീസ് 29.07.2015 മുതൽ 9.2.2018 വരെ ഫാക്കൾട്ടി ഡെവലപ്പ്മെന്റ് പ്രോഗ്രാം പ്രകാരം പി എച്ച് ഡി പ്രോഗ്രാമിന്റെ ഭാഗമാവുകയും, തുടർന്ന് 7. 8. 2019 മുതൽ 15. 6. 2021 വരെ കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുകയുമാണ് ചെയ്തത്. കൂടാതെ 7. 7. 2021 മുതൽ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനം അനുഷ്ഠിച്ചു വരികയാണ്. പക്ഷെ കണ്ണൂർ സർവകലാശാലയിൽ അധ്യാപന പരിചയം തെളിയിക്കുവാൻ വേണ്ടി ഹാജരാക്കിയ എംപ്ലോയ്മെന്റ്  സർട്ടിഫിക്കറ്റിൽ ഇക്കാര്യങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല. ആയതിനാൽ സ്ക്രീനിങ് കമ്മിറ്റി അംഗങ്ങൾക്ക് മേൽ പറഞ്ഞ കാര്യങ്ങൾ  പരിശോധിക്കുവാൻ കഴിഞ്ഞിട്ടില്ല. " ഡോക്ടർ ആർ കെ ബിജു പറയുന്നു.

    Also Read- നിക്ഷേപ തുക തിരിച്ചു കൊടുക്കാൻ കഴിയാത്ത സഹകരണ സ്ഥാപനങ്ങളില്‍ 32 ബാങ്കുകൾ മാത്രം: മന്ത്രി വി എൻ വാസവൻ

    യൂജിസി ചട്ട പ്രകാരം ഗവേഷണകാലവും അനധ്യാപക തസ്തികയിലുള്ള ഡെപ്യൂട്ടേഷൻ കാലവും അധ്യാപന പരിചയമായി കണക്ക് കൂട്ടാനാവില്ല എന്ന വാദമാണ് സെറ്റ് അംഗം ഉന്നയിക്കുന്നത്.
    കേരള പബ്ലിക് സർവീസ് കമ്മീഷൻ സർട്ടിഫിക്കറ്റുകളുടെ മുഴുവൻ പരിശോധനയും കഴിഞ്ഞതിന് ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാറുള്ളത്. പക്ഷെ കണ്ണൂർ സർവകലാശാലയിൽ ഇന്റർവ്യൂ കഴിഞ്ഞു ഏഴു മാസമായിട്ടും ഫിസിക്കൽ വെരിഫിക്കേഷൻ പോലും നടത്താതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ദുരൂഹമാണ്, ഡോ. ആർ കെ ബിജു പറയുന്നു. അതുകൊണ്ടുതന്നെ വസ്തുതകൾ പരിശോധിച്ചു പ്രിയ വർഗീസിനെ വൈസ് ചാൻസിലർ അയോഗ്യ ആക്കണമെന്ന് ഡോക്ടർ ബിജു ആവശ്യപ്പെടുന്നു.
    പതിനഞ്ച് വർഷത്തെ അധ്യാപന പരിചയവും, വേണ്ടുവോളം ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ള രണ്ടാം റാങ്കുകാരനായ ഡോ. ജോസഫ് സ്കറിയ്ക്ക്  നിയമനം നൽകണമെന്നും കത്തിൽ ഡോ. ആർ. കെ. ബിജു ആവശ്യപെട്ടു. കത്ത് വൈസ് ചാൻസിലർ അനുഭാവപൂർവ്വം പരിഗണിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോക്ടർ ബിജു ന്യൂസ് 18 നോട് പറഞ്ഞു.
    Published by:Rajesh V
    First published: