ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി; പൊട്ടിക്കരഞ്ഞ് കൃഷ്ണനും സത്യനാരായണനും
Last Updated:
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫോണില്‍ നിന്നും ജില്ലാ യു.ഡി.എഫ്. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായരുടെ ഫോണിലേക്കാണ് രാഹുല്‍ വിളിച്ചത്.
കാസര്‍കോട്: പെരിയില്‍ കൊലക്കത്തിക്ക് ഇരയായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് രാഹുലിന്റെ ഫോണ്‍വിളിയെത്തിയത്.
രാഹുലിനോട് സംസാരിക്കുന്നതിനിടെ മക്കള്‍ നഷ്ടപ്പെട്ട സങ്കടം താങ്ങാനാകാതെ കൃഷ്ണനും സത്യനാരായണനും വിങ്ങിപ്പൊട്ടി. ഇതിനിടെ ഇടറിയ ശബ്ദത്തില്‍, കോണ്‍ഗ്രസ് നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഇംഗീഷില്‍ രാഹുല്‍ മറുപടി നല്‍കി. കേരളത്തില്‍ എത്തുമ്പോള്‍ പെരിയയിലെ വീട്ടിലെത്തുമെന്നും രാഹുല്‍ ഇരുവര്‍ക്കും ഉറപ്പ് നല്‍കി. രാഹുലിന്റെ വാക്കുകള്‍ കേട്ട് കൃഷ്ണനും സത്യനാരായണനും മുഖംപൊത്തി കരഞ്ഞു. ഡി.സി.സി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയാണ് രാഹുലിന്റെ സംഭാഷണം മലയാളത്തിലേക്ക് തര്‍ജിമചെയ്തുകൊടുത്തത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഫോണില്‍ നിന്നും ജില്ലാ യു.ഡി.എഫ്. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായരുടെ ഫോണിലേക്കാണ് രാഹുല്‍ വിളിച്ചത്. രണ്ടുപേരുടെയും കൈയില്‍ ഫോണ്‍ കൊടുക്കാന്‍ രാഹുല്‍ഗാന്ധി പറഞ്ഞു. അപ്പോഴേക്കും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പൊട്ടിക്കരഞ്ഞു പോയി. ശരത്ത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ കൃഷ്ണനെ ചേര്‍ത്തുപിടിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്റെ ആശ്വാസവാക്കുകള്‍ക്കിടെ അദ്ദേഹവും കരഞ്ഞു പോയി.
advertisement
ഞായറാഴ്ച രാത്രിയാണ് അക്രമിസംഘത്തിന്റെ വെട്ടേറ്റ് കൃപേഷും ശരത്തും മരിച്ചത്. കൃപേഷ് സംഭവസ്ഥലത്തും ശരത് മാംഗ്ലൂരിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരെയും അടുത്തടുത്താണ് സംസ്‌ക്കരിച്ചതും. സംഭവത്തില്‍ സിപി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2019 7:34 AM IST