RajyaSabha Election| മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്

Last Updated:

മാർച്ച് 24 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്.

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം പന്ത്രണ്ടിന് നടക്കും. വയലാര്‍ രവി, പി വി അബ്ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം 21ന് അവസാനിക്കുന്നത്. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ച് മണിക്ക് വോട്ടെണ്ണല്‍ നടക്കും. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സിപിഎമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച് എല്‍ഡിഎഫിന് രണ്ടു സീറ്റും യുഡിഎഫിന് ഒരു സീറ്റുമാണ് വിജയിപ്പിക്കാനാവുക.
മാർച്ച് 24 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ഏപ്രിൽ 3 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ 5 ആണ്. ഏപ്രിൽ 12 ന് രാവിലെ 9 മണി മുതൽ 4 മണി വരെയാണ് എം എൽ എ മാർക്ക് വോട്ട് ചെയ്യാനുള്ള സമയം. 5 മണിക്ക് ഫലം പ്രഖ്യാപിക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോട്ടെടുപ്പ്. പുതിയ നിയമസഭ പ്രാബല്യത്തില്‍ വന്നതിന് ശേഷമേ രാജ്യസഭാ തെരഞ്ഞെടുപ്പ് ഉണ്ടാവൂ എന്നാണ് പ്രതീക്ഷിച്ചിരുന്നത്.
advertisement
രാജ്യസഭ
കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് എന്ന പേരിൽ ഇന്നത്തെ രാജ്യസഭ നിലവില്‍വന്നത് 1952 ഏപ്രില്‍ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയില്‍ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ അധ്യക്ഷന്‍. എസ് വി കൃഷ്ണമൂര്‍ത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയര്‍മാനുമായി. ഉപരാഷ്ട്രപതി ചെയര്‍മാനും അംഗങ്ങള്‍ക്കിടയില്‍നിന്ന് തെരഞ്ഞെടുക്കുന്നയാള്‍ വൈസ് ചെയര്‍മാനുമാകുന്നു.
പരമാവധി അംഗസംഖ്യ 250
രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. ഇപ്പോള്‍ 245 അംഗങ്ങളാണുള്ളത്. ഇവരില്‍ 233 പേരെ തെരഞ്ഞെടുക്കുകയും 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുക്കുന്നവര്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന നിയമസഭാംഗങ്ങള്‍ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.
advertisement
അംഗങ്ങൾ ഇങ്ങനെ
ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂളില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍നിന്നാണ് ഏറ്റവും കൂടുതല്‍ അംഗങ്ങള്‍- 31. കേരളത്തിന് 9 അംഗങ്ങളുണ്ട്. ഡല്‍ഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും പ്രാതിനിധ്യമുണ്ട്. ആന്ധ്രപ്രദേശില്‍നിന്ന് തെലങ്കാന വേര്‍പെട്ടപ്പോള്‍ ആന്ധ്രയില്‍നിന്ന് ആകെയുള്ള രാജ്യസഭാംഗങ്ങളടെ എണ്ണവും വിഭജിക്കപ്പെട്ടു.
ആന്ധ്ര- 11, തെലങ്കാന- 7 ,അരുണാചല്‍പ്രദേശ്- 1, അസം- 7, ബിഹാര്‍- 16, ഛത്തീസ്ഗഢ്- 5, ഗോവ- 1, ഗുജറാത്ത്-11, ഹരിയാന- 5, ഹിമാചല്‍പ്രദേശ്- 3, ജമ്മു കശ്മീര്‍- 4, ഝാര്‍ഖണ്ഡ്- 6, കര്‍ണാടകം- 12, മധ്യപ്രദേശ്- 11, മഹാരാഷ്ട്ര- 19, മണിപ്പുര്‍- 1, മേഘാലയ- 1, മിസേറം-1,നാഗാലന്‍ഡ്- 1, ഒറീസ- 10, പഞ്ചാബ്- 7, രാജസ്ഥാന്‍-10, സിക്കിം- 1, തമിഴ്നാട്- 18, ത്രിപുര- 1, ഉത്തരാഞ്ചല്‍-3, പശ്ചിമ ബംഗാള്‍- 16 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍.
advertisement
നോമിനേറ്റഡ് അംഗങ്ങള്‍
നോമിനേറ്റഡ് അംഗങ്ങൾ സാഹിത്യം, കല, ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളില്‍ മികവു തെളിയിച്ചവരാകും. രാജ്യസഭ സ്ഥിരംസഭയെന്നാണ് അറിയപ്പെടുന്നത്. ഒരിക്കലും പിരിച്ചുവിടില്ല. രണ്ടുവര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കും.
കാലാവധി ആറുവർഷം
ആറുവര്‍ഷമാണ് ഒരംഗത്തിന്റെ കാലാവധി. എന്നാല്‍ ഒരാള്‍ മരിക്കുകയോ രാജിവയ്ക്കുകയോ മറ്റോ ചെയ്ത് ഉണ്ടാകുന്ന ഒഴിവില്‍ തെരഞ്ഞെടുക്കുന്നയാള്‍ക്ക് നിലവിലുണ്ടായിരുന്ന അംഗത്തിന്റെ ശേഷിച്ച കാലാവധി മാത്രമേ ലഭിക്കൂ.
30 വയസുതികഞ്ഞ ഇന്ത്യൻ പൗരന് മത്സരിക്കാം
മുപ്പതു വയസ്സ് തികഞ്ഞ ഒരു ഇന്ത്യന്‍ പൗരന് രാജ്യസഭയിലേക്ക് മത്സരിക്കാം. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാന്‍ 25 വയസ്സ് തികഞ്ഞാല്‍മതി.
advertisement
ഒറ്റ കൈമാറ്റ വോട്ട്
വോട്ടിങ് വേണ്ടിവന്നാല്‍ ഒറ്റ കൈമാറ്റ വോട്ട് (Single Transferable Vote) ആണ് ഉപയോഗിക്കുന്നത്. ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഒരേസമയം വോട്ട്ചെയ്യാന്‍ അവസരം നല്‍കുന്ന തെരഞ്ഞെടുപ്പു രീതിയാണിത്. ഒരാള്‍ക്ക് 1, 2, 3 തുടങ്ങിയ മുന്‍ഗണനാക്രമം നല്‍കി ആകെയുള്ള സ്ഥാനാര്‍ഥികള്‍ക്കെല്ലാം വോട്ട്ചെയ്യാം. ഇങ്ങനെ കിട്ടുന്ന വോട്ടിനെ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ പേരുകളിൽ വിളിക്കുന്നു. ഒരു നിശ്ചിത ഒന്നാം വോട്ട് കിട്ടുന്നവര്‍ ആദ്യറൗണ്ടില്‍ത്തന്നെ വിജയിക്കും. പിന്നീട് രണ്ടാംവോട്ടും മൂന്നാം വോട്ടും മറ്റും പരിഗണിച്ച് വിജയിയെ നിര്‍ണയിക്കും.
advertisement
പ്രത്യേക സൂത്രവാക്യം
ജയിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ഒന്നാം വേട്ടിന്റെ എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക സൂത്രവാക്യമുണ്ട്. (ആകെ എംഎൽഎമാരുടെ എണ്ണം X 100) ‌/ (ഒഴിവുകൾ + 1) + 1 എന്നതാണ് ഈ കണക്ക്. ഇതിന് ഡ്രൂപ് ക്വാട്ട (Droop quota) എന്നുപറയും. ഉദാഹരണത്തിനായി വിജയിക്കാനായി വേണ്ടത് 35 വോട്ടാണെങ്കിൽ വോട്ടെണ്ണുമ്പോള്‍ 35 വോട്ട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ബാക്കിയാണെങ്കില്‍ വോട്ടെണ്ണല്‍ തുടരും.
വിജയിച്ചയാള്‍ക്ക് 35 വോട്ടില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ആ അധികവോട്ട് അയാള്‍ക്ക് വോട്ട്ചെയ്തവര്‍ രണ്ടാംവോട്ട് ആര്‍ക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും. (ഇതേ രീതിയില്‍ അവരുടെ മൂന്നാം വോട്ട് രണ്ടാംവോട്ടുമാകും). ഈ വോട്ടുകള്‍ ലഭിക്കുമ്പോള്‍ 35 വോട്ട് തികയുന്ന സ്ഥാനാര്‍ഥിയെയും വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ബാക്കിയുണ്ടെങ്കില്‍ വോട്ടെണ്ണല്‍ തുടരും. ആരും 35 വോട്ട് നേടാത്ത സ്ഥിതിവന്നാല്‍ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോട്ടും അവശേഷിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു മാറ്റും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
RajyaSabha Election| മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement