തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാടുകളെ ചൊല്ലി ഫേസ്ബുക്കില്‍ മന്ത്രി തോമസ് ഐസക്കും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ വാക്പോര്. തോമസ് ഐസക് പ്രതിപക്ഷ നേതാവിന്റെ നിലപാടുകള്‍ക്കെതിരെ രംഗത്ത് വന്നതോടെയാണ് ഇരുവരും മറുപടി പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍ തുറന്ന വാക്പോര് ആരംഭിച്ചത്.
സ്ത്രീകളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ആര്‍ത്താവാശുദ്ധിയെക്കുറിച്ച് എന്താണഭിപ്രായം എന്നു ചോദിച്ചാല്‍ 51 വെട്ടിനെക്കുറിച്ചു പറയുന്ന 'വാട്ട് എബൗട്ടറി'യെന്ന അടവാണ് പ്രതിപക്ഷനേതാവിന്റേതെന്ന വിമര്‍ശനവുമായി നവംബര്‍ 29 നായിരുന്നു തോമസ് ഐസക് രംഗത്തെത്തിയത്. വിഷയത്തില്‍ തൊടാതെ ട്രപ്പീസ് കളിക്കുകയാണ് ചെന്നിത്തലയെന്നും ധനമന്ത്രി വിമര്‍ശിച്ചു. വിഷയം ശബരിമല യുവതീപ്രവേശമാണ്. അതേക്കുറിച്ചു ചോദിക്കുമ്പോള്‍ വിഷയം മാറ്റിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'ശബരിമല'വിഷയത്തിൽ ബിജെപിയിൽ വിഭാഗീയത രൂക്ഷം
വിശ്വാസികളെപ്പിടിച്ചാണല്ലോ, ഇരട്ടത്താപ്പിന്റെയും മലക്കം മറിയലിന്റെയും പുതിയ അടവുകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അവരുടെ കാര്യവും പറയാം. ഏതു വിശ്വാസിയ്ക്കൊപ്പമാണ് ചെന്നിത്തലയും സംഘവുമെന്നും മന്ത്രി ചോദിച്ചു. 'നിയന്ത്രണങ്ങളില്‍ പൊറുതി മുട്ടി ആര്‍എസ്എസുകാര്‍ സമരം ഉപേക്ഷിച്ചുപോകുമ്പോള്‍ അവരുടെ വക്കാലത്ത് എന്തിനാണ് പ്രതിപക്ഷനേതാവ് ഏറ്റെടുക്കുന്നത്? ആര്‍എസ്എസുകാരായ വത്സന് തില്ലങ്കരി മുതല്‍ കെ.സുരേന്ദ്രന് വരെയുള്ളവര്‍ക്കെതിരെ ഒരക്ഷരം പ്രതിപക്ഷനേതാവ് ഉച്ചരിക്കാത്തത് എന്തുകൊണ്ടാണ്?' മന്ത്രി ഫേസ്ബുക്കിലൂടെ ചോദിച്ചു.
ഇതിനു മറുപടിയുമായെത്തിയ ചെന്നിത്തല ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നതായിരുന്നു ആര്‍എസ്എസിന്റെയും സിപിഎമ്മിന്റെയും പണ്ടുമുതലേയുള്ള നിലപാടെന്ന പറഞ്ഞാണ് ധനമന്ത്രിക്ക മറുപടി നല്‍കിയത്. കാലിയായ കസേരകളെക്കണ്ടു നിര്‍വൃതി അടഞ്ഞതോടെയാണു തോമസ് ഐസക് തന്റെ തട്ടകം ഫേസ്ബുക് പേജാണെന്നു മനസിലാക്കിയതെന്നും ഐസക്കിന്റെ കുറിപ്പു വായിച്ചു ചിരിയാണു വന്നതെന്നും പറഞ്ഞു.
സുരേന്ദ്രന് വേണ്ടി സുപ്രീം കോടതി അഭിഭാഷകരെ രംഗത്തിറക്കും
'ഞാന്‍ പറഞ്ഞത് 'അറം പറ്റും' എന്നൊക്കെയാണ് ഐസക് എഴുതുന്നത്. വൈരുധ്യാത്മക ഭൗതികവാദത്തിലും ഇടയ്ക്കു നാലാംലോക വാദത്തിലും വിശ്വസിച്ച ഐസക് 'അറ' ത്തിലൊക്കെ വിശ്വസിക്കുന്നുവെന്നത് അതിശയിപ്പിക്കുന്നു. ഐസക്കിന്റെ ഫേസ്ബുക് പേജ് ഒന്നോടിച്ചു നോക്കി. കേരളം ഒരു മാസത്തിലെറെയായി ചര്‍ച്ച ചെയ്യുന്ന ഒരു സ്ത്രീപീഡനത്തെക്കുറിച്ച് അതിലൊരു വരിയില്ല. എന്തിന്, സിപിഎമ്മിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പി.കെ. ശശിയെ എന്തിനു പുറത്താക്കിയെന്നു പറയാന്‍ പോലും ഐസക്കിനു കഴിഞ്ഞിട്ടില്ല.' എന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ ഈ പോസ്റ്റിനും മറുപടിയുമായി ഇന്നലെ വൈകീട്ടോടെ ധനമന്ത്രി രംഗത്തെത്തുകയായിരുന്നു. ബൂമറാങ്ങാവുന്ന ഉപമകള്‍ പ്രയോഗിക്കാന്‍ ഒരു പ്രത്യേക സിദ്ധി തന്നെയുണ്ട്, നമ്മുടെ പ്രതിപക്ഷ നേതാവിനെന്ന് പറഞ്ഞായിരുന്നു ഐസക് തന്റെ മറുപടി തന്നെ തുടങ്ങിയത്. സ്വയം തുലഞ്ഞ് കേരളത്തിന്റെ മതനിരപേക്ഷ, നവോത്ഥാനപാരമ്പര്യത്തെയും കെടുത്തിക്കളയാനുള്ള ക്വട്ടേഷനാണല്ലോ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഏറ്റിരിക്കുന്നതെന്നും ആശാന്റെ വണ്ടേ നീ തുലയുന്നു, വിളക്കും കെടുത്തുന്നു' എന്ന വരികള്‍ അദ്ദേഹത്തിനോര്‍മ്മ വരുന്നത് സ്വാഭാവികമാണെന്നും ഐസക് പറയുന്നു.
സിപിഎമ്മിന്റെ നിലപാടിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശബരിമല വിഷയത്തിലെ നിലപാടുകളും പ്രസ്ഥാവനകളും സഹിതമാണ് ഐസ്ക് മറുപടി നല്‍കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.