മിസ്റ്റര്‍ തോമസ് ഐസക്, തിരിഞ്ഞുകൊത്തുന്ന ഭൂതകാലവുമായി വെല്ലുവിളിക്കാന്‍ വരരുത്

Last Updated:
തിരുവനന്തപുരം: ധനമന്ത്രി ടി.എം.തോമസ് ഐസക്കിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തേവര എസ്എച്ച് കോളജില്‍ കെഎസ്.യു പാനലില്‍ ഒന്നാം പ്രീഡിഗ്രി പ്രതിനിധി ആയിരുന്നു ഐസക്കെന്നും ചെന്നിത്തല പറയുന്നു.
പിണറായി വിജയന്‍ 1977ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസുകാരുടെ വോട്ട് വാങ്ങി ജയിച്ചതിന്റെ കൂറ് കൊണ്ടായിരിക്കണം വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ചതിനെ ന്യായീകരിച്ചതെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടാക്കാട്ടി. തിരിഞ്ഞുകൊത്തുന്ന ഭൂതകാലവുമായി ഐസക്ക് വെല്ലുവിളിക്കാന്‍ വരരുതെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
പിണറായി വിജയന്‍ 1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസുകാരുടെ വോട്ട് വാങ്ങിയാണു ജയിച്ചതെന്ന എന്റെ വാദത്തിനു മുന്നില്‍ ധനമന്ത്രി തോമസ് ഐസക് വലിയ തര്‍ക്കത്തിനു പോകാതിരുന്നതും പ്രതിരോധം തീര്‍ക്കാതിരുന്നതും നന്നായി. ആര്‍എസ്എസിന്റെ അന്നത്തെ രാഷ്ട്രീയ രൂപമായിരുന്ന ജനസംഘത്തിന്റെ വോട്ടാണ് 743 മാത്രമുണ്ടായിരുന്ന പിണറായി വിജയന്റെ ഭൂരിപക്ഷം നാലായിരം കടത്തി വിട്ടത്. ആ കൂറ് കൊണ്ടായിരിക്കണം ശബരിമലയില്‍ വത്സന്‍ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ചതിനെ പോലും മുഖ്യമന്ത്രി ന്യായീകരിച്ചത്.
advertisement
തനിക്ക് ഇഷ്ട്ടമില്ലാത്തതു മുഴുവന്‍ വാട്ട് എബൗട്ടറി പറഞ്ഞു ബൗണ്ടറിക്കപ്പുറത്തേക്കു തട്ടിമാറ്റുന്ന ഐസക് മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം.
സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നം ശബരിമലയില്‍ മാത്രം ഒതുക്കേണ്ടതല്ല. ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് രാഹുല്‍ഗാന്ധി, വക്താവ് രണ്‍ദീപ് സുര്‍ജേവാല എന്നിവരുടെ അഭിപ്രായം കഴിഞ്ഞ പോസ്റ്റില്‍ തോമസ് ഐസക് ഉദ്ധരിച്ചുകണ്ടു. തന്റെ വ്യക്തിപരമായ അഭിപ്രായം മറിച്ചാണെങ്കില്‍ പോലും കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ചു സംസ്ഥാന ഘടകത്തിന് നിലപാട് സ്വീകരിക്കാന്‍ അനുവാദം നല്‍കിയതുവഴി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തിളക്കം കൂടിയിട്ടേയുള്ളൂ. വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവരുടെ തലവെട്ടിക്കളയുകയോ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുകയോ ചെയ്യുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസ്.
advertisement
ഭിന്നാഭിപ്രായങ്ങളുടെ കാറ്റും വെളിച്ചവും കടക്കാന്‍ കഴിയുന്ന വിശാലമായ പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നു തേവര എസ്എച്ച് കോളജില്‍ കെഎസ്യു പാനലില്‍ ഒന്നാം പ്രീഡിഗ്രി പ്രതിനിധി ആയിരുന്ന ആളായിട്ട് പോലും തോമസ് ഐസക്കിന് മനസിലാകുന്നില്ല എന്നതു വിചിത്രമായി തോന്നുന്നു. പിന്നീടാണല്ലോ അങ്ങ് മഹാരാജാസ് വഴി എസ്എഫ്‌ഐയില്‍ എത്തുന്നത്.
സ്ത്രീകളുടെ അവകാശത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ശബരിമലയില്‍ മാത്രം ഒതുങ്ങരുത് എന്നുപറയുമ്പോള്‍ ഐസക് ഇത്ര അസ്വസ്ഥതപ്പെടുന്നത് എന്തിനാണ്? രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നും ഒരു വിദ്യാര്‍ത്ഥി കൂടിയായിരിക്കണം. സിപിഎമ്മിന്റെ കഴിവ്‌കേടുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഭാവിയില്‍ തിരുത്താനുള്ള സൗമനസ്യം നിങ്ങള്‍ക്ക് ഉണ്ടാകണം. ദേശീയ ജനറല്‍ സെക്രട്ടറി കസേര അവിടെ നില്‍ക്കട്ടെ; എത്ര വനിതാ ഏരിയ സെക്രട്ടറിമാര്‍ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്? എത്ര വനിതാ ജില്ലാ സെക്രട്ടറിമാര്‍ ഐസക്കിന്റെ പാര്‍ട്ടിക്ക് ഉണ്ടായിട്ടുണ്ട്? സ്ത്രീവാദം കോണ്‍ഗ്രസിനെ പഠിപ്പിക്കുമ്പോള്‍ ഇതൊക്കെ ആലോചിക്കേണ്ടേ?
advertisement
കുറച്ചു വാട്ട്അബൗട്ടറി കൂടി പറയാം. തുടര്‍ച്ചയായി 19 വര്‍ഷം ഒരു വനിത നയിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. യുപിഎ സര്‍ക്കാരുകളുടെ വിജയശില്പി സോണിയ ഗാന്ധി ആയിരുന്നു. രാജ്യത്തിനു വനിതാ പ്രധാനമന്ത്രി, വനിതാ പ്രസിഡന്റ്, വനിതാ സ്പീക്കര്‍ എന്നിവരെ സംഭാവന ചെയ്ത പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തെയാണു പ്രാകി തോല്‍പ്പിക്കാന്‍ ഐസക് ശ്രമിക്കുന്നത്.
സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാന്‍ സാധ്യത ഉണ്ടായപ്പോള്‍ രണ്ട് തവണ കലം ഉടച്ചവരല്ലേ സിപിഎമ്മുകാര്‍ ? സുശീല ഗോപാലന്റെ സാധ്യതകളെ വോട്ടിനിട്ട് തള്ളിയപ്പോള്‍, ആ വെട്ടിനിരത്തലുകാരുടെ കൂടെയായിരുന്നു ബഹുമാനപ്പെട്ട ഐസക് നിലയുറപ്പിച്ചത് എന്നു മറന്നുപോകരുത്. പട്ടിക ജാതി -പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട എത്ര വനിതാ നേതാക്കളെ സിപിഎം ഇതുവരെ സംസ്ഥാനത്ത് മന്ത്രിമാര്‍ ആക്കിയിട്ടുണ്ട്? പട്ടിക വര്‍ഗവിഭാഗത്തില്‍ നിന്നും ഒരു വനിതാ മന്ത്രി ഉണ്ടായത് യുഡിഎഫ് ഭരിച്ചപ്പോഴായിരുന്നു.
advertisement
മിസ്റ്റര്‍ തോമസ് ഐസക്, തിരിഞ്ഞുകൊത്തുന്ന ഭൂതകാലവുമായി വെല്ലുവിളിക്കാന്‍ വരരുത്. ആര്‍എസ്എസ് ഒരിക്കലും സിപിഎമ്മിന്റെ ശത്രുക്കള്‍ ആയിരുന്നില്ല. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ എത്രതവണയാണ് നിങ്ങള്‍ സംഘപരിവാറുമായി സന്ധി ചെയ്തിരുന്നത്. 1989 കാലത്ത് വി.പി.സിങ് മന്ത്രിസഭയെ താങ്ങിനിര്‍ത്തിയിരുന്നത് ബിജെപിയും സിപിഎമ്മും ചേര്‍ന്നായിരുന്നല്ലോ.
അന്ന് കോ ഓര്‍ഡിനേഷന്‍ സമിതി ചേരാന്‍ സിപിഎം നേതാക്കള്‍ അശോക റോഡിലെ ബിജെപി ഓഫീസിലും ബിജെപി നേതാക്കള്‍ ഗോള്‍മാര്‍ക്കറ്റിലെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫിസസായ ഭായ് വീര്‍സിംഗ് മാര്‍ഗിലെ എകെജി ഭവനിലും കൂടിയിട്ടുണ്ട് എന്നോര്‍ക്കുക. മുതിര്‍ന്ന ബിജെപി നേതാവായ എല്‍.കെ.അഡ്വാനിയുടെ ഡല്‍ഹിയിലെ വസതിയില്‍ അത്താഴവിരുന്ന് കഴിക്കുമ്പോള്‍ നിങ്ങളെ ഒരുമിപ്പിച്ച ഏക രുചി കോണ്‍ഗ്രസ് വിരുദ്ധതയായിരുന്നു. ഈ നിങ്ങളാണോ ആര്‍എസ്എസിനെതിരെയുള്ള പ്രതിരോധ മുറകള്‍ പഠിപ്പിക്കാന്‍ വരുന്നത്?
advertisement
ഇന്ത്യയുടെ ഡിഎന്‍എ ഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇവിടെ വിശ്വാസികള്‍ ഉണ്ട്, അവിശ്വാസികള്‍ ഉണ്ട്. ക്ഷേത്രത്തിലും പള്ളിയിലും പോകുന്നവരുണ്ട്. ദൈവം ഇല്ലെന്നു വിശ്വസിക്കുന്നവരുമുണ്ട്. മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് രണ്ടാമന്റെ പാതയാണു ശബരിമല വിഷയത്തില്‍ സിപിഎം പിന്തുടരുന്നത്: 'ഒന്നുകില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പം അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിരും' ഈ തിയറി അവസാനിപ്പിക്കണം. കേഡര്‍ സംവിധാനവും കുടുംബശ്രീ വഴിയും സംഘടിപ്പിക്കുന്ന വനിതാകൂട്ടായ്മയില്‍, ശബരിമലയില്‍ ആചാരങ്ങള്‍ പാലിക്കണം എന്ന് സിപിഎം കൊണ്ടുവന്ന സ്ത്രീകള്‍ തന്നെ പറയുന്നത് കേട്ടിരുന്നല്ലോ. സിപിഎമ്മിലും 90 ശതമാനം വിശ്വാസികള്‍ തന്നെയെന്നെന്നും പൊതുവെ സമ്മതിച്ചതാണല്ലോ.
advertisement
ചന്ദനകുറിയും കുങ്കുമകുറിയും തൊടുന്നവരും കാവിമുണ്ടും കറുപ്പ്മുണ്ടും ഉടുക്കുന്നവരും ക്ഷേത്രത്തില്‍ പോകുന്നവരും ഇതുവരെ വിശ്വസിച്ച മൂര്‍ത്തിയുടെ ക്ഷേത്രത്തില്‍ ആചാരലംഘനം നടക്കുന്നതില്‍ വേദന തോന്നിയപ്പോള്‍ നാമജപവുമായി തെരുവില്‍ ഇറങ്ങിയവരും ആര്‍എസ്എസ് അല്ല എന്ന് ഐസക് മനസ്സിലാക്കണം.
വി.എസ്.ശിവകുമാറും വി.ഡി.സതീശനുമൊക്കെ ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്നുപറഞ്ഞു മാസങ്ങള്‍ക്ക് മുന്‍പേ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പത്രസമ്മേളനം വിളിച്ചത് ഓര്‍മയുണ്ടോ? സംഘപരിവാറിന് ഇല്ലാത്ത മാഹാത്മ്യം ഉണ്ടാക്കി കൊടുക്കുന്ന പരിപാടി ഇനിയെങ്കിലും നിര്‍ത്തണം. ബിജെപിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയായുള്ള പ്രവര്‍ത്തനം സിപിഎം അവസാനിപ്പിക്കണം. ബിജെപിയെ ശക്തിപ്പെടുത്തി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന സിപിഎമ്മിന്റെ കൗശലക്കെണിയില്‍ കേരളത്തിന്റെ മതേതരമനസ് വീഴില്ല എന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മിസ്റ്റര്‍ തോമസ് ഐസക്, തിരിഞ്ഞുകൊത്തുന്ന ഭൂതകാലവുമായി വെല്ലുവിളിക്കാന്‍ വരരുത്
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement