'കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട: ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ളാദം മതി': രമേശ് ചെന്നിത്തല

Last Updated:

മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ളാദം മതിയെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്ക്ഡൗണ്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കുമെന്നും അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന സംശയം ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മെയ് 2 ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ളാദം മതിയെന്നും രമേശ് ചെന്നിത്തല കൂട്ടി ചേര്‍ത്തു.
'ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചുള്ള വിജയഹ്ളാദം മതി. ലോക്ക്ഡൗണിനോട് യോജിപ്പില്ല. പ്രേട്ടോകോള്‍ പാലിച്ച് എല്ലാവരും സഹകരിക്കണം. ലോക്ക്ഡൗണ്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടാകും. ജീവിതം വഴിമുട്ടും. കണ്ടെയ്ന്‍മെന്റ് സോണ്‍ വേണ്ടിടത്ത് അത് ചെയ്യണം. പൊതുവായുള്ള ലോക്ക്ഡൗണ്‍ ഒഴിവാക്കുകയും വേണം. ഞായറാഴ്ച്ചത്തെ ലോക്ക്ഡൗണ്‍ നല്ലതാണ്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജനജീവിതത്തെ ബാധിക്കും. അത് കേരളത്തിന് താങ്ങാന്‍ കഴിയുമോയെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സര്‍ക്കാരാണ് പറയേണ്ടത്. സമ്പൂര്‍ണ അടച്ചിടല്‍ വേണ്ടായെന്നതാണ് പൊതു അഭിപ്രായം. ജനങ്ങളുടെ അവസ്ഥ കണക്കിലെടുക്കണം. ദൈനംദിന ജീവിതം നയിക്കുന്നവരുടെ ജിവിതം കണക്കിലെടുക്കണം. ചെറുകിട ഫാക്ടറികള്‍, കച്ചവടക്കാര്‍ തുടങ്ങിയവരുടെ ജീവിതം കണക്കിലെടുക്കണം. കടകള്‍ 9 വരെ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ അഭിപ്രായം.’ രമേശ് ചെന്നിത്തല പറഞ്ഞു.
advertisement
സംസ്ഥാനത്ത് യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതിനിടെ, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു. രോഗതീവ്രത കുറഞ്ഞ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇനി ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. 72 മണിക്കൂര്‍ ലക്ഷണം കാണിച്ചില്ലെങ്കില്‍ ഇവരെ വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റാമെന്ന് പുതിയ മാനദണ്ഡത്തില്‍ പറയുന്നു. ഈ വിഭാഗത്തിലുള്ളവര്‍ പോസിറ്റീവ് ആയതുമുതല്‍ 17 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണമെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു. പുതിയ കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കിയത്.
advertisement
നേരിയ ലക്ഷണം മാത്രമുള്ളവര്‍ 17 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം. ഇതിനിടയില്‍ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. നിരീക്ഷണത്തില്‍ തുടരുന്ന കാലയളവില്‍ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടോ എന്ന് രോഗികള്‍ സ്വയം പരിശോധിക്കണമെന്നും പുതിയ മാനദണ്ഡത്തില്‍ പറയുന്നു. ഇടത്തരം രോഗതീവ്രതയുള്ള രോഗികള്‍ക്ക് ലക്ഷണം അവസാനിച്ച് മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഡിസ്ചാര്‍ജ് നല്‍കാം. രോഗാവസ്ഥ പരിഗണിച്ച് വീട്ടിലേക്കോ പ്രഥമതല, ദ്വിതീയതല ചികിത്സാ കേന്ദ്രത്തിലേക്കോ ഇവരെ മാറ്റാം. ഇതുസംബന്ധിച്ച തീരുമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വീകരിക്കാം.
advertisement
ഗുരുതര രോഗികള്‍ക്ക് മാത്രമേ ഡിസ്ചാര്‍ജ് ചെയ്യാന്‍ ആന്റിജന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളു. ഗുരുതര രോഗികള്‍ ലക്ഷണം തുടങ്ങി പതിനാലാം ദിവസമാണ് ആന്റിജന്‍ പരിശോധന നടത്തേണ്ടത്. തുടര്‍ന്ന് മൂന്നുദിവസം കൂടി നിരീക്ഷിച്ച് കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് നല്‍കും. അതേസമയം ഫലം പോസിറ്റീവാണെങ്കില്‍ തുടര്‍ന്നുള്ള ഓരോ 48 മണിക്കൂറിലും വീണ്ടും പരിശോധിക്കണമെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട: ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള വിജയാഹ്ളാദം മതി': രമേശ് ചെന്നിത്തല
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement