Guruvayur Temple | ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ 43 ലക്ഷത്തിന് ലേലം ചെയ്തു; സ്വന്തമാക്കിയത് വിഘ്നേഷ് വിജയകുമാര്‍
- Published by:Arun krishna
- news18-malayalam
Last Updated:
ദുബായിൽ ബിസിനസുകാരനായ വിഘ്നേഷിനു വേണ്ടി മാനേജർ അനൂപാണ് ലേലം വിളിക്കാനെത്തിയത്
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ (Guruvayur Temple) വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ((Mahindra Thar) ദേവസ്വം ഭരണസമിതി പുനർലേലം ചെയ്തു. 43 ലക്ഷം രൂപയ്ക്ക് അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് കാർ സ്വന്തമാക്കിയത്. ദുബായിൽ ബിസിനസുകാരനായ വിഘ്നേഷിനു വേണ്ടി മാനേജർ അനൂപാണ് ലേലം വിളിക്കാനെത്തിയത്. 15 പേർ ലേലത്തില്‍ പങ്കെടുത്തു. 15 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ലേലം ആരംഭിച്ചത്. മഹീന്ദ്ര കമ്പനി വഴിപാടായി ക്ഷേത്രത്തിന് സമര്‍പ്പിച്ച വാഹനമാണ് ദേവസ്വം ലേലം ചെയ്തത്.
മഹീന്ദ്ര കമ്പനി 2021 ഡിസംബർ 4ന് ക്ഷേത്രത്തിൽ വഴിപാടായി നൽകിയ ഥാർ, ഡിസംബർ 18ന് തന്നെ ദേവസ്വം ലേലം ചെയ്തിരുന്നു. ബഹ്റൈനിലുള്ള പ്രവാസി വ്യവസായിയും എറണാകുളം ഇടപ്പള്ളി സ്വദേശിയുമായ അമല്‍ മുഹമ്മദ് അലിയാണ് ആദ്യം വാഹനം ലേലത്തില്‍ പിടിച്ചത്. ഇദ്ദേഹത്തിന് വേണ്ടി സുഭാഷ് പണിക്കര്‍ എന്നയാള്‍ മാത്രമാണ് അന്ന് ലേലത്തില്‍ പങ്കെടുക്കാനെത്തിയത് 15.10 ലക്ഷമായിരുന്നു ലേലത്തുക.
advertisement
എന്നാൽ, വേണ്ടത്ര പ്രചാരം നൽകാതെ കാർ ലേലം ചെയ്തതും ലേലത്തിൽ ഒരാൾ മാത്രം പങ്കെടുത്തിട്ടും ലേലം ഉറപ്പിച്ചു നൽകിയതും ചോദ്യം ചെയ്ത് ഹിന്ദു സേവാസംഘം ഹൈക്കോടതിയിൽ പരാതി നൽകി. തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരം ഏപ്രിൽ 9ന് ദേവസ്വം കമ്മിഷണർ ഡോ. ബിജു പ്രഭാകർ ഗുരുവായൂരിൽ സിറ്റിങ് നടത്തി പരാതികൾ കേട്ടു. അന്ന് 8 പേർ പരാതികൾ അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ദേവസ്വം ഭാഗം വിശദീകരിച്ചു. ഇതിന് ശേഷമാണ് ഥാർ വീണ്ടും ലേലം ചെയ്യണമെന്ന് ദേവസ്വം കമ്മിഷണർ ഉത്തരവിട്ടത്.
advertisement
ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു.2021 ഡിസംബര്‍ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കാണിക്കയായി നല്‍കിയതാണ് ഈ വാഹനം. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണു ക്ഷേത്രത്തിലേക്കു മഹീന്ദ്ര കമ്പനി സമര്‍പ്പിച്ചത്.
ഗുരുവായൂരപ്പന് സമർപ്പിച്ച special edition ഫോർ വീൽ ഡ്രൈവ് ഥാര്‍ മഹീന്ദ്ര വാഹനത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വി. മോഡൽ ഇതിനോടകം തന്നെ ഇന്ത്യയിൽ സൂപ്പർഹിറ്റാണ്. ഇതിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പാണ് ഗുരുവായൂരിൽ സമർപ്പിച്ചത്. ചുവപ്പ് നിറത്തിലുള്ള ഥാറിന്റെ ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനാണ് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ കാണിക്കയായി എത്തിയത്.
advertisement
2020 ഒക്ടോബര്‍ രണ്ടിന് വിപണിയില്‍ എത്തിയ ഈ വാഹനം ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ഫോര്‍ വീല്‍ ഡ്രൈവ് വാഹനമെന്ന പേരിൽ പ്രശസ്തമാണ്. ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയതോടെ ഏറ്റവും സുരക്ഷിതമായ ഓഫ് റോഡ് വാഹനമെന്ന അംഗീകാരവും ഉണ്ട്. വിപണിയില്‍ എത്തി കുറഞ്ഞ കാലം കൊണ്ട് നിരവധി അവാര്‍ഡുകളാണ് ഈ വാഹനം നേടിയിട്ടുള്ളത്. എ.എക്സ്. എല്‍.എക്സ്. എന്നീ രണ്ട് വേരിയന്റുകളിലാണ് ഥാര്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഥാറില്‍ സ്ഥാനം പിടിച്ചിട്ടുള്ള പുതുതലമുറ ഫീച്ചറുകളാണ്.
advertisement
പെട്രോള്‍-ഡീസല്‍ എന്‍ജിനുകളുടെ കരുത്തിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമാണ് ഥാര്‍ എത്തുന്നത്. 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍.എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 06, 2022 12:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Guruvayur Temple | ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ 43 ലക്ഷത്തിന് ലേലം ചെയ്തു; സ്വന്തമാക്കിയത് വിഘ്നേഷ് വിജയകുമാര്‍