ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അജിയുടെ മരണം; കുറിപ്പിലെ 'എൻഎം' ആരെന്ന് പോലീസ് കണ്ടെത്തി
- Published by:Sarika N
- news18-malayalam
Last Updated:
കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനുമുമ്പ് വിശദമായ അന്വേഷണം ആവശ്യമാണെന്ന് കമ്മീഷണർ വ്യക്തമാക്കി
തിരുവനന്തപുരം: ആർ.എസ്.എസ്. ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണമുയർത്തി ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി സ്വദേശി അനന്തു അജിയുടെ (24) മരണത്തിൽ അന്വേഷണം പ്രദേശവാസിയായ ആർ.എസ്.എസ്. പ്രവർത്തകനിലേക്ക് നീങ്ങുന്നു. അനന്തു മരണക്കുറിപ്പിൽ പരാമർശിച്ച 'എൻ.എം' എന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവുകൾ ശേഖരിച്ചശേഷം പ്രേരണാക്കുറ്റം ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനുമുമ്പ് വിശദമായ അന്വേഷണം ആവശ്യമാണെന്ന് കമ്മീഷണർ തോംസൺ ജോസ് വ്യക്തമാക്കി.
അനന്തുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലും ഈ പേരുണ്ട്. ആർ.എസ്.എസ്. ക്യാമ്പിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റിലെ ഉള്ളടക്കം. തമ്പാനൂരിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് അനന്തുവിനെ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പിന്നീട് പുറത്തുവന്ന ഷെഡ്യൂൾ ചെയ്ത പോസ്റ്റിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലമാക്കി. മൊബൈൽ ഫോൺ പരിശോധിച്ചതിൽ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ വിവരങ്ങൾ അല്ലാതെ മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്ന് കമ്മീഷണർ അറിയിച്ചു. കുടുംബം ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
അതേസമയം, അനന്തുവിന്റെ അസ്വാഭാവിക മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആർ.എസ്.എസ്. പരാതി നൽകി. മരണക്കുറിപ്പിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആർ.എസ്.എസ്. കോട്ടയം വിഭാഗ് കാര്യവാഹ് ആർ. സാനു കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 15, 2025 11:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അജിയുടെ മരണം; കുറിപ്പിലെ 'എൻഎം' ആരെന്ന് പോലീസ് കണ്ടെത്തി