തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം നാളെ നടക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. സ്ത്രീപ്രവേശനത്തിന് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന സുപ്രീം കോടതി തീരുമാനിച്ച പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗത്തിലൂടെ സമവായ നീക്കത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മണ്ഡലകാലം തുടങ്ങുന്നതിന്റെ തലേദിവസമാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തയാറായതെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കിയെങ്കിലും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസും ഇതു നിഷേധിച്ചിരുന്നു. എന്നാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ കോടതി തീരുമാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം.
തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരുമായും മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. സര്‍വകക്ഷിയോഗത്തിനു ശേഷമായിരിക്കും ഇവരുമായിട്ടുള്ള കൂടിക്കാഴ്ച. സര്‍വകക്ഷിയോഗത്തിലേക്ക് നിയമസഭയില്‍ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ക്ഷണിക്കുമെന്നാണ് സൂചന. അതേസമയം സാമുദായിക സംഘടനകളെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.
സെപ്തംബര്‍ 28ലെ സുപ്രീംകോടതി വിധി വന്നതു മുതല്‍ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യമായിരുന്നു സര്‍വകക്ഷി യോഗം. ഇതുവരെ ആ ആവശ്യത്തോട് മുഖംതിരിച്ച സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുകയാണ്. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനുമുണ്ടായ അനിഷ്ട സംഭവങ്ങള്‍ മണ്ഡലകാലത്തും ഉണ്ടായാല്‍ കാര്യങ്ങള്‍ കൈവിടുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ സഹകരണം തേടി സര്‍വകക്ഷി യോഗം വിളിക്കുന്നത്. 15ന് രാവിലെ 11ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല മകരവിളക്ക് തീര്‍ഥാടന ഒരുക്കങ്ങള്‍ക്കു പുറമേ കോടതിവിധിയെ തുടര്‍ന്നുള്ള സാഹചര്യങ്ങളും യോഗം വിലയിരുത്തും.
പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള താത്കാലിക സൗകര്യങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. ഇടത്താവളങ്ങളില്‍ സൗജന്യ ഭക്ഷണം നല്‍കും. തീവണ്ടി മാര്‍ഗം കൂടുതലായെത്തുന്ന ചെങ്ങന്നൂരിലും താത്കാലിക സൗകര്യം ഏര്‍പ്പെടുത്തും. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണമോയെന്ന് എന്‍.ഡി.എ യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള വ്യക്തമാക്കി. വിശ്വാസികള്‍ക്ക് നീതി നല്കാന് തയാറല്ലെന്ന നിലപാടിലാണു സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.