കൊച്ചി: പ്രസംഗത്തിനിടെ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
ഇക്കഴിഞ്ഞ ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം പരിപാടിയിൽ പ്രസംഗിക്കവെയാണ് സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയത്. ‘കുന്തവും കുടച്ചക്രവുമല്ല ഭരണഘടന’ എന്ന സജി ചെറിയാന്‍റെ പരമാർശം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സജി ചെറിയാനെ നിയമസഭാംഗത്വത്തിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തെത്തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.മന്ത്രി സ്ഥാനം രാജി വെച്ചതു കൊണ്ടുമാത്രം കാര്യമില്ലെന്നും ഭരണഘടനയെ അപമാനിച്ച സജി ചെറിയാനെ എംഎല്‍എയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നുമാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.
അതിനിടെ ഭരണഘടനാവിരുദ്ധ പ്രസംഗത്തിൽ പൊലീസ് നടത്തിവരുന്ന അന്വേഷണം ഉടൻ അവസാനിപ്പിക്കുമെന്നാണ് സൂചന. ഭരണഘടനയ്ക്കെതിരെ സജി ചെറിയാൻ സംസാരിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. കൊച്ചി സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് തിരുവല്ല കോടതിയുടെ നിർദേശപ്രകാരം സജി ചെറിയാനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.