'ശൈലജയ്ക്ക് മാഗ്സസെ' CPM തീരുമാനം മാറിയത് മുതിർന്ന നേതാവിന്റെ താത്വികാവലോകനത്തിലെന്ന് സൂചന
- Published by:Rajesh V
- news18-malayalam
Last Updated:
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു മുതിർന്ന നേതാവ് താത്വികമായി അവലോകനം നടത്തി പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വത്തെ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം
തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയ്ക്ക് (KK Shailaja) 2022ലെ മാഗ്‌സസെ പുരസ്കാരം (Ramon Magsaysay Award)ലഭിക്കാനുള്ള അവസരം പാർട്ടി നേതൃത്വം നിഷേധിച്ചുവെന്ന വാർത്ത ചർച്ചയാകുന്നു. പുരസ്കാരം സ്വീകരിക്കണമോ വേണ്ടയോ എന്ന് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജ പാർട്ടിയോട് ആലോചിച്ചിരുന്നു. ആദ്യം കേന്ദ്ര നേതൃത്വം അനുകൂലമായ നിലപാടെടുത്തു. എന്നാൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു മുതിർന്ന നേതാവ് താത്വികമായി അവലോകനം നടത്തി പുരസ്കാരം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വത്തെ എത്തിക്കുകയായിരുന്നുവെന്നാണ് വിവരം.
കമ്മ്യൂണിസ്റ്റ് ഗറില്ലകളെ ഒതുക്കുന്നതിൽ പേരുകേട്ട മാഗ്‌സസെയുടെ പേരിലുള്ളതിനാൽ സ്വീകരിക്കരുതെന്നും മുതിർന്ന നേതാവ് നിലപാടെടുക്കുകയായിരുന്നു. ഇത്തരമൊരു അവാർഡ് അവാർഡ് കമ്യൂണിസ്റ്റ് വിരുദ്ധമാകുമെന്നും സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലും അദ്ദേഹം മുന്നോട്ടുവെച്ചു.
ആരോഗ്യമന്ത്രി എന്ന നിലയിൽ പാർട്ടി ഏൽപ്പിച്ച കടമ മാത്രമാണ് ശൈലജ നിർവഹിച്ചതെന്നാണ് നേതൃത്വം വിലയിരുത്തിയത്. കൂടാതെ, നിപ്പയും കോവിഡ് മഹാമാരിയും പ്രതിരോധിച്ചത് സംസ്ഥാനത്തിന്റെ കൂട്ടായ ശ്രമത്തിന്റെ ഭാഗമായിരുന്നു. അതിനാൽ ഒരാളുടെ വ്യക്തിഗത മേന്മ എന്ന നിലയിൽ അവാർഡ് സ്വീകരിക്കേണ്ടതില്ലെന്ന അന്തിമ നിലപാടിലേക്ക് പാർട്ടി നേതൃത്വം എത്തിക്കുകയായിരുന്നു.
advertisement
നിപ, കോവിഡ് 19 എന്നിവ നേരിടുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കാനും ഫലപ്രദമായി നേതൃത്വം നല്‍കിയെന്ന് വിലയിരുത്തിയാണ് 64ാമത് മാഗ്സസെ പുരസ്കാരത്തിന് കെ കെ ശൈലജയെ അവാർഡ് ഫൗണ്ടേഷൻ പരിഗണിച്ചത്. ഏഷ്യയുടെ നോബൽ പുരസ്കാരമായി കണക്കാക്കപ്പെടുന്ന മാഗ്‌സസെ അവാർഡ് അന്തരിച്ച ഫിലിപ്പീൻസ് പ്രസിഡന്റിന്റെ പേരിലുള്ള രാജ്യാന്തര ബഹുമതിയാണ്.
നിപ ബാധയും കോവിഡ് പകർച്ചവ്യാധിയും ഫലപ്രദമായി കൈകാര്യം ചെയ്തതിന് കേരളം ആഗോള അംഗീകാരം നേടിയിരുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള ഒരു ചെറിയ സംസ്ഥാനം എങ്ങനെയാണ് ശാസ്ത്രീയമായ രീതിയിൽ മഹാമാരിയെ പ്രതിരോധിക്കുന്നത് എന്ന് എടുത്തുകാണിച്ച വിവിധ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ശൈലജയെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരുന്നു. ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ അവാർഡിന്റെ പൊതു പ്രഖ്യാപനം നടത്തേണ്ടതായിരുന്നു. ശൈലജയെ പരിഗണിച്ചശേഷം ഫൗണ്ടേഷൻ രാജ്യത്തെ ഏതാനും പ്രമുഖരുമായി ആശയവിനിമയം നടത്തിയിരുന്നു.
advertisement
ശൈലജയുമായി ഫൗണ്ടേഷൻ പ്രതിനിധികൾ ഓൺലൈൻ ആശയവിനിമയം നടത്തി. പിന്നീട് ജൂലായ് അവസാനത്തോടെ അവാർഡ് വിവരം അറിയിച്ചു. അന്താരാഷ്‌ട്ര ബഹുമതിക്ക് തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിച്ച് മുൻ മന്ത്രിക്ക് അയച്ച ഇ-മെയിലിൽ, അവാർഡ് സ്വീകരിക്കാനുള്ള അവളുടെ സന്നദ്ധത രേഖാമൂലം അറിയിക്കാൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. 2022 സെപ്റ്റംബർ മുതൽ നവംബർ വരെ അവാർഡുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും ഫൗണ്ടേഷൻ ക്രമീകരിച്ചിരുന്നു.
advertisement
പിന്നാലെ ശൈലജ പാർട്ടി നേതൃത്വത്തോട് വിവരം ധരിപ്പിച്ചു. ആദ്യം പച്ചക്കൊടി കാട്ടിയ നേതൃത്വം തീരുമാനം മാറ്റിയതിനെ തുടർന്ന് അവാർഡ് സ്വീകരിക്കാൻ കഴിയില്ലെന്ന് കാണിച്ച് ശൈലജ ഫൗണ്ടേഷന് കത്തയച്ചു.
പാർട്ടി പച്ചക്കൊടി കാട്ടിയിരുന്നെങ്കിൽ മാഗ്‌സസെ ലഭിക്കുന്ന ആദ്യ മലയാളി വനിതയായി ശൈലജ മാറുമായിരുന്നു. വിവിധ മേഖലകളിൽ നിസ്വാർത്ഥ സേവനങ്ങൾ ചെയ്യുന്ന വ്യക്തികൾക്കും സംഘടനകൾക്കുമാണ് മാഗ്സസെ പുരസ്കാരം നൽകുന്നത്. ശൈലജ അവാർഡ് സ്വീകരിക്കുന്നതിനെ പാർട്ടി അനുകൂലിച്ചിരുന്നെങ്കിൽ, വർഗീസ് കുര്യൻ, എം എസ് സ്വാമിനാഥൻ, ബി ജി വർഗീസ്, ടി എൻ ശേഷൻ എന്നിവർക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയായി അവർ മാറുമായിരുന്നു. ഒരു രാഷ്ട്രീയ നേതാവിന് ഈ അവാർഡ് ലഭിക്കുന്നതും ആദ്യമായേനേ.
advertisement
വിനോബ ഭാവെ, മദർ തെരേസ, ജയപ്രകാശ് നാരായൺ തുടങ്ങിയ നേതാക്കളുടെയും സാമൂഹിക പരിഷ്കർത്താക്കളുടെയും പേരിനൊപ്പം മുൻമന്ത്രിയുടെ പേരും ഇടംപിടിക്കുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2022 10:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശൈലജയ്ക്ക് മാഗ്സസെ' CPM തീരുമാനം മാറിയത് മുതിർന്ന നേതാവിന്റെ താത്വികാവലോകനത്തിലെന്ന് സൂചന