തിരുവനന്തപുരം: 2014 ലോകസഭ തെരഞ്ഞെടുപ്പ് കാലം. ഇപ്പോഴത്തെ നിയമസഭ സ്പീക്കർ എ എൻ ഷംസീർ വടകര ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. എതിരാളി മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ 3306 വോട്ടുകൾക്ക് എഎൻ ഷംസീർ തോറ്റു. അപ്പോഴാണ് സംവിധായകൻ രഞ്ജിത്തിന്റെ ഒരു ഫോൺ വിളി ഷംസീറിനെ തേടിയെത്തുന്നത്. തന്റെ സിനിമയിൽ ഒരു സീനിൽ അഭിനയിക്കാമോ എന്ന് ചോദ്യം.
ആദ്യമൊക്കെ ഒഴിഞ്ഞ് മാറിയ ഷംസീർ നിർബന്ധം കൂടിയപ്പോൾ തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ അടുക്കൽ എത്തി. കോടിയേരി സഖാവിന്റെ അഭിപ്രായം തേടിയിട്ട് സിനിമയിൽ അഭിനയിക്കാമെന്ന് ഷംസീർ തീരുമാനിച്ചു. അങ്ങനെ കോടിയേരി ബാലകൃഷ്ണനോട് ഷംസീർ വിഷയം അവതരിപ്പിച്ചു. സംവിധായകൻ രഞ്ജിത്തിന്റെ സിനിമയിലെ ഒരു സീനിൽ അഭിനയിക്കാൻ ക്ഷണമുണ്ട് എന്ന് പറഞ്ഞു.
Also Read- വിദേശത്തു പോയ ഭാര്യയെ കുറിച്ച് വിവരമില്ലെന്ന് ഭർത്താവ്; വീടിന് അടുത്ത് കുഴിച്ചപ്പോൾ ഭാര്യയുടെ അസ്ഥികൂടം
ഒരു നിമിഷം ഷംസീറിനെ നോക്കിയ കോടിയേരി, ഒടുവിൽ ഇങ്ങനെ പറഞ്ഞു, ” നീ തിരഞ്ഞെടുപ്പിൽ തോറ്റു നിൽക്കുകയാണ്, ഇപ്പോൾ നീ പോയി അഭിനയിച്ചാൽ, അയാൾ തിരഞ്ഞെടുപ്പിൽ തോറ്റു ഇപ്പോൾ സിനിമയിൽ പോയി ഇരിക്കുകയാണ് എന്ന് നാട്ടുകാർ പറയും. അതുകൊണ്ട് വേണ്ടാത്ത പണിക്ക് ഒന്നും നിൽക്കണ്ട, നീ ഈ പണി തന്നെ എടുത്താൽ മതി”
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിലാണ് നിയമസഭാ സ്പീക്കർ തനിക്ക് ലഭിച്ച സിനിമ അവസരത്തെ കുറിച്ച് പറഞ്ഞത്. നടനും നിർമാതവുമായ മണിയൻപിള്ള രാജുവിന്റെ ‘ചിരിച്ചും ചിരിപ്പിച്ചും’ എന്ന പുസ്തകവും പ്രകാശനം ചെയ്തു.
കെ. ബി. ഗണേഷ് കുമാര്‍ എം. എല്‍.എബി.ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു, മണിയന്‍പിള്ള രാജു, ടിനി ടോം, സംവിധായാകൻ വിപിന്‍ ദാസ് തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.