'കുടുംബം തകർന്നിട്ടില്ല, ഞാൻ ആത്മഹത്യ ചെയ്തിട്ടില്ല': സ്പീക്കർ ശ്രീരാമകൃഷ്ണൻ
- Published by:user_57
- news18-malayalam
Last Updated:
നുണപ്രചരണങ്ങൾക്കെതിരെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഫേസ്ബുക് വീഡിയോയിൽ
സ്പീക്കർ ശ്രീരാമകൃഷ്ണൻ ആത്മഹത്യയുടെ വക്കിലാണെന്ന തരത്തിലെ വ്യാജ പ്രചാരണം നടത്തിയ പേരുവെളിപ്പെടുത്താത്ത വ്യക്തിക്കെതിരെ ഫേസ്ബുക് ലൈവിൽ ശ്രീരാമകൃഷ്ണൻ. തന്റെ കുടുംബം തകരുകയോ, താൻ ആത്മഹത്യ ചെയ്യേണ്ടതോ ആയ കാര്യമില്ല എന്ന് ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിനും ഹാജരായില്ലായിരുന്നു. അസുഖമുള്ളതിനാല്‍ ഹാജരാകില്ലെന്നാണ് കസ്റ്റംസിന് നൽകിയിരിക്കുന്ന വിശദീകരണം.
ഫേസ്ബുക് വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചുവടെ:
"ആത്മഹത്യയുടെ മുന്നിൽ അഭയം പ്രാപിക്കുന്ന വ്യക്തിയല്ല ഞാൻ. അത്ര ഭീരുവുമല്ല. ഏത് അന്വേഷണ ഏജൻസിയുടെ മുൻപിലും എപ്പോൾ വേണമെങ്കിലും ആവശ്യമുള്ള വിവരങ്ങൾ നൽകാവുന്നതാണ്. അവർ ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അതിന്റെ ചിട്ടവട്ടങ്ങൾ കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് അത് യാഥാർഥ്യമാക്കുന്നതിൽ ഒരു തടസ്സവുമില്ല. എന്നാൽ രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ മനോഭാവത്തോടെ എന്റെ മരണം പ്രതീക്ഷിക്കുന്ന, മരണം ആഗ്രഹിക്കുന്ന തരത്തിലെ പ്രചാരണം നടക്കുന്നു. എനിക്കെതിരെയുള്ള വ്യക്തിപരമായ, ആക്രമണമായി ഞാൻ അതിനെ കരുതുന്നില്ല. ആ സുഹൃത്തിനോട് ഞാൻ പറയുന്നു, നിങ്ങൾ അതിൽ പരാജയപ്പെടും, എന്റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വേരിലുമാണ് ഞാൻ നിൽക്കുന്നത്," ശ്രീരാമകൃഷ്ണൻ പറഞ്ഞു.
advertisement
കഴിഞ്ഞ ദിവസം രാവിലെ 11- ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കസ്റ്റംസ് നിര്‍ദേശം നല്‍കിയിരുന്നത്. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.
സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ചാക്കയിലെ ഫ്ലാറ്റ് തന്‍റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്. നിരവധി തവണ ഫ്ലാറ്റിലേക്ക് വിളിച്ചിട്ടും താൻ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് കീഴ്പെടാത്തതിനാൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.
advertisement
സിഎം ഓഫിസിൽ ശിവശങ്കരിന്റെ ടീം ഉണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സി എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവർ. സർക്കാരിന്റെ പല പദ്ധതികളും ഇവർ ബിനാമി പേരുകളിൽ എടുത്തിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്വപ്നയുടെ മൊഴി ഉൾപെടുത്തിയത്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന പറയുന്നു.
സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. സ്പീക്കർക്ക് ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്നും ഷാർജയിൽ ഇതേ കോളജിന്റെ ശാഖ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തു വന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാന്‍ സ്പീക്കര്‍ ഷാര്‍ജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം സമർപ്പിച്ച മൊഴിയുടെ പകർപ്പാണ് പുറത്തുവന്നത്.
advertisement
സ്വപ്ന സുരേഷിന്റെ വാട്സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന, പി. സ്പീക്കർക്കർക്ക് എതിരായുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. ലഫീർ എന്ന വ്യക്തിയെ പരാമർശിച്ച് ഒരു വാട്സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴാണ് സ്പീക്കറുടെ പേര് വെളിപ്പെടുത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2021 10:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുടുംബം തകർന്നിട്ടില്ല, ഞാൻ ആത്മഹത്യ ചെയ്തിട്ടില്ല': സ്പീക്കർ ശ്രീരാമകൃഷ്ണൻ