ജനതാദൾ എസ് പിളർപ്പിലേക്ക്; മുൻ അധ്യക്ഷൻ സികെ നാണുവിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി
- Published by:Naseeba TC
- news18-malayalam
Last Updated:
മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും ദേശീയ നേതൃത്വത്തിനും എതിരായ നീക്കങ്ങളുടെ തുടർച്ചയാണ് ജനതാദളിലെ കലാപം.
തിരുവനന്തപുരം: ജനതാദൾ എസ് പിളർപ്പിലേക്ക്. ജെഡിഎസ് മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.നാണുവിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കാനാണ് തീരുമാനം. നാളെ തിരുവനന്തപുരത്ത് സമാന്തര സംസ്ഥാന കൗൺസിൽ ചേരും. നാളത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സി.കെ.നാണു ന്യൂസ് 18 നോട് പറഞ്ഞു.
മന്ത്രി കെ.കൃഷ്ണൻകുട്ടിക്കും ദേശീയ നേതൃത്വത്തിനും എതിരായ നീക്കങ്ങളുടെ തുടർച്ചയാണ് ജനതാദളിലെ കലാപം. സി.കെ.നാണുവിന്റെ അധ്യക്ഷതയിലുണ്ടായിരുന്ന സംസ്ഥാന
കമ്മിറ്റി ദേശീയ നേതൃത്വം അടുത്തിടെ പിരിച്ചുവിട്ടിരുന്നു. പകരം മാത്യു തോമസിനെ സംസ്ഥാന പ്രസിഡന്റാക്കി. ഇതും പിളർപ്പിനു പ്രധാന കാരണങ്ങളിലൊന്നാണ്.
ബിജെപിയുമായി സഖ്യത്തിന് ശ്രമിക്കുന്ന ദേവഗൗഡയുടെ നേതൃത്വത്തെയും തള്ളിപ്പറയും. സംസ്ഥാന ഭാരവാഹികൾ ഭൂരിപക്ഷവും തങ്ങൾക്കൊപ്പം എന്നാണ് വിമത വിഭാഗത്തിന്റെ അവകാശവാദം. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് തോമസ്, മാത്യു ജോൺ, ചന്ദ്രകുമാർ സംസ്ഥാന സെക്രട്ടറി മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലകും നാളെ കൗൺസിൽ ചേരുന്നത്.
advertisement
കെ.കൃഷ്ണൻകുട്ടിയുടെ മന്ത്രി സ്ഥാനം അടക്കം പെയ്മെൻറ് സീറ്റ് ആണെന്ന ഗുരുതര ആരോപണമുണ്ട്. മുൻ ദേശീയ നേതാവ് ഡാനിഷ് അലിക്ക് പണം നൽകി സംസ്ഥാനത്ത് പാർട്ടിയിലും സർക്കാരിലും സ്ഥാനമാനങ്ങൾ നേടിയെടുക്കുകയായിരുന്നെന്നാണ് ആരോപണം. ഇതിന്റെ തെളിവുകൾ നാളെ പുറത്തുവിടുമെന്നും നേതാക്കൾ പറയുന്നു.
പുതിയ പാർട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരാനാണ് ആലോചന. എന്നാൽ കുറുമാറ്റത്തിന്റെ നിയമ വശങ്ങൾ പരിശോധിച്ച ശേഷമേ സികെ നാണു ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. നാളത്തെ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. പ്രശ്നപരിഹാരത്തിന് ശ്രമം നടത്തുന്നെന്നാണ് സികെ നാണുവിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2020 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനതാദൾ എസ് പിളർപ്പിലേക്ക്; മുൻ അധ്യക്ഷൻ സികെ നാണുവിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി