കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ പരോൾ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രൻ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ന്യൂഡൽഹി: കോവിഡ് (Covid) വ്യാപനത്തെ തുടർന്ന് പരോൾ (parole) ലഭിച്ച തടവുകാർ ജയിലിലേക്ക് തന്നെ മടങ്ങണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചക്കുള്ളിൽ തടവുകാർ മടങ്ങണമെന്നും ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ പരോൾ നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കെ സി രാമചന്ദ്രൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
രാജ്യത്ത് എല്ലാ കാര്യങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികൾ അർഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജയിലിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് വർഷത്തിന് മുകളിൽ തടവ് ശിക്ഷ ലഭിച്ച പ്രതികൾക്ക് പരോൾ നൽകാൻ കോടതി ഉത്തരവിട്ടത്. പ്രത്യേക സാഹചര്യത്തിൽ അനുവദിച്ച പരോൾ അനന്തമായി നീട്ടി നൽകാൻ കഴിയില്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പത്ത് വർഷത്തിലധികം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്കാണ് സുപ്രീംകോടതി വിധിയെ തുടർന്ന് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരിക. എന്നാൽ, തടവ് പുള്ളികൾ ഒരുമിച്ച് ജയിലിലേക്ക് മടങ്ങുന്നത് സ്ഥിതി സങ്കീർണമാക്കുമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യം കൈകാര്യം ചെയ്യാൻ ജയിൽ അധികൃതർക്ക് അറിയാമെന്ന് കോടതി മറുപടി നൽകി.
പരോൾ നീട്ടി നൽകുന്നതിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർ എതിർത്തു. സംസ്ഥാനത്ത് എല്ലാ മേഖലകളിലും സ്ഥിതി സാധാരണ ഗതിയിൽ ആയെന്നും ഇരുവരും കോടതിയെ അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.