Lightning | ഇടിത്തീ പോലെ മിന്നൽ മുറിക്കകത്ത്; ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയുണ്ടായ ഇടിമിന്നൽ ബാബുവും ഭാര്യയും കിടന്ന മുറിയുടെ ഒരു ഭാഗത്താണ് വന്നു പതിച്ചത്
കണ്ണൂര്‍: വീട്ടിനുള്ളിൽ ഇടിമിന്നൽ പതിച്ച സംഭവത്തിൽ ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ആലക്കല്‍ റോഡിന് സമീപം എം.വി ബാബുവും ഭാര്യയുമാണ് ഇടിമിന്നലിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയുണ്ടായ ഇടിമിന്നൽ ബാബുവും ഭാര്യയും കിടന്ന മുറിയുടെ ഒരു ഭാഗത്താണ് വന്നു പതിച്ചത്. ശക്തമായ കാറ്റിലും മിന്നലിലും വീടിന്‍റെ വശങ്ങളും മേൽക്കൂരയും തകർന്നു. മിന്നൽ വന്ന് പതിച്ചതോടെ തറയിലെ മാർബിൾ ആഴത്തിൽ തകർന്ന നിലയിലാണ്. ഇടമിന്നൽ അപകടത്തിൽ ബാബുവും ഭാര്യയും കിടന്ന കട്ടിലിന്‍റെ കാലും പലകയും തകർന്നു. കാലിന് ഷോക്കേറ്റതായി ബാബു പറയുന്നു.
തുടരെത്തുടരെ ചെറിയ മിന്നൽ ഉണ്ടായിരുന്നു. ഈ മിന്നലിൽ വീട്ടിലെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് വൻ ശബ്ദത്തോടെ ഇടിമിന്നൽ മുറിക്കകത്ത് പതിച്ചതെന്നും ബാബു പറയുന്നു. വീടിനോട് ചേർന്ന് സ്ഥാപിച്ച നായക്കൂട് മിന്നലിൽ സമീപത്തെ കാട്ടിലേക്ക് തെറിച്ചുപോയി. മരത്തിന്‍റെ കൂടായതുകൊണ്ട് മാത്രം നായയ്ക്ക് കുഴപ്പമൊന്നും സംഭവിച്ചില്ല.
വീടിന് പുറത്ത് തറക്കല്ല് അടർന്നുപോകുകയും വിണ്ടുകീറുകയും ചെയ്ത നിലയിലാണ്. ഇതാദ്യമായാണ് പ്രദേശത്ത് ഇത്തരത്തില്‍ മിന്നല്‍ പതിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്ത് ശക്തമായ മിന്നല്‍ ഉണ്ടായെങ്കിലും അന്ന് ഒരു തെങ്ങിന് മാത്രമാണ് കേടുപാട് സംഭവിച്ചത്. ഓട്ടോ ഡ്രൈവര്‍ ആണ് ബാബു. വീടിന്‍റെ അറ്റകുറ്റപ്പണിക്ക് സർക്കാർ സഹായത്തിനായി അപേക്ഷ നൽകുമെന്ന് ബാബു അറിയിച്ചിട്ടുണ്ട്.
advertisement
ജൂൺ 7 മുതൽ കാലവർഷം ശക്തമാകും; ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ കുറയുമെന്ന് പ്രവചനം
നേരിയ തോതിൽ മഴയുണ്ടെങ്കിലും കേരളത്തിൽ കാലവർഷം (Monsoon) ഇനിയും ശക്തമായിട്ടില്ല. ഈ മാസം ഏഴിന് ശേഷമാണ് കേരളത്തിൽ കാലവർഷം ശക്തമാകുകയെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കരയിൽ വ്യാപകമായി കയറാൻ പര്യാപ്തമായ നിലയിൽ പടിഞ്ഞാറൻ കാറ്റ് സ്ഥിരത പാലിക്കാത്തതാണ് മൺസൂൺ ലഭ്യത കുറവിന് കാരണം.
ഉച്ചകഴിഞ്ഞും വൈകുന്നേരവും മാത്രം കിഴക്കൻ പ്രദേശങ്ങളിലും മഴയുണ്ടാകും. ഇതേ സ്ഥിതി ഈ മാസം ആറ് വരെ തുടരും. ജൂൺ ഏഴ് മുതൽ അന്തരീക്ഷ സ്ഥിതി മഴക്കനുകൂലമായി മെച്ചപ്പെടും. കൂടുതൽ ഇടങ്ങളിലേക്ക് കൂടുതൽ സമയങ്ങളിലും ശക്തിയിലും മഴ ലഭിച്ച് മൺസൂൺ ഉണർവ് കൈവരിക്കും.
advertisement
ജൂൺ രണ്ടാം വാരം മൺസൂൺ കേരളത്തിൽ ഊർജിതമാകും. എങ്കിലും ജൂൺ രണ്ടാം വാരത്തിൽ മഴ ചില ദിവസങ്ങളിൽ കുറയും. ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ സാധാരണയേക്കാൾ കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ സൂചന നൽകിയിരുന്നു.
കേരളത്തിൽ കാലവർഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാൻ കാരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പുറത്തായതിനാൽ കാലവർഷം വടക്കോട്ട് പുരോഗമിക്കുന്നതിനും തടസ്സം ഉണ്ടാകും. എങ്കിലും അടുത്ത ഏതാനും ദിവസങ്ങളിൽ കാലവർഷം മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലും എത്താൻ സാധ്യതയുണ്ട്.
advertisement
കഴിഞ്ഞദിവസം വടക്കൻ കേരളത്തിൽ കോഴിക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴ കാലവർഷത്തിന്റ ഭാഗമല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ചക്രവാത ചുഴിയുടെ സ്വാധീനമാണ് കനത്തമഴക്ക് കാരണമായത്. കാലവർഷത്തിന്റെ ഭാഗമായി ഇടിയോടു കൂടിയുള്ള മഴയല്ല ഉണ്ടാവുക.
രാത്രികാലങ്ങളിൽ സംവഹന മേഘങ്ങളുടെ സാന്നിധ്യം മൂലമാണ് ഇപ്പോൾ കേരളത്തിൽ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നത്. കാലവർഷക്കാറ്റ് സജീവമാകുന്നതോടെ ഈയൊരു സാഹചര്യം മാറ്റം വരുകയും സാധാരണ രീതിയിലുള്ള കാലവർഷത്തിന് ഭാഗമായ മഴ ലഭിക്കുകയും ചെയ്യും.
advertisement
തമിഴ്നാട്ടിലും മഴയുണ്ടാകും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ പെയ്യുന്ന മഴ കാലവർഷത്തിന്റെ ഭാഗമാണ്. അതിനാൽ അവിടെ ഇടക്കിടെ മഴ ശക്തമായി തുടരും. തെക്കു കിഴക്കൻ അറബിക്കടലിൽ കാലവർഷക്കാറ്റിന് ശക്തി കൂടിയിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നില്ല. ഈ സാഹചര്യത്തിന് അടുത്ത ദിവസങ്ങളിൽ മാറ്റം വരും. കടലിൽ കാലവർഷ പ്രതീതിയിൽ മഴ തുടരും. യു.എ.ഇയില്‍ ചിലയിടങ്ങളില്‍ ഇടിയോടെ മഴയ്ക്ക് സാധ്യത.കിഴക്കു ഭാഗത്ത് രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍ ചില ഉൾനാടൻ ഭാഗങ്ങളില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇടിയോടെ മഴയും കാറ്റും മിന്നലും ഉണ്ടാകാം.
advertisement
കിഴക്ക് ഭാഗം ഭാഗികമായി മേഘാവൃതവും ചില പ്രദേശങ്ങളില്‍ പൊടികാറ്റ് വീശാനും ഇടയാക്കുമെന്നും യു.എ. ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഗള്‍ഫ് മേഖലയില്‍ ജൂണോടെ കടുത്ത ഉഷ്ണം ആരംഭിച്ചിട്ടുണ്ട്. ചൂട് കൂടുമ്പോഴുള്ള സ്വാഭാവിക താപ സംവഹന മഴയാണ് ലഭിക്കുന്നതെന്നും വാഹനം ഓടിക്കുന്നവർ സുരക്ഷിത വേഗത പാലിക്കണമെന്നും ദൃശ്യപരതയെ മഴ ബാധിക്കാമെന്നും മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 03, 2022 7:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lightning | ഇടിത്തീ പോലെ മിന്നൽ മുറിക്കകത്ത്; ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്