പി.ജെ ജോസഫിന് വീണ്ടും തിരിച്ചടി; രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ശരിവച്ച് ഹൈക്കോടതി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു വീഴ്ച പറ്റി, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ അധികാര പരിധി കടന്നാണ് ഈ തീരുമാനത്തിലെത്തിയത് തുടങ്ങിയ വാദങ്ങളാണ് ജോസഫ് അപ്പീൽ സമർപ്പിച്ചപ്പോൾ ഉയർത്തിയത്.
കൊച്ചി: കേരള കോൺഗ്രസ് ചിഹിനമായ 'രണ്ടില' സ്വന്തമാക്കാനുള്ള നിയമ പോരാട്ടത്തിൽ പി.ജെ ജോസഫിന് വീണ്ടും തിരിച്ചടി. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരെ പി.ജെ. ജോസഫ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ചും തെരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവ് ശരിവയ്ക്കുകയുമായിരുന്നു.
സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നതിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനു വീഴ്ച പറ്റി, കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ അധികാര പരിധി കടന്നാണ് ഈ തീരുമാനത്തിലെത്തിയത് തുടങ്ങിയ വാദങ്ങളാണ് ജോസഫ് അപ്പീൽ സമർപ്പിച്ചപ്പോൾ ഉയർത്തിയത്. എന്നാൽ ഈ രണ്ടു വാദങ്ങളും ഹൈക്കോടതി അംഗീകരിച്ചില്ല. കൂടാതെ ചിഹ്നം ജോസ് വിഭാഗത്തിനു നൽകിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവയ്ക്കുകയും ചെയ്തു.
നവംബർ 20നാണ് പി.ജെ. ജോസഫിന്റെ അപ്പീൽ സിംഗിൾ ബെഞ്ച് തള്ളിയത്. ഇതേത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചത്. ഇതും തള്ളിയതോടെ ജോസഫ് വിഭാഗത്തിന് രാഷ്ട്രീയമായി വലിയ ക്ഷീണമാണ് ഉണ്ടായിരിക്കുന്നത്.
advertisement
ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം ഉടലെടുത്തപ്പോൾ തന്നെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ഇരുവിഭാഗങ്ങളും അവകാശവാദവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയായിരുന്നു നടപടി. അന്ന് ചിഹ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കേസ് നിലനിൽക്കുന്നുണ്ടായിരുന്നു. ഈ കേസ് തീർപ്പാകാൻ വൈകുമെന്നതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചിഹ്നം മരവിപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.
advertisement
ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും ചിഹ്നമായി കമ്മീഷൻ അനുവദിക്കുകയും ചെയ്തു. രണ്ടു പാർട്ടികളും ആവശ്യപ്പെട്ടതനുസരിച്ചാണ് ചിഹ്നംഅനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് നൽകാനായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻ ഉത്തരവ്. ഇതിനെതിരെ ജോസഫ് വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയുമായിരുന്നു.
advertisement
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചത് താൻ നേതൃത്വം നൽകുന്ന വിഭാഗത്തിനാണെന്ന് ജോസഫ് അവകാശപ്പെടുന്നു. അതുകൊണ്ടുതന്നെ രണ്ടില ചിഹ്നത്തിൽ മത്സരിക്കാം എന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷ. ജോസ് വിഭാഗം ആകട്ടെ കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും ഒരുപോലെ പ്രതീക്ഷയർപ്പിച്ചിരുന്നു.
പാലാ ഉപതെരഞ്ഞെടുപ്പിൽ കൈതച്ചക്ക ആയിരുന്നു ജോസ് പക്ഷത്തിന് ചിഹ്നം. മാണിയുടെ തട്ടകത്തിൽ രണ്ടില നഷ്ടപ്പെട്ട് മത്സരിച്ച പാർട്ടിയെ പാലായും കൈവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയും ജോസ് കെ മാണിക്ക് രണ്ടില അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം അംഗീകരിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 22, 2021 11:37 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.ജെ ജോസഫിന് വീണ്ടും തിരിച്ചടി; രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ശരിവച്ച് ഹൈക്കോടതി