തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പില്‍ കോലം കത്തിച്ച ഡിവൈഎഫ്ഐയുടെ സമരരീതിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിവൈഎഫ്ഐ പമ്പിന് മുന്നില്‍ കോലം കത്തിച്ച വാര്‍ത്ത ആദ്യം വിശ്വസിച്ചിരുന്നില്ലെന്നും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലെന്നും കരുതിയെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മറ്റ് സംഘടനകള്‍ക്ക് നിരന്തരം നിലവാര സര്‍ട്ടിഫിക്കറ്റ് നല്കുന്ന റഹീം ഡിവൈഎഫ്ഐയുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് രാഹുല്‍ പറഞ്ഞു. എസ്എഫ്ഐ, ബാലസംഘം നിലവാരത്തിനും താഴെയാണ് ഡിവൈഎഫ്ഐയുടെ നിലവാരമെന്ന് രാഹുല്‍ പരിഹസിച്ചു.
പമ്പില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാന്‍ പോലും പാടില്ലെന്നും അത് വലിയ അപകടമാണെന്ന് പ്രവര്‍ത്തകരെ പറഞ്ഞ് മനസിലാക്കണമെന്ന് റഹീമിനോട് രാഹുല്‍ ആവശ്യപ്പെട്ടു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട റഹീം,
ഇന്ധനവിലയുടെ പേരിലെ നികുതി കൊള്ളയ്ക്കെതിരെ പമ്പിന് മുന്നില്‍ DYFI കോലം കത്തിച്ച് സമരം നടത്തിയെന്ന് ചില ഫേസ്ബുക്ക് സ്റ്റോറികള്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല. കാര്യം DYFI യൊക്കെ ആണെങ്കിലും അത്രയും ബുദ്ധിശൂന്യമായി പെരുമാറില്ലല്ലോ എന്ന് കരുതി. പക്ഷേ എന്റെ ഭാവനകള്‍ക്കപ്പുറമാണ് DYFI യുടെ ബോധ നിലവാരം എന്ന് തിരിച്ചറിഞ്ഞത് വാര്‍ത്തകള്‍ വന്നപ്പോഴാണ്. അത് നിങ്ങള്‍ നിഷേധിച്ചും കണ്ടില്ലാ എന്നത് കൊണ്ടാണ് വിശ്വസിച്ചത്.
മറ്റ് സംഘടനകള്‍ക്ക് നിരന്തരം 'നിലവാര ' സര്‍ട്ടിഫിക്കറ്റ് നല്കുന്ന താങ്കള്‍ DYFI യുടെ നിലവാരത്തെക്കുറിച്ച് വിശദമായി പരിശോധിക്കണം. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറും SFI / ബാലസംഘം നിലവാരത്തിനും താഴെയാണ് അവരുടെ നിലവാരം.
പമ്പില്‍ പന്തം കൊളുത്തുന്നത് പോയിട്ട് തീപ്പെട്ടി ഉരയ്ക്കുവാന്‍ പോലും പാടില്ലായെന്നും, അത് വലിയ അപകടമാണെന്നും പറഞ്ഞ് മനസിലാക്കണം. ഒരു നാട്ടില്‍ അഗ്നി ദുരന്തമുണ്ടാകുവാന്‍ അത് മതി.
പിന്നെ ഇന്ധന വിലയ്ക്കെതിരെ സമരം ചെയ്യുമ്പോള്‍, പിണറായി വിജയനോട് പറയണം ഒരു 96 രൂപ വിലയുള്ള ലിറ്റര്‍ പെട്രോളിന് 24 രൂപ സംസ്ഥാന നികുതിയാണ്, അത് ഒഴിവാക്കിയാല്‍ പോലും 72 രൂപയ്ക്ക് പെട്രോള്‍ കിട്ടുമെന്ന്. അതിനു ശേഷം ഞങ്ങള്‍ നടത്തുന്ന ഇന്ധന വിലയിലെ കേന്ദ്ര സര്‍ക്കാരിന്റെ നികുതി ഭീകരതയ്ക്കെതിരായ സമരത്തില്‍ പങ്കാളിയാവുക.
അല്ലാതെ പമ്പ് കൊളുത്തികള്‍ ആകരുത് DYFl
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dyfi, Facebook post, Rahul mamkootathil, Youth congress