'ഉച്ചയ്ക്ക് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ' മഴ അവധി വൈകിയതിന് തലസ്ഥാനത്ത് കളക്ടർക്കെതിരെ രക്ഷിതാക്കളുടെ രോഷം
- Published by:Rajesh V
- news18-malayalam
Last Updated:
അവധി പ്രഖ്യാപനം നേരത്തെയാകാമായിരുന്നുവെന്നും സ്കൂളിലും ട്യൂഷനും കുട്ടികൾ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നുവെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് ജില്ലാ കളക്ടർ അനുകുമാരി ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാല്‍ അവധിപ്രഖ്യാപനം വൈകിയെന്ന് ആരോപിച്ച് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കൾ രോഷം പ്രകടിപ്പിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചത്.
"കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ. ഇന്നലെ മുതൽ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവൻ മഴ ആയിരുന്നു. കുട്ടികൾ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി. മാഡം ഇപ്പോഴാണോ ഉണർന്നത്"- ഒരു രക്ഷിതാവ് തിരുവനന്തപുരം കളക്ടറുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
''ബുധനാഴ്ച്ച രാത്രി തുടങ്ങിയ മഴ... ഇപ്പോഴും ശക്തമായി പെയ്തുകൊണ്ടിരിക്കുന്നു... സ്കൂളിൽ കുട്ടികൾ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നു... രണ്ടു രാത്രിയും ഇന്നലെ പകലും നല്ല മഴ ഉണ്ടായിട്ടും കളക്ടർ കാണാഞ്ഞത് വളരെ കഷ്ടം ആയി പോയി...''- മറ്റൊരാൾ കുറിച്ചു.
advertisement
''ഒരു ഉച്ച ആകുമ്പോൾ പ്രഖ്യാപിച്ചാൽ കുറച്ചുകൂടി സൗകര്യത്തിൽ കാര്യങ്ങൾ ചെയ്യാമായിരുന്നു. ഇത് 6.15 മണിക്ക് കൊച്ചിനെ വിളിക്കുന്നതിന് മുൻപ് വരെയും നോക്കിയതാ. സ്കൂൾ ബസ് വരുന്നതിന് കൃത്യം 5 മിനിറ്റ് മുൻപ് അപ്ഡേറ്റ്...''- വേറൊരു രക്ഷിതാവ് കമന്റ് ചെയ്തു.
''ഞാൻ കണ്ണൂർ ആണ്. ആ ശ്രീജിത്ത് പണിക്കരുടെ FB പോസ്റ്റ് കണ്ടിട്ടാണ് ഇവിടെ വന്ന് നോക്കിയത്. ഉപദേശം ആണെന്ന് കരുതരുത്. രാവിലെ ഒരു ഏഴ് മണിക്ക് എങ്കിലും എഴുന്നേൽക്കാൻ ശ്രമിക്കുക. ഒന്നൂമില്ലേലും ഒരു കളക്ടർ അല്ലേ മാഡം'- ഒരാളുടെ അഭിപ്രായ പ്രകടനം ഇങ്ങനെ.
advertisement
അതേസമയം, കളക്ടർക്കും മുൻപേ അവധി വിവരം ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിദ്യാഭ്യാസ മന്ത്രിയെ പരാമർശിച്ചും കളക്ടറെ വിമർശിച്ചവരുണ്ട്. കളക്ടറുടെ ഫേസ്ബുക്കിൽ അവധി വിവരം വരുന്നതിനും 12 മിനിറ്റ് മുൻപേ വിവരം അറിയിച്ചാണ് മന്ത്രി കൈയടി നേടിയത്. സാധാരണ മഴ പെയ്യുമ്പോൾ അവധി പ്രഖ്യാപിക്കാത്തതിന് കളക്ടർക്ക് വിദ്യാർത്ഥികളുടെ വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. ഇപ്പൾ അവധി നൽകിയപ്പോൾ താമസിച്ചതിനു രക്ഷിതാക്കളും വിമർശനവുമായി എത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
September 26, 2025 10:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉച്ചയ്ക്ക് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ' മഴ അവധി വൈകിയതിന് തലസ്ഥാനത്ത് കളക്ടർക്കെതിരെ രക്ഷിതാക്കളുടെ രോഷം