പാലാഴിയുടെ തീരത്തെ ദേവി: തെക്കൻ തിരുവിതാംകൂറിലെ പ്രശസ്തമായ ശ്രീ പാൽക്കര ഭഗവതി ക്ഷേത്രം

Last Updated:

ക്ഷേത്രത്തിലെ ഉത്സവം ഏഴ് ദിവസം നീണ്ടു നിൽക്കുന്നു. ഏറ്റവും പ്രധാന ചടങ്ങാണ് തൂക്കം.

News18
News18
കഴക്കൂട്ടം ദേശീയപാതക്ക് പടിഞ്ഞാറ് അറബിക്കടലിനും പാർവ്വതിപുത്തനാറിനു കിഴക്ക്, വേളി കായലിനും കഠിനംകുളം കായലിനും മദ്ധ്യേയുള്ള മേനംകുളത്താണ് തെക്കൻ തിരുവിതാംകൂറിലെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ പാൽക്കര ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു ഏകദേശം ആയിരത്തോളം വർഷം പഴക്കമുള്ളതായി കരുതപ്പെടുന്നു. മഹാവിഷ്ണുവിൻ്റെ വാസസ്ഥാനമായ പാലാഴിയുടെ കരയിൽ കുടികൊള്ളുന്ന ക്ഷേത്രമായതിലാണ് ശ്രീ പാൽക്കര ഭഗവതി ക്ഷേത്രം എന്ന പേരുണ്ടായതെന്നും വിശ്വസിക്കുന്നു.
വയലേലയുടെ കരയിലായതിനാൽ ഏലായിൽ ക്ഷേത്രമെന്നും പേരുണ്ടായി. വില്വമംഗലത്ത് സ്വാമിയാർ ശ്രീ പദ്മനാഭസ്വാമിയുടെ വാസസ്ഥാനമായ അനന്തൻക്കാട് അന്വേഷിച്ചു വരുന്ന വഴിക്ക് പല ക്ഷേത്രങ്ങളും പ്രതിഷ്ഠയും കഴിഞ്ഞ് യാത്ര തുടർന്ന്‌ മേനംകുളം പ്രദേശത്ത് എത്തുകയും അന്ന് കാടായിരുന്ന സ്ഥലത്ത് ഒരു ബ്രാഹ്മണകുടുംബം താമസിച്ചിരുന്നതായും സ്വാമിയാർ അവരുടെ അതിഥിയായി താമസിക്കുകയും അവർക്ക് പൂജ നടത്തുന്നതിനായി 'ശ്രീ' പ്രതിഷ്ഠ-അതായത് മഹാവിഷ്ണുവിൻ്റെ ഭാര്യ സങ്കൽപ്പത്തിൽ സമ്പത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും അധിദേവതയായ ദേവിയെ പ്രതിഷ്ഠിച്ചുവെന്നും ഐതിഹ്യമുണ്ട്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൻ്റെ ജോലികൾക്കായി തെക്കുനിന്നും വടക്കുനിന്നും വന്ന നായർ സമുദായത്തിലുള്ളവരുടെ പിന്മുറക്കാരെ പിന്നീട് ക്ഷേത്ര ഊരായ്മക്കാരായി നിയമിക്കയും അവർക്ക് മുൻപറഞ്ഞ ബ്രാഹ്മണ കുടുംബം താമസിച്ചിരുന്ന വീടിനും അമ്പലത്തിനും ചുറ്റുമുള്ള സ്ഥലം പതിച്ചു നല്കിയെന്നുമാണ് ഐതിഹ്യം.
advertisement
ഇവിടെ താമസിച്ചിരിന്നവർ കാടുവെട്ടിത്തെളിച്ച് നെൽകൃഷി ചെയ്യുകയും നെല്ല്‌ പുഴുങ്ങി അരിയാക്കി പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് എത്തിച്ചിരിന്നുവെന്നും പറയപ്പെടുന്നു. ഭദ്രകാളി സങ്കല്പ്പത്തിലുള്ള രൂപമില്ലാത്ത കണ്ണാടി പ്രതിഷ്ഠയായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നീട് പുനപ്രതിഷ്ഠ നടത്തി 1985ൽ ക്ഷേത്രം പുതുക്കിപണിത് ഇന്നത്തെ രൂപത്തിലുള്ള ശംഖുചക്ര അഭയവരദമുദ്രയോടുകൂടി പദ്മത്തിൽ പാദം വച്ചിരിക്കുന്ന ദുർഗ്ഗാദേവീ സങ്കല്പ്പത്തിലുള്ള പ്രതിഷ്ഠ നടത്തി ആരാധിച്ചു വരുന്നു.
ഭഗവതിക്കും ഉപദേവതയായ ഭദ്രകാളി ദേവിക്കും തുല്യ പ്രാധാന്യം നൽകിയാണ് പൂജകൾ ചെയ്യുന്നത്. അർച്ചന, നിവേദ്യം നൽകൽ, അഭിഷേകം മഞ്ഞക്കാപ്പ്, പായസം വഴിപാട്, കുങ്കുമാഭിഷേകം, ഭഗവതിസേവ, വിളക്ക് എന്നിവ വഴിപാടുകളായി നടത്തുന്നു. എല്ലാ പൗർണമി നാളിലും ദേവിക്ക് വിശേഷാൽ പൂജയും പാൽപായസ നിവേദ്യവും നടത്തി വരുന്നുണ്ട്. ഭദ്രകാളി, മഹാദേവൻ, ദക്ഷിണാമൂർത്തി, ഗണപതി, രക്‌തേശ്വരി, നാഗർ എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു ഉപദേവത പ്രതിഷ്ഠകൾ. മീന മാസത്തിലെ പൂരം നാളിലാണ് ക്ഷേത്രത്തിലെ ഉത്സവം. മകയിരം നാളിൽ തൂക്കകാരെ നറുക്കിട്ട് എഴുതി നിർത്തുകയും അന്നേ ദിവസം തോറ്റം പാട്ട് പാടി ദേവിയെ കുടിയിരുത്തുന്നതോട് കൂടി ഉത്സവം ആരംഭിക്കുന്നു.
advertisement
ക്ഷേത്രത്തിലെ ഉത്സവം ഏഴ് ദിവസം നീണ്ടു നിൽക്കുന്നു. ദേവിയുടെ ജന്മനക്ഷത്രം വരുന്ന ഏഴാം ഉത്സവദിവസമായ മീന പൂരത്തിന് നടത്തുന്ന ഉരുൾ, പൊങ്കാല, ആറാട്ട്, തൂക്കം, താലപ്പൊലി എന്നീ ഭക്തി നിർഭരമായ ചടങ്ങുകളോട് കൂടി ഉത്സവം സമാപിക്കുന്നു. ഇവയിൽ ഏറ്റവും പ്രധാന ചടങ്ങാണ് തൂക്കം. ഏഴു ദിവസം നീണ്ടു നിൽക്കുന്ന വ്രതാനുഷ്ഠാനം കഴിഞ്ഞ് വെളിച്ചപ്പാടിനെപ്പോലെ വേഷം ധരിച്ച് ദേവിയെ പ്രദക്ഷിണം ചെയ്തു തൂക്കത്തിന് ഒരുങ്ങുന്നു. തൂക്ക ദിവസം ക്ഷേത്രത്തിൽ നിന്നും പുറത്തുള്ള ഉപക്ഷേത്രമായ യക്ഷിയമ്മകാവിലെ കുളത്തിൽ ദേവിക്ക് ആറാട്ട് നടത്തുന്നു. ആറാട്ടിനു ശേഷം മറ്റൊരു ഉപക്ഷേത്രമായ കളരി ഭഗവതി ക്ഷേത്രത്തിൽ ചമയമണിഞ്ഞു നിൽക്കുന്ന ഭക്തന്മാരായ തൂക്കകാരെയും കൂട്ടി ക്ഷേത്രത്തിൽ തിരിച്ചുവരുകയും ദേവിയെ സാക്ഷിനിർത്തി ക്ഷേത്രനടയിൽ സജ്ജമാക്കിയിട്ടുള്ള വില്ലിൽ ഘടിപ്പിച്ചിട്ടുള്ള കപ്പിയിൽ തൂക്കകാരൻ്റെ ദേഹത്തിൽ കെട്ടിയിട്ടുള്ള കച്ചയിൽ ചൂണ്ടകോർത്ത് മരച്ചരടിൽ തൂക്കിയിടുകയും ചെയുന്നു.
advertisement
വില്ലുയർത്തി ക്ഷേത്ര ജീവനക്കാരും ഭക്തന്മാരും കൂടി തൂക്കകാരനെ ക്ഷേത്ര പ്രദക്ഷിണം ചെയ്യിക്കുന്നു. താഴെ നില്ക്കുന്ന ഒന്നോ രണ്ടോ പേർ ചില പയറ്റു മുറകൾ കാണിക്കുകയും തൂങ്ങിക്കിടക്കുന്ന തൂക്കകാരൻ ഇതനുസരിച്ചിരിക്കുകയും ചെയ്യുന്നു. പ്രദക്ഷിണം കഴിഞ്ഞ് തൂക്കാരനെ താഴെയിറക്കി ഇളനീർ കൊടുത്തു വ്രതം അവസാനിപ്പിക്കുന്നു. അഭീഷ്ടസിദ്ധിക്കും, ജീവിത വിജയത്തിനും, കഷ്ടപ്പാടുകൾ മാറ്റുന്നതിനും ദേവിയെ പ്രസാദിപ്പിക്കാനാണ് തൂക്കം വഴിപാടായി നടത്തുന്നത്. ഭക്തി നിർഭരമായ ഈ ചടങ്ങ് ദർശിക്കുവാൻ വേണ്ടി ദൂരദേശങ്ങളിൽ നിന്നുപോലും ജനങ്ങൾ വന്നെത്താറുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പാലാഴിയുടെ തീരത്തെ ദേവി: തെക്കൻ തിരുവിതാംകൂറിലെ പ്രശസ്തമായ ശ്രീ പാൽക്കര ഭഗവതി ക്ഷേത്രം
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement