പ്രതാപം വീണ്ടെടുത്ത് തിരുവനന്തപുരം വിമാനത്താവളം; പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
നാലര ലക്ഷത്തോളം യാത്രക്കാരാണ് കഴിഞ്ഞ മാസം വിമാനത്താവളം വഴി കടന്നുപോയത്. ഐടി മേഖലയുടെ വളർച്ചയും വിനോദസഞ്ചാര മേഖലയിലെ ഉണർവും റെക്കോർഡ് നേട്ടത്തിന് കാരണമായി.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അതിൻ്റെ പ്രതാപകാലത്തെയും പിന്നിലാക്കി ചരിത്രപരമായ കുതിപ്പിലേക്ക് നീങ്ങുകയാണ്. വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിമാസ പാസഞ്ചർ ട്രാഫിക് ജനുവരി മാസത്തിൽ രേഖപ്പെടുത്തിയത് നഗരത്തിൻ്റെ വികസന കുതിപ്പിന് അടിവരയിടുന്നു.
വിനോദസഞ്ചാര മേഖലയിലെ ഉണർവും ഐടി മേഖലയുടെ വളർച്ചയും വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനുവരിയിൽ മാത്രം നാലര ലക്ഷത്തോളം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോയത്. ഇത് വിമാനത്താവളം കൈവരിക്കുന്ന റെക്കോർഡ് നേട്ടമാണ്.
അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ ഏകദേശം തുല്യമായ വർദ്ധനവ് ദൃശ്യമാണ് എന്നത് ശ്രദ്ധേയമാണ്. ഇതിൽ ഏകദേശം രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലധികം പേർ അന്താരാഷ്ട്ര യാത്രക്കാരാണെങ്കിൽ, സമാനമായ എണ്ണം യാത്രക്കാർ തന്നെ ആഭ്യന്തര സർവീസുകളെയും ആശ്രയിച്ചു. പ്രതിദിനം ശരാശരി പതിനയ്യായിരത്തിലധികം യാത്രക്കാരാണ് നിലവിൽ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നത്.
advertisement
വിമാന സർവീസുകളുടെ കാര്യത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്; ജനുവരി മാസത്തിൽ മാത്രം രണ്ടായിരത്തി എഴുന്നൂറിലധികം സർവീസുകൾ ഇവിടെ നിന്ന് നടന്നു. അദാനി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ വിമാനത്താവളത്തിൻ്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
വരാനിരിക്കുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ പൂർണ്ണതോതിലുള്ള പ്രവർത്തനവും ഐടി മേഖലയിലെ പുതിയ സംരംഭങ്ങളും തിരുവനന്തപുരത്തെ ട്രാഫിക് ഇനിയും ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും മാസങ്ങളിൽ കൂടുതൽ പുതിയ അന്താരാഷ്ട്ര സർവീസുകളും ആഭ്യന്തര റൂട്ടുകളും ആരംഭിക്കുന്നതോടെ തെക്കേ ഇന്ത്യയിലെ പ്രധാന വ്യോമയാന കേന്ദ്രമായി തിരുവനന്തപുരം മാറുമെന്ന കാര്യത്തിൽ സംശയമില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Feb 17, 2026 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
പ്രതാപം വീണ്ടെടുത്ത് തിരുവനന്തപുരം വിമാനത്താവളം; പ്രതിമാസ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം










