നസീർ ആനയെ നടയ്ക്കിരുത്തിയ ശാർക്കര ദേവീക്ഷേത്രം
- Published by:Warda Zainudheen
- local18
- Reported by:Athira Balan A
Last Updated:
കേരളത്തിെൻറ മതേതരസങ്കൽപങ്ങൾക്ക് എക്കാലവും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാൻ കഴിയുന്ന ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴുള്ള ശാർക്കര ദേവീക്ഷേത്രവും അന്തരിച്ച അതുല്യ നടൻ പ്രേംനസീറും തമ്മിലുള്ള ബന്ധം. നിത്യഹരിത നായകൻ പ്രേംനസീർ ആനയെ നടയ്ക്ക് ഇരുത്തിയ, മാർത്താണ്ഡ വർമ്മ രാജാവ് ആരംഭിച്ച കാളിയൂട്ട് നടക്കുന്ന ശാർക്കര ക്ഷേത്രം.
കേരളത്തിൻ്റെ മതേതരസങ്കൽപങ്ങൾക്ക് എക്കാലവും അഭിമാനത്തോടെ ഉയർത്തിക്കാണിക്കാൻ കഴിയുന്ന ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴുള്ള ശാർക്കര ദേവീക്ഷേത്രവും അന്തരിച്ച അതുല്യ നടൻ പ്രേംനസീറും തമ്മിലുള്ള ബന്ധം. ജാതിമതമായ കലുഷിത ചിന്തകൾ ഒക്കെ മനുഷ്യനിൽ വെറുപ്പിൻ്റെ വിത്തുകൾ പകരുന്നതിന് മുൻപേ സഞ്ചരിച്ച പ്രേം നസീർ ശാർക്കര ദേവീക്ഷേത്രത്തിൽ ഒരു ആനയെ നടക്കിരുത്തിയിട്ടുണ്ട്. അന്നത്തെ കാലഘട്ടത്തിൽ അതൊരു വലിയ ചരിത്രസംഭവവമായി തന്നെയാണ് ഓർക്കപ്പെടുന്നത്.
ക്ഷേത്രത്തിനുവേണ്ടി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് ഒരു ആനയെ വാങ്ങാനായിരുന്നു ക്ഷേത്ര ഭാരവാഹികൾ ആദ്യം തീരുമാനിച്ചിരുന്നത്. ആനയെ വാങ്ങാൻ പിരിവിന് വേണ്ടിയാണ് അന്ന് പ്രേംനസീറിൻ്റെ വീട്ടിൽ ക്ഷേത്ര ഭാരവാഹികൾ എത്തുന്നത്. താൻ കളിച്ചു വളർന്ന ക്ഷേത്രം മുറ്റവും ആ പരിസരവും എല്ലാം അദ്ദേഹത്തിന് അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു. അങ്ങനെ അദ്ദേഹം തന്നെ ഒരു ആനയെ വാങ്ങി ശാർക്കര ക്ഷേത്രത്തിൽ നടക്കിരുത്തുകയായിരുന്നു. ഭാരവാഹികൾ പ്രേം നസീറിനോടുള്ള ബഹുമാനാർഥം വാങ്ങിയ ആനക്ക് നൽകിയ പേര് നസീർ എന്നായിരുന്നു.
advertisement
ചരിത്ര പ്രധാനമായ പല സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയായ ശ്രീ ഭദ്രകാളി ആണ്. ശാർക്കര ക്ഷേത്രത്തെ പ്രശസ്തമാക്കുന്നത് അവിടെ നടക്കുന്ന കാളിയൂട്ട് എന്ന ചടങ്ങാണ്.1748 ൽ ഇവിടെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡ വർമ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങിയതെന്നാണ് ഐതിഹ്യം. കുംഭമാസത്തിലെ മൂന്നാമത്തെ അല്ലെങ്കില്‍ അവസാനത്തെ വെള്ളിയാഴ്ചയാണ് കാളിയൂട്ട്. യുദ്ധത്തില്‍ ജയിച്ചാല്‍ ശാര്‍ക്കരയില്‍ കാളിയൂട്ട് നടത്താമെന്നു രാജാവ് ഒരു നേര്‍ച്ച നേര്‍ന്നു. യുദ്ധം ജയിച്ചതിനെ തുടര്‍ന്ന് മഹാരാജാവ് ഏര്‍പ്പെടുത്തിയ ചടങ്ങാണ് കാളിയൂട്ട്. ക്ഷേത്രത്തിലെ നാലമ്പലത്തിലെ കുളത്തിലാണ് കാളിയൂട്ട് നടക്കുക.
advertisement

അമ്പലത്തിൻ്റെ പ്രതിഷ്ഠക്കു പിന്നിലും കൗതുകരമായ കഥയുണ്ട്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാർക്കര ദേശം സ്ഥിതിചെയ്യുന്നത്. പണ്ട് അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാർക്കു വിശ്രമത്തിനായി അവിടെ വഴിയമ്പലമുണ്ടായിരുന്നു. ആലങ്ങാട്ട് (ആലുവ), ചെമ്പകശ്ശേരി (ആലപ്പുഴ) എന്നിവിടങ്ങളിലേക്കുള്ള ശർക്കര വ്യാപാരികൾ സ്ഥിരമായി തിരുവിതാംകൂറിലേക്ക് പോയിരുന്നതും ഇതു വഴിയായിരുന്നു. ഒരിക്കൽ അതിലൊരു സംഘം ഇവിടെ വഴിയമ്പലത്തിൽ സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ ശർക്കരപ്പാത്രങ്ങളിലൊന്ന് എത്ര ശ്രമിച്ചിട്ടും അനങ്ങുന്നില്ല. വ്യാപരികൾക്ക് ശർക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രശസ്തനായിരുന്ന കൃഷ്ണഭക്തൻ വില്വമംഗലത്തു സ്വാമിയാർ അവിടെ വരികയും അവരുടെ ക്ലേശം ദൂരീകരിക്കുകയും ചെയ്തു. ശർക്കരപ്പാത്രത്തിൽ ഉണ്ടായിരിക്കുന്ന ദേവി ചെതന്യമാണ് ഇതിനു കാരണമെന്നു അദ്ദേഹം മനസ്സിലാക്കി. ആ ചൈതന്യത്തെ ശർക്കരപാത്രത്തിൽ നിന്നും മാറ്റി കുടിയിരുത്തിയാണ് അദ്ദേഹം അവിടെ നിന്നും പോയത്.
advertisement
ശർക്കരകുടങ്ങളിൽ നിന്നും വില്വമംഗലത്തു സ്വാമിയാർ മാറ്റി പ്രതിഷ്ഠിച്ച ദേവീ ചൈതന്യം പിന്നീട് ശാർക്കര ദേവിയായി മാറി. തിരുവിതാംകൂർ രാജാക്കന്മാരുടെ സഹായത്തോടെ ദേവീക്ഷേത്രം നിർമ്മിക്കുകയും അവിടുത്തെ പ്രതിഷ്ഠ ശാർക്കര ദേവിയായും ക്ഷേത്രം ശാർക്കര ദേവീക്ഷേത്രമായും പിന്നീട് അറിയപ്പെട്ടു. എത്രയെത്ര കൗതുകരമായ കഥകളാണ് നമ്മുടെ കൊച്ചു കേരളത്തിൽ ഉടനീളമല്ലേ!
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 12, 2024 4:51 PM IST