കേരളത്തിലെ അതിപുരാതനമായ ശ്രീകണ്ഠേശ്വരം മഹാദേവക്ഷേത്രം
- Reported by:Athira Balan A
- local18
- Published by:Warda Zainudheen
Last Updated:
തിരുവനന്തപുരം നഗരത്തിലെ അതിപുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രം.തിരുവനന്തപുരത്തെ പ്രധാന ശിവക്ഷേത്രമാണിത്.
ഈ ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമായ പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രം തിരുവനന്തപുരത്തെ എസ് എം വി സ്‌ക്കൂളിന് എതിർവശം സ്ഥിതി ചെയ്യുന്നു. പഴയ ശ്രീകണ്ഠേശ്വരത്തെ ശിവനെ പ്രതിഷ്ഠിച്ചത് വിഷ്ണുവിൻ്റെ അവതാരമായ പരശുരാമൻ ആണെന്ന് വിശ്വസിക്കപ്പെടുന്നു.പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഈ മഹാദേവക്ഷേത്രം കൈതമുക്കിലാണ് സ്ഥിതിചെയ്യുന്നത്. ധനുമാസത്തിൽ തിരുവാതിര ആറാട്ടായി പത്തുദിവസത്തെ കൊടിയേറ്റുത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്.
ക്ഷേത്രം ഇന്നു കാണുന്നതു പോലെ നിർമ്മിക്കപ്പെട്ടത് തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്താണ്. കേരളീയ വാസ്തു ശൈലിയുടെ ഉത്തമ ഉദാഹരണമാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രം. വിസ്താരമേറിയ ക്ഷേത്ര മതിൽക്കകം. ക്ഷേത്രമതിലിനു പുറത്തുള്ള ക്ഷേത്രക്കുളം വളരെ വിസ്താരമേറിയതാണ്. മതിൽക്കെട്ടിൻ്റെ രണ്ടുഭാഗത്തും മനോഹരങ്ങളായ ഇരുനില ഗോപുരങ്ങളുണ്ട്.

വെട്ടുകല്ലിൽ പടുത്തുയർത്തിയ നാലമ്പലത്തിൽ തന്നെ വിളക്കുമാടം പണിതീർത്തിരിക്കുന്നു. ഇവിടുത്തെ വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കു ദർശനമായി ശിവലിംഗപ്രതിഷ്ഠ. ഇരുപാർശ്വങ്ങളിലും പാർവ്വതിയെയും ഗംഗയെയും ഇരുത്തിയ അപൂർവ്വസങ്കല്പത്തിലുള്ള ഭഗവാനാണ് ശ്രീകണ്ഠേശ്വരൻ. അതിനാൽ പ്രതിഷ്ഠ അമ്മയപ്പൻ എന്ന പേരിലും അറിയപ്പെടുന്നു. ഉഗ്രമൂർത്തിയായതിനാൽ കിഴക്കുവശത്തു തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നു. രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കാനാണത്രേ തിരുമുൻപിലായി തീർത്ഥക്കുളം നിർമ്മിച്ചിരിക്കുന്നത്.
advertisement

പാർവ്വതിയെയും ഗംഗയെയും ഇരുപാർശ്വങ്ങളിൽ ഇരുത്തി ദർശനം നൽകുന്ന അപൂർവ്വസങ്കല്പത്തിലാണ് ഇവിടേ മഹാദേവപ്രതിഷ്ഠ. നടരാജസങ്കല്പത്തിലും ആരാധനയുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ശ്രീകൃഷ്ണൻ, ഭദ്രകാളി, ഹനുമാൻ, നാഗദൈവങ്ങൾ, ഭൂതത്താൻ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. തമിഴ്ശൈലിയിൽ കരിങ്കല്ലിൽ പണിതുയർത്തിയതാണ് കിഴക്കേ ആനക്കൊട്ടിൽ. ആനക്കൊട്ടിലിനുള്ളിലായിട്ടാണ് ഭഗവദ്വാഹനമായ നന്ദിയെ ശിരസ്സിലേറ്റുന്ന കൊടിമരം പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Sep 06, 2024 8:43 PM IST







