നിർമ്മാണ ഉദ്ഘാടനം നടത്തി വെഞ്ഞാറമൂട് ഫ്ലൈ ഓവർ
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
വെഞ്ഞാറമൂട് മേൽപ്പാലം വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. നിർമ്മാണ പ്രവർത്തിയുടെ പൂർത്തീകരണ കാലാവധി രണ്ട് വർഷമാണ്.
ഗതാഗതക്കുരുക്ക് അതി രൂക്ഷമായ ഒരു ഇടമാണ് എം സി റോഡിലെ വെഞ്ഞാറമൂട്. മണിക്കൂറുകളോളം ഈ റോഡിൽ ഗതാഗതകുരിക്കിൽ പെട്ടുപോകുന്ന നിരവധി മനുഷ്യരുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ഗോകുലം മെഡിക്കൽ കോളേജിലേക്കും ഒക്കെ രോഗികളുമായി പായുന്ന ആംബുലൻസുകൾ പോലും ഇവിടത്തെ ഗതാഗതക്കുരുക്കിൽ അകപ്പെട്ടു പോകാറുണ്ട്. ഇവിടെ മേൽപ്പാലം വരണമെന്നുള്ളത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. അതിപ്പോൾ യാഥാർത്ഥ്യമാവുകയാണ്.
ജനങ്ങളുടെ ചിരകാല സ്വപ്നമായ വെഞ്ഞാറമൂട് മേൽപാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ ഡി കെ മുരളി എം എൽ എ അധ്യക്ഷത വഹിച്ച് സംസാരിച്ചു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ, രാജ്യസഭാ അംഗം എ എ റഹീം എം പി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
advertisement

തിരുവനന്തപുരം ജില്ലയിലെ സാംസ്കാരിക തലസ്ഥാനം എന്ന് അറിയപ്പെടുന്ന വെഞ്ഞാറമൂടിന് ഒരു പുതിയ ഫ്ലൈ ഓവർ നിർമ്മിക്കുന്നതിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി ടെൻഡർ ചെയ്ത് ഊരാളുങ്കൽ സൊസൈറ്റി 27.95 കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്ത് എഗ്രിമെൻ്റ് വെച്ച് സൈറ്റ് ഹാൻഡ് ഓവർ ചെയ്യുകയും ചെയ്തു.
വെഞ്ഞാറമൂട് മേൽപാലം 11 തൂണുകളിലായി 337 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമുള്ള ഫ്ലൈ ഓവർ നിർമ്മാണവും 800 മീറ്റർ നീളത്തിലും 5.50 മീറ്റർ വീതിയിലുള്ള സർവീസ് റോഡും, 50 മീറ്റർ വീതം നീളത്തിൽ ഇരു വശങ്ങളിലും അനുബന്ധ റോഡിൻ്റെ നിർമാണവും ഉൾപ്പെട്ടു വരുന്നു. ഈ പ്രവർത്തിയുടെ പൂർത്തീകരണ കാലാവധി രണ്ട് വർഷമാണ്. ചടങ്ങിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബീന രാജേന്ദ്രൻ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി കോമളം, എം. അശോക് കുമാർ (പ്രോജക്ട് ഡയറക്ടർ, കെ.ആർ.എഫ്.ബി.പി.എം.യൂ), രമണി പി. നായർ (കെ.പി.സി.സി. സെക്രട്ടറി) ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 18, 2025 4:03 PM IST









