'ശബരിമലയിലെ സ്വത്ത് കാക്കാൻ കഴിയാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല': അമിത് ഷാ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ശബരിമല സ്വർണക്കൊള്ള കേസ് ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അമിത് ഷാ
ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാൻ കഴിയാത്തവർക്ക് ഭക്തരുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശബരിമല സ്വർണക്കൊള്ള കേസ് ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള സന്ദർശനത്തിനിടെ ബിജെപിയുടെ ജനപ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വർണക്കൊള്ള കേരളത്തിലെ ഭക്തരെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഭക്തരെ ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല കേസിൽ നിലവിൽ തയ്യാറാക്കിയിരിക്കുന്ന എഫ്ഐആർ പ്രതികളെ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് അമിത് ഷാ ആരോപിച്ചു. എൽഡിഎഫുമായി ബന്ധപ്പെട്ട രണ്ട് പേർ സംശയനിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ കേരള പോലീസിൽ നിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തട്ടിപ്പിൽ നിന്ന് കോൺഗ്രസിനും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും കോൺഗ്രസ് നേതാക്കളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഈ കേസ് ഒരു നിഷ്പക്ഷ അന്വേഷണ ഏജൻസിക്ക് കൈമാറാൻ തയ്യാറാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. കേരളത്തിൽ നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തൂതീർപ്പ് രാഷ്ട്രീയമാണെന്നും വിഷയത്തിൽ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 11, 2026 5:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമലയിലെ സ്വത്ത് കാക്കാൻ കഴിയാത്തവർക്ക് വിശ്വാസം സംരക്ഷിക്കാനാവില്ല': അമിത് ഷാ









