വടക്കഞ്ചേരി അപകടകാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോർട്ട്; ബസുടമ കസ്റ്റഡിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു
പാലക്കാട്: വടക്കാഞ്ചേരി ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ട്. ഇടതുവശത്തു കൂടി കാറിനെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് കൈമാറി.
പുലർച്ചെ വേളാങ്കണി യാത്ര കഴിഞ്ഞ് മടങ്ങിയെത്തി ഡ്രൈവർ രാത്രി വീണ്ടും വാഹനം ഓടിച്ചെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. അതേസമയം അപകടത്തിനിടയാക്കിയ ടൂറിസ്റ്റ് ബസുടമയെ കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്.
ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ (രാത്രി 10.18നും 10.56നും) സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വിധത്തില്‍ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
advertisement
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് ഊട്ടിയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന്റെ പുറകിൽ ഇടിയ്ക്കുകയായിരുന്നു.
advertisement
വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടമുണ്ടായത്. 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്. അപകടത്തിൽ അഞ്ചു വിദ്യാർഥികളുൾപ്പെടെ ഒൻപതു പേരാണ് മരിച്ചത്. 37 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 07, 2022 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടക്കഞ്ചേരി അപകടകാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോർട്ട്; ബസുടമ കസ്റ്റഡിയിൽ









