പള്ളി പൊളിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഒരു വിഭാഗം വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു

News18 Malayalam
Updated: December 30, 2018, 4:42 PM IST
പള്ളി പൊളിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഒരു വിഭാഗം വിശ്വാസികള്‍ കുര്‍ബാന തടഞ്ഞു
  • Share this:
തൃശ്ശൂര്‍: പള്ളി പൊളിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അന്തിക്കാടിനടുത്ത് ചാഴൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ഒരു വിഭാഗം വിശ്വാസികള്‍  കുര്‍ബാന തടഞ്ഞു. വിശ്വാസികളെ അറിയിക്കാതെ പള്ളിയുടെ ഒരു ഭാഗം വികാരിയുടെ നേതൃത്വത്തില്‍ ഏകപക്ഷീയമായി പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ന് രാവിലെ സ്ത്രീകളുടെ നേതൃത്വത്തില്‍ കുര്‍ബാന തടഞ്ഞത്.

പള്ളിയുടെ മുഖം കിഴക്കുഭാഗത്തുള്ള പഞ്ചായത്ത് റോഡിലേക്ക് പണിയണമെന്ന് ഒരു വിഭാഗവും പടിഞ്ഞാറ് ഭാഗത്തുള്ള പിഡബ്ല്യുഡി റോഡിന് അഭിമുഖമായി പണിയണമെന്ന് മറുഭാഗവും തമ്മിലുള്ള തര്‍ക്കമാണ് പണിയുമായി ബന്ധപ്പെട്ട പ്രശ്‌നം രൂക്ഷമാക്കിയത്. കഴിഞ്ഞവര്‍ഷം പുതുതായി ചാര്‍ജെടുത്ത വികാരി പള്ളി കിഴക്ക് ഭാഗത്തേക്ക് പണിയണമെന്ന് നിര്‍ബന്ധബുദ്ധിയോടെ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണെന്നാണ് ആരോപണം.

Also Read: വനിതാ മതിലിനെതിരെ മലപ്പുറത്തും മാവോയിസ്റ്റുകളുടെ പോസ്റ്റര്‍

ഈയാഴ്ച ഇടവകാംഗങ്ങളെ അറിയിക്കാതെ പള്ളിയുടെ ഒരു ഭാഗം വികാരിയുടെ നേതൃത്വത്തില്‍ പൊളിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായത്. ഇന്ന് രാവിലെ കുര്‍ബ്ബാന തുടങ്ങുന്നതിന് അള്‍ത്താരയിലെത്തിയ വികാരിയോട് വിശ്വാസികളെ അറിയിക്കാതെ പള്ളി പൊളിച്ചതിന് സമാധാനം പറഞ്ഞിട്ട് കുര്‍ബ്ബാന തുടങ്ങിയാല്‍ മതിയെന്ന് ഒരു വിഭാഗം വിശ്വാസികള്‍ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് അന്തിക്കാട് പൊലിസ് സ്ഥലത്തെത്തി ഇരു വിഭാഗവുമായും വികാരിയുമായും ചര്‍ച്ച നടത്തുകയും രണ്ട് മണിക്കൂറിന് ശേഷം കുര്‍ബാന തുടങ്ങുകയും ചെയ്തു. എന്നാല്‍ പ്രതിഷേധിച്ച വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കെടുക്കാതെ പള്ളിമുറ്റത്ത് തടിച്ചുകൂടി നില്‍ക്കുകയും ചെയ്തു.

Dont Miss:  സിപിഎം നേതാവിന്റെ കൊല: മുഖ്യപ്രതി പിടിയിൽ

അതേസമയം പള്ളിയുടെ തൊട്ടടുത്തുള്ള സെമിത്തേരിയുടെ മുകളിലും പള്ളിപറമ്പില്‍ മണ്ണിലിരുത്തിയും വേദപാഠ ക്ലാസ്സുകള്‍ നടത്തിയതിലും വിശ്വാസികള്‍ പ്രതിഷേധിച്ചു. ചര്‍ച്ചകളെ തുടര്‍ന്ന് നാളെ രാവിലെ 9 മണിക്ക് അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ എല്ലാ കുടുംബ കൂട്ടായ്മ പ്രതിനിധികളോടും വികാരിയോടും ചര്‍ച്ചയ്ക്കായി എത്താന്‍ എസ്‌ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ നാളെ തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ പത്ര സമ്മേളനം നടത്തുമെന്ന് പ്രതിഷേധിച്ച വിശ്വാസികള്‍ അറിയിച്ചു.

First published: December 30, 2018, 4:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading