കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ രണ്ടാംപ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷ തള്ളി. കൊച്ചിയിലെ എൻഐഎ കോടതിയാണ് താഹക്ക് ജാമ്യം നിഷേധിച്ചത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ എൻഐഎ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ നവംബർ രണ്ടിനാണ് കോഴിക്കോട് പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയിൽ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ യുഎപിഎ ചുമത്തിയത്. തുടർന്ന് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
ഇതിനിടെ, കേസിലെ മൂന്നാം പ്രതി മാവോയിസ്റ്റ് സായുധ സേനയില്‍ ചേര്‍ന്നെന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മൂന്നാം പ്രതി ഉസ്മാൻ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയില്‍ ചേര്‍ന്നെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍. സിപിഐ മാവോയിസ്റ്റിന്റെ സായുധ വിഭാഗമാണിത്. അലനെയും താഹയെയും പിടികൂടിയതിന് പിന്നാലെ ഉസ്മാന്‍ ഒളിവില്‍ പോയിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് യുഎപിഎ കേസുകള്‍ ഉസ്മാനെതിരെയുണ്ട്. മാവോയിസ്റ്റ് സംഘടനകള്‍ക്ക് നഗരമേഖലകളില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ ഉസ്മാന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നതായാണ് എന്‍ഐഎയുടെ വാദം. അതേസമയം, ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.