വെള്ളിയാഴ്ച നേരം പുലരുന്നത് നല്ല വാർത്തയുമായിട്ടാകണെ എന്ന പ്രാർത്ഥനയോടും പ്രതീക്ഷയോടെയുമാണ് ഇന്നലെ കേരളം ഉറങ്ങിയത്. രാവിലെ എഴുന്നേറ്റ ഉടനെ കിടക്കയിൽ നിന്ന് തന്നെ ഫോണെടുത്ത് സോഷ്യൽമീഡിയയിലും വാര്‍ത്താസൈറ്റുകളിലും ആ ശുഭ വാർത്തക്കായി പരതുകയായിരുന്നു. അപ്പോഴും ആ കുഞ്ഞുമോളെ ഇതുവരെ കണ്ടെത്തിയില്ലെന്ന വാർത്തകളായിരുന്നു എല്ലായിടത്തും. ഒരു പ്രതീക്ഷ എല്ലാവരിലുമുണ്ടായിരുന്നു. കാരണം, സോഷ്യൽമീഡിയയും കേരളനാട് ഒന്നാകെ തന്നെയും കുട്ടിയെ കണ്ടെത്താനുള്ള ദൗത്യത്തിലായിരുന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ. എന്നാൽ രാവിലെ 7.30ഓടെ പ്രതീക്ഷകളെല്ലാം വിഫലമാക്കിക്കൊണ്ട് ആ നടുക്കുന്ന വാർത്തയെത്തി. കൊല്ലം പണ്ണിമൺ ഇളവൂരിൽ നിന്ന് വ്യാഴാഴ്ച രാവിലെ പത്തരയോടെ കാണാതായ ദേവനന്ദ എന്ന ആറുവയസുകാരിയുടെ ജീവനറ്റ ശരീരം വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്ന് കണ്ടെത്തി എന്ന ഫ്ലാഷ് ന്യൂസുകൾ. കേരളം ഒന്നാകെ കണ്ണീരണിഞ്ഞ നിമിഷം.
ഇളവൂർ എന്ന കൊച്ചുഗ്രാമം മാത്രമല്ല, കേരളമൊന്നാകെ ദേവനന്ദയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു വ്യാഴാഴ്ച മുഴുവൻ. കണ്ണനല്ലൂർ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനത്തിൽ പ്രദീപ് കുമാർ - ധന്യ ദമ്പതികളുടെ മകൾ പൊന്നു വിളിക്കുന്ന ദേവനന്ദയെയാണ് വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കെ ദുരൂഹ സാഹചര്യത്തിൽ വ്യാഴാഴ്ച രാവിലെ പത്തരയോടെ കാണാതായത്. കുഞ്ഞിനെ കാണാതായെന്ന വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. കേട്ടവരെല്ലാം ഓടിക്കൂടി. പരിസരവാസികളെല്ലാം ചേര്‍ന്ന് വീടും ചുറ്റുവട്ടവും അരിച്ചുപെറുക്കി. വീടിന്റെ മുന്‍ഭാഗത്തെ ഹാളിലിരുന്ന കുട്ടിയെ നിമിഷനേരംകൊണ്ട് കാണാതായെന്നത് കേട്ടവര്‍ക്കൊന്നും ആദ്യം വിശ്വസിക്കാനായില്ല.
വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവനന്ദ. ബുധനാഴ്ച നടന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് ദേവനന്ദ കൃഷ്ണവേഷംകെട്ടി നൃത്തം ചെയ്തിരുന്നു. പാട്ടിലും പഠനത്തിലും നൃത്തത്തിലും മിടുക്കിയായിരുന്നു. ബുധനാഴ്ച സ്‌കൂള്‍ വാര്‍ഷികമായതിനാല്‍ വ്യാഴാഴ്ച അവധിയായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും ജോലിക്ക് പുറത്തുപോയതോടെ അമ്മയും നാലുമാസം പ്രായമുള്ള സഹോദരനും മാത്രമായിരുന്നു വീട്ടില്‍. കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുന്‍വശത്തെ ഹാളില്‍ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേര്‍ന്നുള്ള അലക്കുകല്ലില്‍ തുണി അലക്കാന്‍ പോയത്. തുണി അലക്കുന്നതിനിടെ മകള്‍ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാല്‍ വീടിനകത്തേക്ക് പറഞ്ഞുവിട്ടു. വീടിനകത്തുനിന്ന് അയല്‍വീട്ടിലെ കൂട്ടുകാരിയുമായി സംസാരിക്കുന്നതും അമ്മ ധന്യ കേട്ടിരുന്നു.
Also Read- കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പിന്നീട് ദേവനന്ദയുടെ ശബ്ദമൊന്നും കേള്‍ക്കാതായപ്പോഴാണ് ധന്യ മുറിയിലെത്തിയത്. ചാരിയിരുന്ന മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. മകളെ കാണാതായതോടെ പേരുവിളിച്ച് തിരക്കിയെങ്കിലും മറുപടിയുണ്ടായില്ല. അയല്‍വീടുകളിലും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പരിസരവാസികളും ഉടനടി തിരച്ചിൽ ആരംഭിച്ചു. പൊലീസ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തി. സമീപത്തുള്ള ആറ്റിൽ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തി. ഒരു മണിക്കൂറിനകം തന്നെ വാട്സാപ്പിലൂടെയും മറ്റ് സോഷ്യൽ മീഡിയകളിലൂടെയും ദേവനന്ദയുടെ ചിത്രവും ഒപ്പം കാണാതായെന്ന സന്ദേശങ്ങളും പ്രചരിച്ചു. കേരളം ഒന്നാകെ ദേവനന്ദയുടെ ചിത്രങ്ങളും വാർത്തകളും ഷെയർ ചെയ്തു. കുട്ടിയെ കാണാതായ വിവരവും കണ്ടെത്താൻ സഹായിക്കമെന്ന അഭ്യർഥനയും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള ചലച്ചിത്രമേഖലയിലെ പ്രമുഖരെല്ലാം വിവരം പങ്കുവച്ചു. കുഞ്ഞിനെ രൂപംമാറ്റം വരുത്തിയാലും തിരിച്ചറിയാൻ സഹായിക്കുന്ന ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു.
കുട്ടിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചു. കാണാതാകുമ്പോൾ ഇരുണ്ട പച്ച പാന്റ്സും റോസ് ഷർട്ടുമാണു ധരിച്ചിരുന്നത്. ഇതിനൊപ്പം അമ്മ ധന്യയുടെ ഷാൾ ശരീരത്തിൽ ചുറ്റിയിരുന്നു. വൈകിട്ട് ഡോഗ് സ്ക്വാഡും ഫൊറൻസിക് സംഘവും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിനെ കാണാതായെന്ന വാർത്ത പരന്നതോടെ പൊലീസ് വാഹന പരിശോധന ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. രാത്രിയോടെ ബാലാവകാശ കമ്മീഷൻ സ്ഥലത്തെത്തി ബന്ധുക്കളുടെയും അമ്മ ധന്യയുടെയും മൊഴിയെടുത്തു. അന്വേഷണത്തിനും തിരച്ചിലിനുമായി പ്രത്യേക മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘത്തെയും നിയോഗിച്ചു.
Also Read- കാത്തിരിപ്പ് വിഫലമായി; ദേവനന്ദ ഇനി ഒരു കണ്ണീർച്ചിത്രം
ഇതിനിടെ, വിദേശത്തായിരുന്നു അച്ഛൻ പ്രദീപ് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തി. ഇന്ന് നേരംവെളുത്തതുമുതൽ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിൽ ഇത്തിക്കരയാറ്റിൽ പുനരാരംഭിച്ചു. കാണാതായ കുരുന്നിന് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇളവൂരും കേരളമൊട്ടാകെയും. അവര്‍ക്ക് മുന്നിലേയ്ക്കാണ് വെള്ളിയാഴ്ച രാവിലെ ദേവനന്ദയുടെ മരണ വാര്‍ത്ത എത്തുന്നത്. വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് രാവിലെ 7.30 ഓടെ പോലീസിലെ മുങ്ങല്‍ വിദഗ്ധര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടര്‍പ്പുകള്‍ക്ക് ഇടയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ആ കുഞ്ഞു ശരീരം.
ശുഭവാർത്തക്കായി കാത്തിരുന്നവരുടെ മുന്നിലേക്കാണ് ആ ദുരന്ത വാർത്ത എത്തിയത്. ഇളവൂർ എന്ന ഗ്രാമം മാത്രമല്ല, കേരളമൊന്നാകെ വിറങ്ങലിച്ചു ആ വാർത്ത കേട്ട്. ദേവനന്ദയുടെ ചിത്രം നെഞ്ചോട് ചേർത്തവർക്ക് ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ കണ്ടിരിക്കാനാവില്ലായിരുന്നു ആ വാർത്ത. പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്കെല്ലാം തീരാനോവ് സമ്മാനിച്ച് ഇത്തിക്കരയാറ്റിന്റെ ആഴങ്ങളിലേക്ക് അവൾ മാഞ്ഞുപോയി...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.