തിരുവനന്തപുരം: നിയമന വിവാദങ്ങളില്‍ കണക്കുനിരത്തി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ്യതകളില്ലാത്ത 5910 പേരെയാണ് യുഡിഎഫ് സര്‍ക്കാർ സ്ഥിരപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ തിരുത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്‌തതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. മുന്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കി. എന്നാല്‍, യോഗ്യതകള്‍ അടിസ്ഥാനമാക്കി മാത്രമാണ് എൽ ഡി എഫ് സര്‍ക്കാര്‍ സ്ഥിര നിയമനങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പി. എസ്. സി നിയമനം സുതാര്യമായാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള രീതി അനുസരിച്ച് സാധാരണ വരുന്ന ഒഴിവിന്റെ അഞ്ചിരട്ടി കണക്കാക്കിയാണ് പിഎസ്സി റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. ഇതുവഴി ലിസ്റ്റിലുള്ള എണ്‍പത് ശതമാനം പേര്‍ക്കും നിയമനം കിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക എന്ന് മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ചെയ്യാനുള്ളത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താല്കാലിക നിയമനം നടത്തുന്നത് വഴി പി എസ് സി ലിസ്റ്റിലുള്ളവരുടെ അവസരം ഇല്ലാതാകുമെന്ന പ്രചാരണം ശരിയല്ല. പത്ത് വര്‍ഷത്തോളമായി താല്കാലിക തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നിയമന അംഗീകാരം നല്‍കുന്നത്. പത്ത് വര്‍ഷം എന്ന് പറയുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രീയ പരിഗണന ഇഇല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. 20 വര്‍ഷമായി താല്കാലിക ജോലി ചെയ്യുന്നവര്‍ പോലും പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരിയില്‍ അവസാനിക്കുന്ന പി എസ് സി ലിസ്റ്റുകളുടെ എല്ലാം കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. ഏപ്രില്‍, മേയ് മാസങ്ങളില്‍ വരുന്ന ഒഴിവുകളില്‍ കൂടി അവസരം ലഭിക്കും. 47,000 തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം മാത്രം 1,57,911 പേര്‍ക്ക് നിയമനം നല്‍കി. 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത് 3113 മാത്രം ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read-
'മണ്ണെണ്ണക്കുപ്പിയുമായി യൂത്ത് കോൺഗ്രസുകാരെ സമരഭൂമിയിലേക്ക് നിയോഗിക്കുന്നത് ചെന്നിത്തലയും സംഘവും' - തോമസ് ഐസക്ക്
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ ആത്മഹത്യാശ്രമം നടത്തിയത് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തയാളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് പെരുവമ്ബ് സ്വദേശി റിജുവാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. റിജു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു എന്നും ഇടതുമുന്നണി ഇതിനോടകം ആരോപണം ഉന്നയിച്ചിരുന്നു.
വ്യാപകമായി പിന്‍വാതില്‍ നിയമനം നടത്തുന്നുവെന്നും റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നിരവധി പ്രതിഷേധ സമരങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരത്തിനിടെ സെക്രട്ടേറിയറ്റിനു സമീപമുള്ള മൂന്നു നില കെട്ടിടത്തിനു മുകളില്‍ കയറി ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. പൊലീസ്-ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ത്ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.