തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്. രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ എന്ന് കേരളം സംശയിക്കുന്നു അതാണ് ഗുരുതരമായ പ്രശ്നമെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. കുഴൽപ്പണ കേസ് അന്വേഷണവുമായയി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു വി.ഡി സതീശൻ.
"സ്വര്‍ണക്കടത്ത് അന്വേഷിച്ച എന്‍ഫോഴ്സ്മെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് കേസും അന്വേഷണം നിര്‍ത്തി. അതുപോലെ കൊടകര കേസ് അന്വേഷണവും അവസാനിപ്പിക്കുമോ. നിങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്. രണ്ട് കൂട്ടരും തമ്മില്‍ ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ എന്ന് കേരളം സംശയിക്കുന്നു അതാണ് ഗുരുതരമായ പ്രശ്നം. കുഴല്‍പ്പണക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നു. എത്ര തുകയാണ് കൊണ്ടുവന്നത്. ഒമ്പതര കോടിയെന്ന് വാര്‍ത്ത. ആറ് കോടി മറ്റ് ജില്ലയില്‍ പോയെന്ന് പറയുന്നു. എത്ര കോടി വണ്ടിയിലുണ്ടായിരുന്നു. എത്ര പണം കണ്ടെടുത്തു. ധര്‍മ്മരാജന്‍ 25 ലക്ഷം മാത്രം തട്ടിയെടുത്തെന്നാണ് പരാതി പറഞ്ഞത്. അറിയപ്പെടുന്ന സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇയാള്‍."- വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.
"അയാളുടെ കൈയില്‍ 25 ലക്ഷമല്ല ഉണ്ടായിരുന്നത്. മൂന്നരക്കോടി വണ്ടിയിലുണ്ടായിരുന്നു എന്ന് മൊഴികിട്ടിയിട്ടും അത് എവിടെ നിന്ന് വന്നു സോഴ്സ് ഉള്ളതാണോ എന്നിട്ട് അയാള്‍ പ്രതിയായോ. ധര്‍മ്മരാജനെ വിളിച്ച ഓഫീസ് സെക്രട്ടറി, സംഘടനാ സെക്രട്ടറി, മുറി ബുക്ക് ചെയ്തുകൊടുത്തവര്‍. പണം വരുന്നത് കാത്തുനിന്ന ആലപ്പുഴയിലെ ബിജെപി ട്രഷറര്‍. സംസ്ഥാന അധ്യക്ഷന്റെ സെക്രട്ടറി, ഡ്രൈവര്‍ ഇവരെയെല്ലാം ചോദ്യം ചെയ്തു. ബിജെപി പ്രസിഡന്റ് എന്നൊരു വാക്ക് പോലും ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി മറുപടിയില്‍ ശ്രദ്ധിച്ചു"
"കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞത് ഒരു ശ്മശാനത്തില്‍ വിമാനം വീണപ്പോള്‍ 2000 ശവശരീരങ്ങള്‍ കിട്ടി എന്നാണ്. ഈ രണ്ടായിരം ശവശരീരങ്ങളും വിമാനത്തിലുണ്ടായിരുന്നു എന്ന് പറയുന്നത് പോലെയാ. തുകയെക്കുറിച്ചാണ് ഈ പറയുന്നത്. തുക കൂടുതലാണ് എന്ന് പറയാന്‍ സമര്‍ഥിക്കുകയാണ്. പല വിമാനങ്ങള്‍ പല വിമാനത്താവളങ്ങളില്‍ ഇറങ്ങി. ഹെലിക്കോപ്ടറുകള്‍ ഇറങ്ങി. മറ്റ് വാഹനങ്ങള്‍ ഇറങ്ങി. എത്ര കോടി രൂപ ഈ തിരഞ്ഞെടുപ്പില്‍ ആളുകളെ സ്വീധീനിക്കുന്നതിനായി ചിലവഴിക്കപ്പെട്ടു. ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് കേരളത്തില്‍ ഇതുവരെ നടക്കാത്ത രീതിയില്‍ കുഴല്‍പ്പണം എത്തിച്ച സംഭവം നടന്നത്."
"പണത്തിന്റെ സോഴ്സ് അന്വേഷിക്കാന്‍ അവസരം ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിച്ചോ. എന്തുകൊണ്ടാണ് ആദായനികുതി വിഭാഗത്തെ അറിയിക്കാത്തത്. സെക്ഷന്‍ 54 എഫ് പ്രകാരം ഇത് സംസ്ഥാന പോലീസ് എന്‍ഫോഴ്സെമ്ന്റ് ഡയറക്ടറേറ്റിന് റഫര്‍ ചെയ്യേണ്ടേ. അഞ്ച് കോടിയില്‍ താഴെയായതുകൊണ്ട് ഞങ്ങള്‍ അന്വേഷിക്കണ്ട എന്നാണ് എന്‍ഫോഴ്സ്മെന്റ് പറയുന്നു. ഇത് അഞ്ച് കോടിയല്ല അതില്‍ കൂടുതലുണ്ട് എന്ന് പറഞ്ഞ് പോലീസിന് അവരോട് അന്വേഷിക്കാന്‍ ആവശ്യപ്പെടാം."- സതീശൻ പറഞ്ഞു.
സംസ്ഥാന സർക്കാരിന് എതിരായ കേന്ദ്ര ഏജൻസി അന്വേഷണത്തെ പിന്തുണച്ചത് യുഡിഎഫാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഒത്തു തീർപ്പ് വിദഗ്ധർ ആരാണെന്നു എല്ലാവർക്കും അറിയാം. തൊഗാഡിയ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്? എംജി കോളേജ് അക്രമ കേസ് ആരാണ് ഒത്തു തീർപ്പാക്കിയത്
ഒത്തു തീർപ്പിന്റെ പട്ടം നിങ്ങൾക്ക് തന്നെയാണ് ചേരുന്നത്. നിയമ വിജ്ഞാനം ബിജെപി യെ രക്ഷിക്കാൻ ആണ് ഉപയോഗിക്കുന്നത്. ഈ സർക്കാരോ മുന്നണിയോ എന്തെങ്കിലും ഒത്തുതീർപ്പ് നടത്തിയതായി അറിയുമെങ്കിൽ ഇപ്പോൾ തന്നെ പറയണം. ഒത്തു തീർപ്പ് വിവരം പോക്കറ്റിൽ ഉണ്ടെങ്കിൽ ഇപ്പോൾ പുറത്തു പറയാം അതിനായി കാത്തുനിൽക്കേണ്ടതില്ല.- മുഖ്യമന്ത്രി പറഞ്ഞു,
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kodakara money laundering case, Niyamasabha, Vd satheeasan