• HOME
  • »
  • NEWS
  • »
  • kerala
  • »
  • Silver Line പദ്ധതിക്കായുള്ള കല്ലിടൽ നിർത്തിയത് ജനങ്ങളുടെ വിജയം; പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

Silver Line പദ്ധതിക്കായുള്ള കല്ലിടൽ നിർത്തിയത് ജനങ്ങളുടെ വിജയം; പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വ്യക്തമായതും ഇത്തരത്തിലുള്ള തീരുമാനത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു.

വി മുരളീധരൻ

വി മുരളീധരൻ

  • Share this:
    തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളുടെ വിജയമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ജനകീയ പ്രതിരോധത്തിന് മുന്നില്‍  സർക്കാറിന് മുട്ടുമടക്കേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടി വരുമെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വ്യക്തമായതും ഇത്തരത്തിലുള്ള തീരുമാനത്തിന് കാരണമായതായി അദ്ദേഹം പറഞ്ഞു.

    അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ്  സർക്കാർ തീരുമാനം.  റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദേശം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

    സിൽവർലൈൻ പദ്ധതിക്കായി കെ- റെയിൽ കോർപറേഷൻ വിവിധ സ്ഥലങ്ങളിൽ കല്ലിടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. അതിർത്തി നിർണയത്തിനായി കല്ലിടുന്ന സ്ഥലങ്ങളി‍ൽ വൻതോതിൽ പ്രതിഷേധവും ചെറുത്തുനിൽപും ഉയരുന്നതിനാൽ ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ- റെയിൽ മാനേജിങ് ഡയറക്ടർ ഈ മാസം 5ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഔദ്യോഗിക കത്തയച്ചത്.

    പദ്ധതിയുടെ അലൈൻമെന്റ് നേരത്തെ ലിഡാർ സർവേ ഉപയോഗിച്ചു നിർണയിച്ചതാണെന്നും അതിനാൽ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിർത്തി നിർണയിക്കാമെന്നും കെ- റെയിൽ റവന്യു വകുപ്പിനെ അറിയിച്ചിരുന്നു. ജിയോ ടാഗിങ് സംവിധാനത്തോടെയുള്ള സോഫ്റ്റ്‌വെയർ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് അതിർത്തിനിർണയം നടത്താനും സ്ഥിരം നിർമിതികൾ ഇതിനായി ഉപയോഗിക്കരുതെന്നും റവന്യു വകുപ്പ് നിർദേശിച്ചിരിക്കുന്നത്.

    സാമൂഹിക ആഘാത പഠനം നടത്തുന്നവർ സ്ഥലം തിരിച്ചറിയാനും അലൈൻമെന്റ് മനസിലാക്കാനും ഡിഫറൻഷ്യൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (DGPS) സംവിധാനം ഉള്ള സർവേ ഉപകരണങ്ങളോ ജിപിഎസ് സംവിധാനം ഉള്ള മൊബൈൽ ഫോണോ ഉപയോഗിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലാൻഡ് റവന്യു കമ്മീഷണർമാർക്കും ഭൂമി ഏറ്റെടുക്കുന്ന ജില്ലകളിലെ കളക്ടർമാർക്കും നിർദേശങ്ങൾ‌ കൈമാറിയിട്ടുണ്ട്. റെയിൽവേ ബോർഡിൽ നിന്ന് അന്തിമ അനുമതി ലഭിക്കുമ്പോൾ മാത്രമേ 2013ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനുള്ള പ്രാഥമിക നോട്ടിഫിക്കേഷനും തുടർന്നു സർവേയും നടക്കുകയുള്ളുവെന്നും റവന്യു വകുപ്പിന്റെ കത്തിൽ വ്യക്തമാക്കുന്നു.
    Published by:Jayashankar Av
    First published: