വന്ദേഭാരത് വന്നു; കേരളത്തിലെ ദീർഘദൂര ട്രെയിനുകൾക്ക് 73 മിനിറ്റ് ലാഭം
- Published by:Rajesh V
- news18-malayalam
Last Updated:
എറണാകുളം- കോട്ടയം- കായംകുളം റൂട്ടിൽ 70 കി.മീ. വേഗ നിയന്ത്രണം 90 കി.മീ. ആക്കി ഉയർത്തി
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ എത്തിയത് കേരളത്തിൽ ഓടുന്ന മറ്റ് ദീർഘ ദൂര ട്രെയിനുകൾക്കും നേട്ടമാകും. വന്ദേഭാരതിന്റെ വേഗത കൂട്ടാൻ പാളം പുനഃക്രമീകരിച്ചതിലൂടെ ഒരു മണിക്കൂർ 13 മിനിറ്റ് സമയലാഭം മറ്റ് ട്രെയിനുകൾക്ക് ഉണ്ടാകും. എറണാകുളം- കോട്ടയം- കായംകുളം റൂട്ടിൽ 70 കി.മീ. വേഗ നിയന്ത്രണം 90 കി.മീ. ആക്കി ഉയർത്തി. ദീർഘദൂര ട്രെയിനുകൾക്കെല്ലാം ഇതിന്റെ മെച്ചം ലഭിക്കും.
ഷൊർണൂർ- എറണാകുളം സെക്ഷനിലെ ചില റെയിൽവേ സ്റ്റേഷനുകളിലെ ലൂപ്‌ലൈനിൽ വേഗം പത്തിൽനിന്നു 30 കി.മീ. ആയി ഉയർത്തിയതു വഴി 9 മിനിറ്റ് ലാഭിച്ചു. പ്രധാന പാളത്തിൽനിന്നു സ്റ്റേഷനിലേക്ക‌് തിരിഞ്ഞു കയറുന്ന പാതയാണ് ലൂപ്‌ലൈനുകൾ. കോട്ടയം- കായംകുളം റൂട്ടിൽ 21 മിനിറ്റും കായംകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ സ്റ്റേഷനുകളിൽ ലൂപ്‌ലൈനിൽ വേഗം കൂട്ടിയപ്പോൾ 27 മിനിറ്റും ലാഭിച്ചു. ലൂപ്‌ലൈനിൽ വേഗം കൂട്ടുന്നത് ദീർഘദൂര സർവീസുകൾക്കെല്ലാം ഗുണം ചെയ്യും. സ്റ്റേഷനുകളിൽ നിർത്താതെ പോകുന്ന ട്രെയിനുകൾ വേഗം കുറയ്ക്കേണ്ടിവരില്ലെന്നതാണ് ഗുണം.
advertisement
ഇനിയും പുനഃക്രമീകരണത്തിനു നിർദേശം നൽകിയിരിക്കുകയാണ് റെയിൽവേ. 30 കിലോമീറ്റർ വേഗനിയന്ത്രണമുള്ള ഭാഗങ്ങളിൽ വേഗം 60 ലേക്ക് ഉയർത്താൻ 2 കോടി രൂപ അടിയന്തരമായി അനുവദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 15, 2023 10:00 AM IST