പത്മഭൂഷൺ സാമൂഹികസത്യങ്ങൾ പച്ചയായി പറഞ്ഞതിനുള്ള അംഗീകാരം:വെള്ളാപ്പള്ളി
- Published by:Sneha Reghu
- news18-malayalam
Last Updated:
എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി എത്തിയിട്ട് 30 വർഷമായി
ആലപ്പുഴ: രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചതിൽ സവിനയം നന്ദി അറിയിക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ വലിയ അംഗീകാരം ശ്രീനാരായണ ഗുരുദേവന്റെ പാദങ്ങളിൽ സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം മാവേലിക്കര യൂണിയനിലെ ഈരേഴ തെക്ക് 6023-ാം നമ്പർ ശ്രീശാരദാ ശതാബ്ദിസ്മാരക ശാഖയിലെ ഗുരുക്ഷേത്രസമർപ്പണം നിർവഹിച്ചശേഷം വേദിയിലിരിക്കുമ്പോഴാണ് അദ്ദേഹം വിവരമറിഞ്ഞത്.
വാർത്തയറിഞ്ഞ നിമിഷം അദ്ദേഹം വികാരാധീനനാകുകയും കണ്ണ് നിറയുകയും ചെയ്തു. "ഈ പുരസ്‌കാരത്തിനായി താൻ ആരോടും ശുപാർശ നടത്തിയിട്ടില്ല. സാധാരണക്കാർ നൽകിയ പിൻബലമാണ് തന്റെ ശക്തി. സാമൂഹിക സത്യങ്ങൾ പച്ചയായി തുറന്നുപറഞ്ഞതിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്," വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പുരസ്‌കാരത്തിനായി വ്യക്തികൾ പിന്നാലെ പോകുന്നതിനെ എന്നും നിരുത്സാഹപ്പെടുത്തിയിട്ടുള്ള തനിക്ക്, കേന്ദ്രസർക്കാർ നൽകിയ ഈ പരിഗണനയിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ.ട്രസ്റ്റിന്റെയും നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി എത്തിയിട്ട് 30 വർഷമായി. ത്രിതല സംവിധാനത്തെ പഞ്ചതലമാക്കി മാറ്റിയത് അദ്ദേഹമാണ്. മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്കും കുടുംബ യൂണിറ്റുകൾക്കുമാണ് അദ്ദേഹം പുതുതായി രൂപംനൽകിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ 45-ൽ നിന്ന് നൂറിലധികമായും, യൂണിയനുകൾ 58-ൽ നിന്ന് 140-ലേക്കും വർദ്ധിച്ചു. ശാഖകൾ ഏഴായിരം കടന്നതിനൊപ്പം സംഘടനയെ ആഗോളതലത്തിൽ വളർത്താനും അദ്ദേഹത്തിന് സാധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
Jan 26, 2026 8:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്മഭൂഷൺ സാമൂഹികസത്യങ്ങൾ പച്ചയായി പറഞ്ഞതിനുള്ള അംഗീകാരം:വെള്ളാപ്പള്ളി




