കണ്ണൂര്‍: നാൽപ്പതിനായിരം രൂപ ചെലവാക്കി ഒരു കുഴൽക്കിണർ കുഴിച്ചപ്പോൾ ഇങ്ങനെയൊരു അത്ഭുതം ചന്ദ്രശേഖരൻ നായരും വീട്ടുകാരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. 2016 ഏപ്രിലിൽ കിണർ കുഴിച്ച അന്നുമുതൽ നിലയ്ക്കാത്ത ജലപ്രവാഹമാണ്. അന്നുമുതൽ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്കുള്ള കുടിവെള്ളശ്രോതസായി ചന്ദ്രശേഖരൻ നായരുടെ വീട് മാറി. കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിലെ പുരളിമല കൂവക്കരയിലാണ് ഈ അത്ഭുതപ്രതിഭാസം. കേരളകൌമുദിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
കുഴൽക്കിണർ കുഴിച്ചതിന് പിന്നാലെ വെള്ളം കിണറിനു ചുറ്റും പരന്നൊഴുകാന്‍ തുടങ്ങി. ആദ്യമൊന്നും കാര്യമെന്താണെന്ന് മനസിലായില്ല. റവന്യു അധികൃതരെയും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചു. വിശദമായ പരിശോധനയിൽ ഏറെ ഊറ്റുള്ള സ്ഥലത്താണ് കുഴൽക്കിണർ കുഴിച്ചതെന്ന് വ്യക്തമായി.ഈ ജലപ്രവാഹം വർഷങ്ങളോളം തുടരുമെന്നും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂമിക്കടിയില്‍ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ജലശേഖരത്തിലേക്കാവാം കിണര്‍ കുഴിച്ചെത്തിയതെന്നാണ് കരുതുന്നത്. അതേ രേഖയില്‍ മറ്റൊരു കിണര്‍ കുഴിച്ചാലും ഇതുപോലെ പ്രവാഹമുണ്ടാകാമെന്നും അവര്‍ പറഞ്ഞു. എത്ര കൊടുംവേനൽ ആണെങ്കിലും ഇവിടെ വെള്ളം പരന്നൊഴുകുന്നതിൽ ഒരു മാറ്റവുമില്ല.
ഇതോടെ ജലം പാഴാക്കാതിരിക്കാൻ ഹോസ് ഇട്ട് പ്രദേശവാസികൾ അവരവരുടെ വീടുകളിലേക്ക് വെള്ളം പിടിച്ചു. വർഷങ്ങൾ പിന്നിട്ടിട്ടും വെള്ളത്തിന്‍റെ പ്രവാഹം നിലയ്ക്കാതെ ആയതോടെ കുഴല്‍ക്കിണറിന് താഴെയായി വലിയൊരു ജല സംഭരണി നിര്‍മ്മിച്ചു. ഏകദേശം അമ്പതിനായിരം രൂപ ചിലവാക്കി നാട്ടുകാര്‍ തന്നെയാണ് ഈ ജലസംഭരണി നിർമിച്ചത്.
Also Read- ഒരുകോടി രൂപയുടെ ഭൂമി ആശാഭവനം നിർമിക്കാൻ വിട്ടുനൽകി 85 വയസ്സുകാരി
ഇവിടെനിന്ന് വലിയ പൈപ്പിലൂടെ വെള്ളം പുറത്തേക്ക് എടുത്തു. ഇതിൽനിന്ന് ചെറിയ ഹോസുകൾ വഴി പ്രദേശത്തെ വീട്ടുകാർ അവരവുടെ വീടുകളിലേക്ക് വെള്ളം കൊണ്ടുപോയി. ഈ കൂറ്റൻ സംഭരണിയില്‍ വന്ന് വെള്ളം കോരി കൊണ്ടു പോകുന്നവരും ഉണ്ട്.
വിവിധ സ്ഥലങ്ങളിൽനിന്ന് ഏഴ് വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകളാണ് ഈ അത്ഭുത ജലപ്രവാഹം കാണാന്‍ ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലെത്തിയത്. കുഴല്‍ക്കിണറും പരിസരവും ചന്ദ്രശേഖരന്‍ നായരുടെ മകന്‍ പ്രദീപന്‍ നിര്‍മ്മിച്ച ശില്പങ്ങളാലും ചെടികള്‍ നട്ടും മനോഹരമാക്കിയിട്ടുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.